'ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നാമെല്ലാവരും മരിച്ചവരായിരിക്കും., നിക്ഷേപകനു പണം പിന്‍വലിക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ പേരു പറയാമോ? മോദിയോട് മൻമോഹൻ സിംഗിന്റെ ചോദ്യം

മൂന്നുവര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണറും അഞ്ചുവര്‍ഷം ഇന്ത്യയുടെ ധനമന്ത്രിയും 10 വര്‍ഷം പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിങ് ഇന്നലെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനാണു ഞാന്‍ ഇവിടെ നില്‍ക്കുന്നത്. കള്ളപ്പണം തടയുന്നതിനും കള്ളനോട്ടുകളുടെ പ്രചാരം തടയുന്നതിനും ഭീകരരുടെ സാമ്ബത്തിക സ്രോതസ്സ് തടയുന്നതിനുമാണ് ഈ നടപടിയെന്നു പ്രധാനമന്ത്രി വാദിക്കുന്നു. ഈ ഉദ്ദേശ്യത്തോടു ഞാന്‍ വിയോജിക്കുന്നില്ല. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കാനുള്ള ഈ നടപടി നടപ്പാക്കുന്നതില്‍ വന്‍വീഴ്ചയുണ്ടായി എന്നതില്‍ രാജ്യത്തു രണ്ടഭിപ്രായമില്ല.

തല്‍ക്കാലത്തേക്കു ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യതാല്‍പര്യത്തിനു ഗുണകരമാണിതെന്നു വാദിക്കുന്നവരെ ജോണ്‍ കെയ്ന്‍സിന്റെ ഈ വാക്കുകള്‍ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, 'ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നാമെല്ലാവരും മരിച്ചവരായിരിക്കും.' അതുകൊണ്ട്, പ്രധാനമന്ത്രി ഒരൊറ്റ രാത്രിയില്‍ അടിച്ചേല്‍പ്പിച്ച ഈ തീരുമാനത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാരുടെ പ്രയാസങ്ങള്‍ പരിഗണിക്കേണ്ടതു സുപ്രധാനമാണ്. പൂര്‍ണ ഉത്തരവാദിത്തോടെ ഞാന്‍ പറയട്ടെ, ഈ നടപടിയുടെ അന്തിമഫലം എന്താണെന്നു നമുക്കാര്‍ക്കും അറിയില്ല. 50 ദിവസം ക്ഷമയോടെ കാത്തിരിക്കാന്‍ പ്രധാനമന്ത്രി പറയുന്നു. ശരിയാണ്, 50 ദിവസം ചെറിയൊരു കാലയളവാണ്.എന്നാല്‍ പാവപ്പെട്ടവരും അടിസ്ഥാന ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ പ്രയാസപ്പെടുന്നവരുമായ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഈ 50 ദിവസം ദുരിതങ്ങളുടെ പെരുമഴക്കാലമാണ്. അതുകൊണ്ടാണ്, 60-65 പേര്‍ ഈ നടപടിയെ തുടര്‍ന്നു മരണത്തിനു കീഴടങ്ങേണ്ടിവന്നത്. നമ്മുടെ കറന്‍സി, ബാങ്കിങ് സമ്ബ്രദായത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ബലഹീനമാകാനേ ഇപ്പോഴത്തെ നടപടി ഉപകരിച്ചിട്ടുള്ളൂ. ജനം ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു പറയാന്‍ പ്രധാനമന്ത്രിക്കു കഴിയുമോ എന്നറിയാന്‍ ആഗ്രഹിക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കെന്ന പേരിലുള്ള ഈ നടപടിയെ അപലപിക്കാന്‍ ഈ ഒരൊറ്റ കാര്യം മാത്രം മതിയെന്നു ഞാന്‍ കരുതുന്നു. സര്‍, ഒരുകാര്യം കൂടി വ്യക്തമാക്കട്ടെ. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ, ചെറുകിട വ്യവസായ രംഗത്തെ, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് ഈ നടപടി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇതുമൂലം രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നു ഞാന്‍ കരുതുന്നു. ഇത് ഏറ്റവും ലഘുവായ വിലയിരുത്തലാണ്. അതുകൊണ്ട്, സാധാരണക്കാര്‍ക്കുണ്ടാകുന്ന വിഷമതകള്‍ ലഘൂകരിച്ച്‌ ഈ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി രംഗത്തുവരണം.ദിനംപ്രതി നിയമഭേദഗതിയും പണം പിന്‍വലിക്കുന്നതു സംബന്ധിച്ച നിബന്ധനകളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുവരുന്നത് ആര്‍ക്കും നല്ലതല്ല. ഇതു പ്രതിഫലിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രിയുടെ ഓഫിസും റിസര്‍വ് ബാങ്കും എത്ര ശോച്യമായ നിലയിലാണെന്നാണ്. റിസര്‍വ് ബാങ്ക് ഇത്രയേറെ വിമര്‍ശന വിധേയമാകേണ്ടി വരുന്നതില്‍, ജനപക്ഷത്തു ന്യായീകരിക്കാവുന്നതാണെങ്കിലും, എനിക്ക് അതിയായ വിഷമമുണ്ട്. ഇക്കാര്യത്തില്‍ എനിക്കു കൂടുതല്‍ പറയാനില്ല.

സാധാരണ ജനങ്ങളുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രായോഗിക നടപടികളുയി മുന്നോട്ടുവരാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. നമ്മുടെ സമൂഹത്തിലെ 90% ആളുകളും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്നവരാണ് 55 ശതമാനവും. അവരെല്ലാം അതീവ ബുദ്ധിമുട്ടിലാണ്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേര്‍ക്കും പ്രയോജനകരമായിരുന്ന സഹകരണ ബാങ്ക് മേഖലയെ പണം കൈകാര്യം ചെയ്യുന്നതു വിലക്കിയതു മൂലമുള്ള ദുരിതത്തിനു കണക്കില്ല. ഈ പദ്ധതി നടപ്പാക്കിയതില്‍ വന്‍വീഴ്ചയുണ്ടായിരിക്കുന്നു.

സാധാരണക്കാരുടെ പേരുപറഞ്ഞു നിയമസാധുത അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു തികച്ചും സംഘടിതമായ കൊള്ളയാണ്. മറിച്ചാണെങ്കില്‍ അതു ദയവായി ബോധ്യപ്പെടുത്തൂ. സര്‍, ഞാന്‍ അവസാനിപ്പിക്കട്ടെ. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയല്ല എന്റെ ലക്ഷ്യം. ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രയാസങ്ങള്‍ കുറയ്ക്കാനുള്ള പ്രായോഗിക വഴികളുമായി പ്രധാനമന്ത്രി രംഗത്തുവരുമെന്ന് ആത്മാര്‍ഥമായി ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി.

Advertisement
Advertisement