'ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നീന്താന്‍ അറിയില്ല'; മരണത്തിന് തൊട്ടുമുമ്ബുള്ള കന്നഡ നടന്‍മാരുടെ അഭിമുഖം പുറത്ത്

ബംഗലൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് താരങ്ങള്‍ കൊല്ലപ്പെട്ടത് സുരക്ഷാവീഴ്ച്ച കാരണമാണെന്ന് വ്യക്തമാകുന്നു. കന്നടയിലെ പ്രമുഖ നടന്‍മാരായ അനിലും ഉദയും മുങ്ങി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തങ്ങള്‍ക്ക് നീന്തല്‍ അറിയില്ലെന്ന് പറയുന്ന വീഡിയോ പുറത്ത്. ഒരു സ്വകാര്യ ചാനലിന് ഷൂട്ടിംഗിനിടയില്‍ അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും തങ്ങള്‍ക്ക് നീന്തല്‍ അറിയില്ലെന്ന് വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററില്‍ നിന്ന് എടുത്ത് ചാടിയ താരങ്ങള്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്.

ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററില്‍ നിന്ന് താരങ്ങള്‍ തടാകത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ദുനിയാ വിജയ് നീന്തിരക്ഷപ്പെട്ടെങ്കിലും മറ്റ് രണ്ട് പേര്‍ മുങ്ങിമരിക്കുകയായിരുന്നു.

തനിക്ക് ചെറുതായിട്ട് മാത്രമേ നീന്തല്‍ അറിയുകയുള്ളുവെന്നും ഇത്രയും ഉയരത്തില്‍ നിന്ന് ആദ്യമായിട്ടാണ് ചാടുന്നതെന്നും അനില്‍ മരണത്തിന് മുമ്ബുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചെറിയ കിണറുകളില്‍ മാത്രമാണ് ഞാന്‍ നീന്തിയിട്ടുള്ളത്. കിണറിന് ചുറ്റുപാടി പടികള്‍ ഉള്ളത് കൊണ്ട് നീന്തല്‍ പ്രശ്നമല്ല. എന്നാല്‍ ഇത്രയും വലിയൊരു തടാകത്തില്‍ നീന്തുന്നതില്‍ പേടയുണ്ടെന്നും അനില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയില്ലെങ്കില്‍ കൂടുതല്‍ സമയം തനിക്ക് വെള്ളത്തില്‍ പൊങ്ങി നില്‍ക്കാന്‍ കഴിയില്ലെന്നും അനില്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. തനിക്കും നീന്തല്‍ അറിയില്ലെന്ന് ഉദയും പറയുന്നുണ്ട്.

താന്‍ ഇവിടെ വന്നത് സംഘട്ടനം ചെയ്യാനാണ്. ഞങ്ങള്‍ മൂന്നു പേരും ഹെലിക്കോപ്റ്ററില്‍ നിന്നും വെള്ളത്തിലേക്ക് ചാടും. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിലാണെന്നും ഉദയ് പറയുന്നുണ്ട്. തങ്ങള്‍ക്ക് നീന്തല്‍ അറിയില്ലെന്ന് പറഞ്ഞിട്ടും യാതൊരു സുരക്ഷാ മുന്‍കരുതലും കൂടാതെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണത്തിന് തയ്യാറായതെന്ന് ഈ അഭിമുഖത്തില്‍ നിന്ന് വ്യക്തമാണ്. ക്ലൈമാക്സ് ചിത്രീകരണത്തിന് മാത്രം ഒന്നര കോടിയോളം ചെലവാക്കുന്ന ചിത്രത്തിന് ജനശ്രദ്ധ കിട്ടാന്‍ ടെലിവിഷന്‍ ചാനലുകളേയും നിര്‍മാതാക്കള്‍ ചിത്രീകരണ സെറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. അപകടസാധ്യത ഏറെയുണ്ടായിരുന്ന രംഗം ചിത്രീകരിക്കുന്നിടത്ത് ഒരു ആംബുലന്‍സ് പോലും ഉണ്ടായിരുന്നില്ല എന്നതും നിര്‍മാതാക്കളുടെ അശ്രദ്ധ വ്യക്തമാക്കുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെയാണ് അനിലും ഉദയും അവതരിപ്പിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മസ്തിഗുഡിയുടെ നിര്‍മ്മാതാക്കളെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement
Advertisement