'ഒരു റാങ്ക് ഒരു പെന്‍ഷന്‍' സര്‍ക്കാറിന് വെല്ലുവിളി

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ക്കെതിരെ മുന്‍ സൈനികര്‍ മാസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭത്തിനിടെ നടന്ന ആത്മഹത്യ കേന്ദ്ര സര്‍ക്കാറിന് ആഘാതമാണ്. സൈനികക്ഷേമത്തിന് മുന്‍കാല സര്‍ക്കാറുകളേക്കാള്‍ ശ്രദ്ധിക്കുന്നുവെന്ന് വരുത്താനും യു.പിയില്‍ അടക്കം സൈനിക വോട്ടുബാങ്ക് പോക്കറ്റിലാക്കാനും പ്രത്യേക ശ്രമം നടത്തുന്നതിനിടയിലാണ് ദാരുണ സംഭവം.

അതിര്‍ത്തിയിലെ സൈനിക സാഹചര്യങ്ങളും മോശമാണ്. പ്രതിപക്ഷത്തിനാകട്ടെ, ഇത് സര്‍ക്കാറിനെ തുറന്നുകാട്ടാനുള്ള അവസരമായി. ഒരേ റാങ്കിലിരുന്ന് വിരമിച്ച, തുല്യ സേവനകാലമുള്ള മുന്‍സൈനികര്‍ക്ക് വിരമിക്കല്‍ തീയതി വിഷയമാക്കാതെ ഒരേ പെന്‍ഷന്‍ നല്‍കുന്നതാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍.

എ.കെ. ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഘട്ടത്തില്‍ നടപടി പൂര്‍ത്തിയാക്കാനായില്ല. 2015 സെപ്റ്റംബര്‍ ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.

എന്നാല്‍, നടപ്പാക്കിയതിലെ അപാകതമൂലം, താഴെതട്ടിലുള്ളവരേക്കാള്‍ കുറഞ്ഞ പെന്‍ഷനാണ് മുതിര്‍ന്നവര്‍ക്ക് കിട്ടുക എന്നതടക്കം നിരവധി പ്രശ്നങ്ങളുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമുക്ത ഭടന്മാര്‍ പ്രക്ഷോഭം തുടങ്ങിയത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിലെ അപാകത പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ പ്രതിരോധമന്ത്രിക്ക് അടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത് പരസ്യപ്പെടുത്തിയിട്ടില്ല.

വിമുക്ത ഭടന്മാര്‍ക്കു നല്‍കിയ വാഗ്ദാനം പാലിച്ച്‌ പദ്ധതിക്കായി 5500 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുന്‍ സൈനികന്‍െറ ആത്മഹത്യ.