'ബംഗാളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ''

ന്യൂഡല്‍ഹി > മമതാ ഭരണത്തിന്‍കീഴില്‍ ബംഗാളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും എം എ ബേബിയും പറഞ്ഞു. ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണ് ബംഗാളില്‍ അരങ്ങേറുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണ്. ജനങ്ങള്‍ സംഘടിതമായി ചെറുത്തുതുടങ്ങിയിട്ടുണ്ട്. ചെറുത്തുനില്‍പ്പിന്റെ തീവ്രത വരുംദിവസങ്ങളില്‍ വര്‍ധിക്കും. ഇടതുപക്ഷം ശക്തമായി തിരിച്ചുവരും- നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പശ്ചിമബംഗാളില്‍ ജനാധിപത്യം ഉപരോധത്തിലെന്ന തലക്കെട്ടോടെയുള്ള ലഘുലേഖ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പ്രകാശനം ചെയ്തു. ബംഗാളില്‍ 2011 മെയ് മുതല്‍ നടന്നുവരുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ലഘുലേഖയിലുള്ളത്. സംസ്ഥാനത്ത് ഈ കാലയളവില്‍ കൊല്ലപ്പെട്ട 183 ഇടതുപക്ഷ പ്രവര്‍ത്തകരുടെ പേരും വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബംഗാളില്‍ ഇടതുപക്ഷ അനുഭാവികളായ സ്ത്രീകള്‍ വ്യാപകമായി ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണെന്ന് ബൃന്ദ പറഞ്ഞു. ബലാത്സംഗം ചെയ്യുമെന്നും പെണ്‍മക്കളെ തട്ടിക്കൊണ്ടുപോകുമെന്നും ആണ്‍കുട്ടികളെ കൊലപ്പെടുത്തുമെന്നുമെല്ലാമുള്ള ഭീഷണികളെ സ്ത്രീകള്‍ ധീരമായി ചെറുക്കുന്നുണ്ട്. ഇടതുമുന്നണിക്ക് കൂടുതല്‍ വോട്ട് കിട്ടിയ മേഖലകളെല്ലാം ഭീഷണിയിലാണ്. ഗ്രാമങ്ങള്‍ മൊത്തത്തില്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ട്. ദളിതരും ന്യൂനപക്ഷങ്ങളും ആദിവാസികളുമാണ് കൂടുതലും ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നത്- ബൃന്ദ പറഞ്ഞു.

ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ബംഗാളില്‍ നിലനില്‍ക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ബംഗാളില്‍ ഇത്തരമൊരു അവസ്ഥ ആദ്യമല്ല. 1972ലെ വ്യാപകമായ ക്രമക്കേടുകള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിനുശേഷവും സമാനമായവിധം ആക്രമണമുണ്ടായി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. ശക്തമായ തിരിച്ചുവരവ് ഇടതുമുന്നണി നടത്തി. നിലവില്‍ ബലാത്സംഗം രാഷ്ട്രീയ ആയുധമാണ്. ബംഗാളിലെ പൊരുതുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കേരളത്തില്‍ സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വലിയ പാരമ്ബര്യമുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം നിര്‍ഭാഗ്യമാണ്- ബേബി പറഞ്ഞു.

Advertisement
Advertisement