തൂക്കി വിൽപ്പനയുമായി കേന്ദ്രം: 28 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും ; വിറ്റഴിക്കുന്നത്‌ സഹസ്രകോടി ആസ്‌തിയുള്ള സ്ഥാപനങ്ങൾ

 
പൊതുമേഖലാ സ്ഥാപനങ്ങൾ  കൂട്ടത്തോടെ  വിറ്റഴിക്കുമെന്ന്‌ കേന്ദ്രസർക്കാർ. 28 സ്ഥാപനങ്ങളുടെ ഓഹരികളാണ്‌ പൂർണമായും വിറ്റഴിക്കുക. ഇവ പൂർണമായും സ്വകാര്യവൽക്കരിക്കും  വിധമാകും ഓഹരിവിൽപ്പന. ഭൂസ്വത്തടക്കം സഹസ്രകോടികൾ ആസ്‌തിയുള്ളവയാണ്‌ പല സ്ഥാപനങ്ങളും.
 
 
സ്‌കൂട്ടേഴ്‌സ്‌ ഇന്ത്യക്ക്‌ ലഖ്‌നൗവിൽ 150 ഏക്കറുണ്ട്‌. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ്‌ കോർപറേഷന്‌ ഋഷികേശിൽ എണ്ണൂറ്‌ ഏക്കറിലേറെ. എയർഇന്ത്യക്കും ഐടിഡിസിക്കും വൻനഗരങ്ങളിലടക്കം കണ്ണായ സ്ഥലങ്ങളിൽ ഭൂമിയും ആസ്‌തിയുമുണ്ട്‌. ഓഹരിവിൽപ്പനയിലൂടെ ഈ ആസ്‌തികൾ സ്വകാര്യകരങ്ങളിലെത്തും.
രാജ്യസഭയിൽ കെ കെ രാഗേഷിന്‌ നൽകിയ മറുപടിയിൽ ധനസഹമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂറാണ്‌  28 സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയ്‌ക്ക്‌ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന്‌ അറിയിച്ചത്‌. താഴ്‌ന്ന പരിഗണനമാത്രം ആവശ്യമായ മേഖലകളിലെ സ്ഥാപനങ്ങളാണ്‌ ഈ പട്ടികയിലുള്ളത്‌. ഈ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ലാഭ–-നഷ്ട മാനദണ്ഡങ്ങൾ പരിഗണിച്ചിട്ടില്ല. മത്സരവിപണി നിലനിൽക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിവ.
 
ഇതിനുപുറമെ മഹാരത്‌ന–-മിനിരത്‌ന ശ്രേണിയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വമ്പൻ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിയും വിറ്റഴിക്കും.  ഇത്തരം സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന ഏതുരീതിയിലാകണമെന്ന ഉപദേശം തേടി ധനമന്ത്രാലയം നിതി ആയോഗിനെ സമീപിച്ചു. നടപ്പുസാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ്‌ മോഡി സർക്കാരിന്റെ ലക്ഷ്യം. അഞ്ചുവർഷംകൊണ്ട്‌ പൊതുമേഖലാ ഓഹരി വിറ്റ്‌ 3.25 ലക്ഷം കോടി രൂപ സ്വരൂപീക്കും. ഒന്നാം മോഡി സർക്കാരിന്റെ അഞ്ചുവർഷ ഭരണകാലയളവിൽ പൊതുമേഖലാ ഓഹരി വിറ്റ്‌ 2.80 ലക്ഷം കോടി രൂപ നേടിയിരുന്നു.
 
 
 
# വിറ്റഴിക്കുന്ന സ്ഥാപനങ്ങൾ
 
നാഷണൽ പ്രൊജക്ട്‌ കൺസ്‌ട്രക്‌ഷൻ കോർപറേഷൻ 
എൻജിനിയറിങ്‌ പ്രൊജക്ട്‌ ഇന്ത്യ
ബ്രിഡ്‌ജ്‌ ആൻഡ്‌ റൂഫ്‌ ഇന്ത്യ 
ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌
സ്‌കൂട്ടേഴ്‌സ്‌ ഇന്ത്യ
സെൻട്രൽ ഇലക്‌ട്രോണിക്സ്‌
ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌,
ഫെറോ സ്‌ക്രാപ്പ്‌ നിഗം
പവൻ ഹൻസ്‌
സിമന്റ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ
നഗർനർ സ്‌റ്റീൽ പ്ലാന്റ്‌
അലോയ്‌ സ്‌റ്റീൽ പ്ലാന്റ്
സേലം സ്‌റ്റീൽ പ്ലാന്റ്‌
എയർഇന്ത്യയും അഞ്ച്‌ ഉപസ്ഥാപനങ്ങളും ഒരു സംയുക്ത സംരംഭവും
ഡ്രെഡ്‌ജിങ്‌ കോർപറേഷൻ
എച്ച്‌എൽഎൽ ലൈഫ്‌കെയർ
ഇന്ത്യൻ മെഡിസിൻ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ കോർപറേഷൻ
കർണാടക ആന്റിബയോട്ടിക്‌സ്‌
കാംരജർ തുറമുഖം
ഐടിഡിസി
റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപറേഷൻ
ഹിന്ദുസ്ഥാൻ പെട്രോളിയം
 
 
 
 
 
 
 
 
Advertisement
Advertisement