ആൾക്കൂട്ട അതിക്രമം തടയൽ: 2018ലെ കോടതി വിധി നടപ്പാക്കുന്നതിൽ വീഴ്ച : കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക്‌ സുപ്രീം കോടതി നോട്ടീസ്‌ അയച്ചു

 
ആൾക്കൂട്ട അതിക്രമങ്ങൾ നിയന്ത്രിക്കാൻ 2018ൽ പുറപ്പെടുവിച്ച വിധി കർശനമായി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ നോട്ടീസയച്ചു. ആഭ്യന്തര മന്ത്രാലയത്തിനും ഉത്തർപ്രദേശ്‌, ജാർഖണ്ഡ്‌, ഗുജറാത്ത്‌, രാജസ്ഥാൻ, ബിഹാർ, അസം, മധ്യപ്രദേശ്‌, ജമ്മു കശ്‌മീർ, ഡൽഹി, ആന്ധ്രാപ്രദേശ്‌ സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമീഷനുമാണ്‌ നോട്ടീസ്‌.
 
സർക്കാരേതര സംഘടനയായ ഇന്ത്യാട്രസ്‌റ്റിന്റെ അഴിമതിവിരുദ്ധ വിഭാഗം സമർപ്പിച്ച ഹർജിയിലാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ. 2018 ജൂലൈയിൽ തെഹ്‌സീൻ പുണാവാലയുടെ പൊതുതാൽപ്പര്യ ഹർജിയിലാണ്‌ രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സുപ്രീംകോടതി വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്‌. ഒരുവർഷം പിന്നിട്ടും മിക്ക സംസ്ഥാനങ്ങളും ഇവ നടപ്പാക്കിയിട്ടില്ലെന്ന്‌ ഇന്ത്യാട്രസ്‌റ്റ്‌ ഹർജിയിൽ പറഞ്ഞു.
 
പല സംസ്ഥാനങ്ങളിലും ഗോസംരക്ഷണത്തിന്റെയും മറ്റും മറവിൽ ആൾക്കൂട്ട അതിക്രമങ്ങൾ ആവർത്തിക്കുകയാണ്‌. ഈ സാഹചര്യത്തിൽ ഉത്തരവ്‌ അടിയന്തിരമായി നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.  ഉത്തരവ്‌ കേന്ദ്ര,സംസ്ഥാനസർക്കാരുകൾ നടപ്പാക്കുന്നില്ലെന്ന  തെഹ്‌സീൻ പുണാവാലയുടെ കോടതിയലക്ഷ്യ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌.
 
 
Advertisement
Advertisement