യുപിഎ സർക്കാർ കർക്കശമാക്കിയ യുപിഎഎയിൽ ബിജെപി ചെയ്തത‌് ചില കൂട്ടിച്ചേർക്കലുകൾ മാത്രമെന്ന് അമിത‌് ഷാ ; സനാതൻ സൻസ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം, UAPA നിയമം BJP ദുരുപയോഗം ചെയ്യുമെന്നും എ എം ആരിഫ്'

 
 യുഎപിഎ നിയമം കർക്കശമാക്കി യുപിഎ ഭരണകാലത്താണ‌് ഭേദഗതികൾ കൊണ്ടുവന്നതെന്ന‌് കോൺഗ്രസിനെയും മുസ്ലിംലീഗിനെയും ഓർമപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത‌് ഷാ. ഭേദഗതികൾ കടുപ്പമേറിയതാണെന്ന വിമർശനങ്ങളോട‌് പ്രതികരിക്കുകയായിരുന്നു ഷാ.  യുപിഎ സർക്കാർ കൊണ്ടുവന്ന ഭേദഗതികളിൽ ചില കൂട്ടിച്ചേർക്കലുകൾ മാത്രമാണ‌് ഇപ്പോൾ ചെയ‌്തത‌്. ഭീകരതയ‌്ക്കെതിരെ കർശന നിയമം വേണമെന്നാണ‌് ബിജെപിയുടെ നിലപാട‌്. കോൺഗ്രസ‌് ഭരണപക്ഷത്തായിരുന്നപ്പോൾ നിയമം കർക്കശമാക്കി. ചിദംബരമായിരുന്നു അപ്പോൾ ആഭ്യന്തരമന്ത്രി.
 
നിയമം ദുരുപയോഗിക്കപ്പെടുമെന്നും വ്യവസ്ഥകൾ കർക്കശമാണെന്നും കോൺഗ്രസ‌ിന‌് അപ്പോൾ അഭിപ്രായമില്ലായിരുന്നു. 2004 ലും 2008 ലും 2013 ലും കോൺഗ്രസ‌് യുഎപിഎ ഭേദഗതി കൊണ്ടുവന്നു. ബില്ലിലെ വ്യവസ്ഥകൾ ഫെഡറൽ തത്വങ്ങൾക്ക‌് വിരുദ്ധമാണെങ്കിൽ യുപിഎയും കോൺഗ്രസുമാണ‌് ഉത്തരവാദി. റിമാൻഡ‌് കാലാവധി 14ൽ നിന്ന‌് 30 ആക്കിയതും  ചിദംബരമാണ‌്–- ഷാ പറഞ്ഞു. 
യുപിഎ കാലത്ത‌് യുഎപിഎ നിയമം കരിനിയമത്തിന‌് തുല്യമാക്കിയ ഭേദഗതികൾക്ക‌് കൂട്ടുനിന്ന മുസ്ലിംലീഗ‌് പുതിയ ഭേദഗതി നിർദേശങ്ങളെ എതിർത്തു. ബിൽ പിൻവലിക്കണമെന്നും യുഎപിഎ നിയമം ദുർബലപ്പെടുത്തണമെന്നും ഇ ടി മുഹമ്മദ‌് ബഷീർ ചർച്ചയിൽ പറഞ്ഞു.
 
ഭേദഗതിനിർദേശങ്ങളെ എതിർത്ത എ എം ആരിഫ‌് നിരപരാധികളെയും രാഷ്ട്രീയ എതിരാളികളെയും സാമൂഹ്യപ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും മറ്റും ഭീകരവാദികളായി മുദ്രകുത്തി തുറുങ്കിലടയ‌്ക്കാനാണ‌് വ്യവസ്ഥകൾ ഉപയോഗപ്പെടുത്തുന്നതെന്ന‌് പറഞ്ഞു. ന്യൂനപക്ഷങ്ങളെയും ദളിതരെയും യുഎപിഎ നിയമം ഉപയോഗപ്പെടുത്തി വേട്ടയാടുന്ന സർക്കാർ ഹിന്ദു തീവ്രവാദികളെ വെള്ളപൂശുന്നു. കലബുർഗിയെയും പൻസാരെയും ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയത‌് സനാതൻ സസ‌്തയുടെ പ്രവർത്തകരാണ‌്. ഈ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം–- ആരിഫ‌് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
Advertisement
Advertisement