ഗോവയിലെ കോൺഗ്രസിനെയും BJP വിഴുങ്ങി ; പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കർ അടക്കം 10 MLA മാർ BJP യിൽ ചേർന്നു

ശമനമില്ലാത്ത കൊഴിഞ്ഞു പോക്ക്. കർണാടകത്തിലെ രാഷ‌്ട്രീയ പ്രതിസന്ധിക്കിടെ അയൽ സംസ്ഥാനമായ ഗോവയിൽ കോൺഗ്രസ‌് എംഎൽഎമാരുടെ കൂട്ടരാജി. പ്രതിപക്ഷ നേതാവുൾപ്പെടെ  10 കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇതുസംബന്ധിച്ച‌് കോൺഗ്രസ‌് എംഎൽമാർ സ‌്പീക്കർക്ക‌് കത്തുനൽകി. 40 അംഗ ഗോവ നിയമസഭയിൽ 15 അംഗങ്ങളാണ‌് കോൺഗ്രസിനുള്ളത‌്. ഇതിൽ 10 പേരും പാർടിമാറിയതോടെ കൂറുമാറ്റം ബാധകമാവില്ല.
 
പ്രതിപക്ഷ നേതാവ‌് ചന്ദ്രകാന്ത‌് കവ‌്‌ലേക്കറുടെ നേതൃത്വത്തിലാണ‌് എംഎൽഎമാർ ബിജെപിയിൽ ചേരുന്നത‌് സംബന്ധിച്ച‌്  ബുധനാഴ‌്ച സ്പീക്കർ രാജേഷ‌് പട‌്നേക്കറിന‌്  കത്ത‌് നൽകിയത‌്.
 
മുഖ്യമന്ത്രി പ്രമോദ‌് സാവന്തും ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബായും ഇവർക്കൊപ്പമുണ്ടായിരുന്നു.  ബിജെപിയിൽ ചേരാൻ കോൺഗ്രസ‌് എംഎൽഎമാർ ഉപാധിവച്ചിട്ടില്ല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ‌് ഇപ്പോൾ അഞ്ചംഗങ്ങളിലേക്ക‌് ചുരുങ്ങി.ബുധനാഴ‌്ച രാത്രി 9.40 ഓടെയാണ‌് ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബാ എംഎൽഎമാരുടെ രാജിക്കാര്യം പ്രഖ്യാപിച്ചത‌്. അത്തനാസിയോ മൊൺസെരാറ്റേ, ജെനിഫർ മൊൺസെരാറ്റേ, ഫ്രാൻസിസ‌് സിൽവെയ്‌ര, ഫിലിപ്പ‌് നെർവി, ക്ലിയോഫാസിയോ ഡയസ‌്, വിൽഫ്രഡ‌് ഡിസൂസ, നീൽകാന്ത‌് ഹലരൻകർ, ഇസിദോർ ഫെർണാണ്ടസ‌്,അന്റോണിയോ ഫെർണാണ്ടസ‌് എന്നിവരാണ‌് രാജിവച്ചത‌്.
 
കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത‌് ഷായുമായി രാജിവച്ച എംഎൽഎമാർ വ്യാഴാഴ‌്ച കൂടിക്കാഴ‌്ച നടത്തും. ഇതിനായി ഇവർ ബുധനാഴ‌്ച രാത്രി വൈകി ഡൽഹിക്കുതിരിച്ചു. ഗോവ നിയമസഭയിൽ 17 എംഎൽഎമാരുള്ള ബിജെപിയാണ‌് ഏറ്റവും വലിയ ഒറ്റക്കക്ഷി.  ഗോവ ഫോർവേഡ‌് പാർടിയുടെയും മൂന്ന‌് സ്വതന്ത്രരുടെയും പിന്തുണയിലാണ‌് ബിജെപി ഭരിക്കുന്നത‌്.
 
10 കോൺഗ്രസ‌് എംഎൽഎമാർ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27 ആകും. എൻസിപി–- രണ്ട‌്, ജിഎഫ‌്പി–- മൂന്ന‌്, എംജിപി–- ഒന്ന‌്, സ്വതന്ത്രർ രണ്ട‌് എന്നിങ്ങനെയാണ‌് കക്ഷിനില.  മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ അന്തരിച്ചതിനെത്തുടർന്ന‌് മാർച്ചിലാണ‌് സ‌്പീക്കറായിരുന്ന പ്രമോദ‌് സാവന്ത‌് മുഖ്യമന്ത്രിയായി ചുമതലയേറ്റത‌്‌.
 
 
 
Advertisement
Advertisement