കേന്ദ്ര സർക്കാർ ഫണ്ടനുവദിക്കുന്നില്ല ; ദേശീയ കുടുംബക്ഷേമപദ്ധതി അനിശ്ചിതത്വത്തില്‍ : എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുമുള്ള വിഹിതം വെട്ടിക്കുറച്ചു

 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ പ്രധാന വരുമാനക്കാരനായ വ്യക്തി മരിച്ചാല്‍ ആശ്രിതര്‍ക്കു നല്‍കി വന്ന ധനസഹായം കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി അനിശ്ചിതത്വത്തില്‍. അത്തരം കുടുംബങ്ങള്‍ക്ക് ദേശീയ കുടുബക്ഷേമപദ്ധതി പ്രകാരം 20,000 രൂപയാണ് ധനസഹായമായി നല്‍കിയിരുന്നത്.
 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുബങ്ങളിലെ മുഖ്യ വരുമാനമുള്ള വ്യക്തി മരണമടഞ്ഞാല്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍, അച്ഛനമ്മമാര്‍ ഇങ്ങനെ മരിച്ചയാളെ ആശ്രയിച്ചു കഴിയുന്നവരാരോ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീമില്‍ ഉള്‍പ്പെട്ട പദ്ധതി പ്രകാരമാണ് തുക നല്‍കിയിരുന്നത്. രണ്ടു വര്‍ഷത്തിലേറെയായി കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാല്‍ അപേക്ഷകര്‍ക്ക് സഹായം നല്‍കാനാവുന്നില്ല. സഹായം തേടിക്കൊണ്ടുള്ള അനേകം അപേക്ഷകളാണ് സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്.
 
ഇതിനിടെ,രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായി അടുത്ത കാലത്ത്, അതും ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി തീരെ ചെറിയ തുക പദ്ധതിയിലേക്കായി താലൂക്ക് ഓഫീസുകളിലെത്തി.അതാകട്ടെ, പാസാക്കിയിട്ടുള്ളതും കെട്ടിക്കിടക്കുന്നതുമായ അപേക്ഷകളുടെ അഞ്ചു ശതമാനത്തിനു പോലും വീതിച്ചു നല്‍കാന്‍ കഴിയാത്ത വിധം നാമമാത്രമായിരുന്നുവെന്ന് ചില തഹസില്‍ദാര്‍മാര്‍ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ട് ആയിരക്കണക്കായ ഈ വിഭാഗം അപേക്ഷകരെ കയ്യിലെടുക്കാനുള്ള കേന്ദ്രത്തിന്റെ ചെപ്പടിവിദ്യയായിരുന്നു അത്.
 
സംസ്ഥാനസാമൂഹിക നീതി വകുപ്പ് നടപ്പാക്കിയിരുന്ന പദ്ധതി കുറച്ചു നാളുകള്‍ക്കു മുമ്പ് റവന്യു വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. അപേക്ഷകള്‍ സത്വരമായി പരിഗണിക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ വഴി റവന്യു വകുപ്പ് നടപടികള്‍ക്കു തുടക്കമിട്ടെങ്കിലും പദ്ധതിക്കു നല്‍കി വന്ന ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അകാരണമായി അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് കാര്യങ്ങള്‍ മുമ്പോട്ട് നീങ്ങാനാവാത്ത സ്ഥിതിയിലെത്തുകയായിരുന്നു. കൊട്ടിഘോഷിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കാതെ അനിഷ്ടമുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ മനോഭാവം പുതിയതൊന്നുമല്ല.
 
സമഗ്ര ശിക്ഷ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍എംഎസ്എ) ലയിപ്പിച്ചു രൂപവത്കരിച്ച ‘സമഗ്ര ശിക്ഷ’ പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ച് നേരത്തേ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കത്തെഴുതിയെങ്കിലും കേന്ദ്രത്തിനു കുലുക്കമുണ്ടായില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രസ്തുത പദ്ധതിക്കു വിഹിതം വര്‍ധിപ്പിച്ചപ്പോള്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും മാത്രം വിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു. 2018ല്‍ 1941 കോടി രൂപയുടെ പദ്ധതിയാണ് കേരളം സമര്‍പ്പിച്ചത്. പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് അംഗീകരിച്ചത് 739 കോടിയുടെ പദ്ധതി.ഇതിന്റെ 60 ശതമാനം നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ടെങ്കിലും അനുവദിച്ചത് 206 കോടി മാത്രം.അതില്‍ത്തന്നെ കേരളത്തിനു കൈമാറിയത് 150 കോടിയും. മുന്‍ വര്‍ഷം ഇതിനെക്കാള്‍ വലിയ ദ്രോഹമാണ് സംസ്ഥാനത്തോടു കാണിച്ചത്. അനുവദിച്ചത് 169 കോടി മാത്രം.2018ല്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ തുക അനുവദിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായം.
 
 
 
 
 
 
 
 
Advertisement
Advertisement