ബംഗാളിൽ സിപിഐ എം പ്രവർത്തകൻ രാജൂ ഹൾ ദാറിനെ തൃണമൂലുകാർ വെട്ടിക്കൊന്നു

 
ബംഗാളിൽ സിപിഐ എം  പ്രവർത്തകനെ തൃണമൂലുകാർ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട്‌ ക്രൂരമായി വെട്ടിക്കൊന്നു. ചെറുക്കാൻ ശ്രമിച്ച അഞ്ച്‌ ബന്ധുക്കൾക്ക്‌ പരിക്കേറ്റു. ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ മധുരാപ്പുരിൽ രാജൂ ഹൾദാറാ (27)ണ് കൊല്ലപ്പെട്ടത്. ഓട്ടോ  തൊഴിലാളിയായ ഹാൾദാർ വ്യാഴാഴ്‌ച വൈകിട്ട‌് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ 30 പേരുള്ള തൃണമൂൽ അക്രമി സംഘം ആയുധങ്ങളുമായി  തള്ളിക്കയറുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഹൾദാറുടെ അച്ഛൻ അബ്ദുൾ കാഹാർ  ഹൾദാർക്കും അമ്മയ്ക്കും  മൂന്ന് സഹോദരിമാർക്കുമാണ‌് പരിക്കേറ്റത‌്. 
 
അയൽക്കാരെയും അക്രമികൾ ഭീഷണിപ്പെടുത്തി. പരിക്കേറ്റ കുടുംബാംഗങ്ങളെ  മധുരാപ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസംമുമ്പ് മറ്റൊരു സിപിഐ എം പ്രവർത്തകനെയും ഇതേ സ്ഥലത്ത് തൃണമൂലുകാർ കൊലപ്പെടുത്തിയിരുന്നു. തൃണമൂൽ അക്രമം അവസാനിപ്പിക്കണമെന്നും കൊലപാതകികളെ ഉടൻ അറസ്റ്റ‌് ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
 
വെള്ളിയാഴ്ച ഉത്തര 24 പർഗാനാസ് ജില്ലയിലെ ബാരാസാത്തിൽ സിപിഐ എം പ്രവർത്തകർക്കുനേരെ തൃണമൂൽ നടത്തിയ അക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. 
 
തൃണമൂൽ അക്രമത്തിൽ വീട‌് വിട്ടുപോകേണ്ടിവന്ന പാർടി പ്രവർത്തകർ തിരിച്ച‌് എത്തിയതിനെത്തുടർന്നാണ് വീണ്ടും അക്രമം നടന്നത്.
 
 
 
 
Advertisement
Advertisement