ആന്ധ്രയിൽ 5 ഉപമുഖ്യമന്ത്രിമാർ : ദലിത്- ആദിവാസി - പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങളെ തൃപ‌്തിപ്പെടുത്താൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ തന്ത്രം

 
വിവിധ സമുദായ സംഘടനകളെ തൃപ‌്തിപ്പെടുത്തുന്നതിനായി അഞ്ച‌് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച‌് ആന്ധ്രപ്രദേശ‌് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.  ചരിത്രത്തിലാദ്യമായാണ‌് ഒരു ഇന്ത്യൻ സംസ്ഥാനത്ത്‌ മന്ത്രിസഭയിൽ അഞ്ച‌ുപേർക്ക‌് ഉപമുഖ്യമന്ത്രി പദവി നൽകുന്നത‌്. എസ‌്സി, എസ‌്ടി, പിന്നോക്ക വിഭാഗം, ന്യൂനപക്ഷവിഭാഗം, കാപ്പൂ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരാണ‌് ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കുന്നത‌്. ഇവര്‍ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 
 
എല്ലാ സമുദായങ്ങളിൽനിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പിക്കാനാണ‌് ഇത്തരത്തിൽ ഒരു തീരുമാനം എന്ന‌് ജഗന്‍ മോഹൻ റെഡ്ഡി വ്യക്തമാക്കി. വെള്ളിയാഴ്ച വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിലാണ‌് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി  തീരുമാനം പ്രഖ്യാപിച്ചത‌്.നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നോക്കവിഭാഗത്തിലും കാപ്പൂ സമുദായത്തിലുംപെട്ടവരായിരുന്നു അന്ന് ഉപമുഖ്യമന്ത്രിമാരായത്.
 
ഇക്കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 175ൽ 151 സീറ്റിലും വിജയിച്ചാണ‌് വൈഎസ‌്ആർ കോൺഗ്രസ‌് അധികാരത്തിലെത്തിയത‌്.  എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ‌്ചവയ‌്ക്കുക എന്ന ലക്ഷ്യമാണ‌് സർക്കാരിനുള്ളതെന്നും ഒരു വർഷത്തിനകം   ഭരണമികവിൽ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റുകയാണ്‌ ലക്ഷ്യമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
 
 
 
Advertisement
Advertisement