ബംഗാളിലെ തൃണമൂല്‍ - ബിജെപി അക്രമം : അമിത് ഷായ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ കേസെടുത്തു

കൊല്‍ക്കത്തയില്‍ റോഡ്‌ഷോയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ബംഗാള്‍ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തിന് കാരണം തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച അമിത്ഷാ നടപടിയെടുക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ചു. അതേസമയം, സംഘര്‍ഷത്തിനിടെ സാമൂഹ്യപരിഷ്‌കര്‍ത്താവ് ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകര്‍ ആണെന്നാരോപിച്ചുള്ള ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

വിദ്യാസാഗര്‍ കോളജില്‍ സ്ഥാപിച്ചിരുന്ന സാമൂഹ്യപരിഷ്‌കര്‍ത്താവ് ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ റാലിക്കിടെ തകര്‍ത്തിരുന്നു. ഇതിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയിന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

അതേസമയം, സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് അമിത് ഷാ ആരോപിച്ചു. കോളജിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിലായിരുന്നുവെന്നും തെളിയിക്കുന്ന ചിത്രങ്ങള്‍ അമിത്ഷായും പുറത്തുവിട്ടു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഭീഷണിമുഴക്കിയിട്ടും മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.

Advertisement
Advertisement