ബഗുസരായിയിലെ പോരാട്ടം ബിജെപിക്കെതിരെ ; കനയ്യകുമാര്‍ തരംഗമാകുന്നു

ബഗുസരായിയിലെ സ്ഥാനാര്‍ഥി എന്ന നിലയില്‍ ജനങ്ങളില്‍നിന്നുള്ള പ്രതികരണം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കനയ്യകുമാര്‍. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വാഭാവികമായി ലഭിക്കുന്ന സ്വീകാര്യത മാറ്റിനിര്‍ത്തിയാലും വളരെ തനിമയുള്ള പിന്തുണ പ്രകടമാണ്. ജനങ്ങള്‍ സ്വമേധയാ ഇറങ്ങിവന്ന് പിന്തുണ അറിയിക്കാനെത്തുന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ലഭിക്കുന്ന ഈ അനുകൂല പ്രതികരണം ബഗുസരായില്‍ ഞങ്ങള്‍ വളരെ മുന്നിലാണെന്ന് തെളിയിക്കുന്നതായി പ്രചാരണത്തിനിടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുകൂടിയായ കനയ്യകുമാര്‍ ' പറഞ്ഞു.

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതുന്നവര്‍ക്കൊപ്പം ജനങ്ങള്‍ നിലയുറപ്പിക്കും. ജെഎന്‍യുവില്‍ ഞങ്ങള്‍ക്കു മുമ്പില്‍ രണ്ടുവഴിയുണ്ടായിരുന്നു. കീഴടങ്ങുക, അല്ലെങ്കില്‍ പോരാടുക. ഞങ്ങള്‍ തെരഞ്ഞെടുത്തത് പോരാട്ടമാണ്. ആ പോരാട്ടത്തെ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ഈ ജനതയും കീഴടങ്ങാന്‍ ഒരുക്കമല്ല. അതിനെ ഞങ്ങള്‍ മാനിക്കുന്നു എന്നതാണ് സുപ്രധാന സന്ദേശം. നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പട്ടിണിയില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും മനുവാദത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യമാണ് രാജ്യത്താകെ മുഴങ്ങുന്നത്. പൊരുതാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും അത് സംരക്ഷിക്കണമെന്നും ബഗുസരായിയും ആവശ്യപ്പെടുന്നു. ഭരണഘടനയെപ്പോലും വെല്ലുവിളിച്ച നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ പോരാട്ടമാണ് ബഗുസരായിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെന്ന നിലയില്‍ സജീവമാക്കുന്നത്.

പോരാട്ടം ബിജെപിക്കെതിരാണ്. ബഗുസരായിയിലെ ജനങ്ങള്‍ക്ക് എന്റെ വിശ്വാസ്യതയില്‍ സംശയമില്ല. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ ആത്മാര്‍ഥത തിരിച്ചറിഞ്ഞവരാണവര്‍. ജനങ്ങളെ ഒരുതരത്തിലും മാനിക്കാത്ത പ്രവര്‍ത്തനശൈലിയാണ് ബിജെപി ഒന്നടങ്കം പുലര്‍ത്തുന്നത്. വിദ്വേഷവും ധ്രുവീകരണവുമാണ് അവരുടെ ആശയം. ചില പ്രത്യേക വിഭാഗങ്ങളില്‍നിന്ന് വോട്ട് ഉറപ്പാക്കാന്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടുകയാണ് അവരുടെ ലക്ഷ്യം. അതുവഴി തെരഞ്ഞെടുപ്പുകള്‍ ജയിക്കുക, സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ നിറയ്ക്കുക എന്നതുമാത്രമാണ് പ്രവര്‍ത്തനപദ്ധതി.

നവാഡയ്ക്കു സമാനമായി ബഗുസരായിലെ ബാല്ലിയ, റൊസേര, പട്ടേല്‍ ചൗക്ക്, ബത്തൗലി തുടങ്ങിയ മേഖലകളിലുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങളെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടലില്‍ ചെറുത്തുതോല്‍പ്പിക്കാനായി. ഇടതുപക്ഷം വര്‍ഗീയ ധ്രുവീകരണം തടയും എന്നതുതന്നെയാണ് എല്ലാ വര്‍ഗീയവാദികളെയും അസ്വസ്ഥരാക്കുന്നത്. ഭരണവിരുദ്ധവികാരത്തെ വര്‍ഗീയ ധ്രുവീകരണത്തിലൂടെയും കലാപശ്രമത്തിലൂടെയും മറികടക്കാനാണ് ബിജെപി എല്ലായിടത്തെയുംപോലെ ബിഹാറിലും ശ്രമിക്കുന്നത്.

ബിജെപിക്കെതിരെയാണ് മത്സരിക്കുന്നതെന്നാണ് എല്ലാ പ്രതിപക്ഷ പാര്‍ടികളും പറയുന്നത്. എന്നാല്‍, പലരുടെയും പ്രഖ്യാപനങ്ങളില്‍ ആ ഗൗരവമില്ലായ്മ പ്രകടമാണ്. ബിജെപിക്കെതിരെ സംയുക്ത സഖ്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ചിലര്‍ വന്നു. ജെഎന്‍യുവില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹല റാഷിദ്, നടി സ്വര ഭാസ്‌കര്‍, സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ്, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എംഎല്‍എ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയെന്നും കനയ്യകുമാര്‍ പറഞ്ഞു.Advertisement
Advertisement