കടക്കെണിയിലായ പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മോഡി ഭരണത്തില്‍ വന്‍കിടക്കാരുടെ 5.5 ലക്ഷം കോടി കിട്ടാക്കടം എഴുതി തള്ളി

മോഡി ഭരണത്തിന്റെ അഞ്ചുവര്‍ഷ കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 555603 കോടി രൂപയുടെ കിട്ടാക്കടം. പത്തുവര്‍ഷത്തിനിടെ ബാങ്കുകള്‍ ഏഴുലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയ കിട്ടാക്കടം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ്വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള അഞ്ചുവര്‍ഷ കാലയളവില്‍ 1.43 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. മോഡിയുടെ കാലയളവില്‍ ഒരു വര്‍ഷം ശരാശരി 1.12 ലക്ഷം കോടി രൂപ എഴുതിത്തള്ളി. 2016--17 സാമ്പത്തികവര്‍ഷം 1.08 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകള്‍ ഉപേക്ഷിച്ചു. 2017--18 ല്‍ 1.62 ലക്ഷം കോടിയും 2018--19 വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ 82799 കോടി രൂപയും ബാങ്കുകള്‍ ബാലന്‍സ് ഷീറ്റില്‍ നിന്ന് നീക്കി. 2018 ഒക്ടോബര്‍-- ഡിസംബര്‍ കാലയളവില്‍ 64000 കോടി രൂപയുടെ കിട്ടാക്കടം വേണ്ടെന്നുവെച്ചു. 2018--19 വര്‍ഷത്തില്‍ ഒമ്പതുമാസത്തില്‍ മാത്രം 1.47 ലക്ഷം കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളി.

കടം വന്‍കിട കോര്‍പറേറ്റുകളുടേത്
ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്നത് വ്യക്തമല്ല. കിട്ടാക്കടത്തില്‍ നല്ലൊരു പങ്കും വന്‍കിട കോര്‍പ്പറേറ്റുകളുടേതാണെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു. കിട്ടാക്കടം എഴുതിത്തള്ളിയാല്‍ തിരിച്ചുപിടിക്കലിനുള്ള എല്ലാ സാധ്യതയും അടയും. ആരുടെയൊക്കെ കിട്ടാക്കടമാണ് എഴുതിത്തള്ളിയതെന്ന് ബാങ്കുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ബാങ്ക് യൂണിയനുകള്‍ കാലങ്ങളായി മുന്നോട്ടുവെയ്ക്കുന്നതാണെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

ആകെയുള്ളത് പത്തുലക്ഷം കോടിയോളം
പത്തുലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് മുമ്പാകെയുള്ളത്. കിട്ടാക്കട തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി 2.11 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കായി നല്‍കിയിരുന്നു. രാജ്യത്തെ നികുതിദായകരുടെ ഈ പണം കൂടി ഉപയോഗപ്പെടുത്തിയാണ് കോര്‍പ്പറേറ്റുകള്‍ വരുത്തിയ കടബാധ്യതയുടെ ഭാരം ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ കുറയ്ക്കുന്നത്.

Advertisement
Advertisement