കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും കടുത്ത പ്രഹരം ; AlCC സെക്രട്ടറി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ദേശീയ തലത്തിലും കേരള രാഷ്ട്രീയത്തിലും വലിയ അലയൊലികള്‍ ബിജെപിക്ക് അനുകൂലമായി ഉണ്ടാകാവുന്ന രാഷ്ട്രീയ കരുനീക്കം. 
കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി വക്താവും സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്

അടുത്ത കാലത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്. ഇതിനുപിന്നാലെയാണ് വടക്കനും ബിജെപി പാളയത്തിലെത്തിയത്.

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിലും പുല്‍വാമ സംഭവത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് വിട്ടുപോരുന്നതെന്ന് ടോം വടക്കന്‍ പറഞ്ഞു.

# തൃശൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചു; വടക്കനെ ചൊടിപ്പിച്ചത് നേതൃത്വത്തിന്റെ അവഗണനയെന്ന് സൂചന

പാര്‍ട്ടിക്കകത്ത് ഏറെ കാലമായി ഉണ്ടായ അതൃപ്തിയാണ് ടോം വടക്കനെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് വിവരം. കേരളത്തില്‍ മത്സരിക്കണമെന്ന താല്‍പര്യം പലതവണ പ്രകടിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വികാരമാണ് ടോം വടക്കന്റെ അതൃപ്തിക്ക് പിന്നിലെന്നാണ് സൂചന. വര്‍ഷങ്ങളായി അഖിലേന്ത്യാ സെക്രട്ടറിയും അഖിലേന്ത്യാ വക്താവുമായി തുടരുമ്പോഴും കേരളത്തില്‍ മത്സരിക്കണമെന്നായിരുന്നു എന്നും ടോം വടക്കന്റെ ആഗ്രഹം. 

ശശി തരൂര്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് വന്ന 2009 ലെ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മത്സര രംഗത്ത് എത്താന്‍ ടോം വടക്കന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഒരിടയ്ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അത് പരിഗണിക്കുകയും ചെയ്തിരുന്നു. ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വലിയ എതിര്‍പ്പാണ് ആദ്യം കേരളത്തില്‍ നിന്ന് ഉണ്ടായത്. എഐസിസി കെട്ടിയിറക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി കൂടി വേണ്ടെന്ന നിലപാടില്‍ അതോടെ നേതൃത്വം എത്തിച്ചേരുകയും ടോം വടക്കന്റെ സാധ്യത മങ്ങുകയും ചെയ്തു. 

അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാത്ഥിയാകമെന്ന ടോം വടക്കന്റെ ആഗ്രഹത്തിന് ഹൈക്കമാന്റ് ചെവികൊടുത്തില്ല. തൃശൂരും ചാലക്കുടിയും വച്ച് മാറ്റമടക്കമുള്ള വിവാദങ്ങള്‍ക്കും പരാതികള്‍ക്കുമിടെ പേര് പരിഗണിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. 


ഏറ്റവും ഒടുവില്‍ വരുന്ന തെരഞ്ഞെടുപ്പിലും തൃശൂരില്‍ മത്സരിക്കാന്‍ സന്നദ്ധനായി ടോം വടക്കന്‍ രംഗത്തുണ്ടായിരുന്നു. കേരളത്തിലെ നേതാക്കള്‍ സാധ്യത പട്ടിക തയ്യാറാക്കുകയും ഹൈക്കമാന്റ് സ്‌ക്രീനിംഗ് കമ്മിറ്റി സാധ്യതാ സ്ഥാനാത്ഥികളെ ചര്‍ച്ചക്കെടുക്കുകയും എല്ലാം ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും ടോം വടക്കന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. 

കാലങ്ങളായുള്ള അവഗണനയുടെ കണക്ക് ഓമ്മിപ്പിച്ചും കാര്യം കഴിഞ്ഞാല്‍ പുറംതള്ളുന്നതിലെ പ്രതിഷേധിച്ചും വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്നത് ഗാന്ധി കുടുംബവും കോണ്‍ഗ്രസ് ഒന്നടങ്കം കൂടിയാണ്

Advertisement
Advertisement