പ്രളയസമയത്ത് ബി.ജെ.പി കേരളത്തെ വഞ്ചിച്ചു; കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണം: അഖിലേഷ് യാദവ്

പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. പുറത്തു നിന്നുള്ളവരെ പോലും ജയിപ്പിച്ച് പ്രധാനമന്ത്രിമാരാക്കിയവരാണ് യു.പിക്കാര്‍. അവര്‍ക്ക് പുതിയ ഒരു പ്രധാനമന്ത്രിയെ വേണം. കര്‍ഷകരുടെ പ്രശ്നങ്ങളില്‍, തൊഴിലില്ലായ്മയുടെ കാര്യത്തില്‍, വിലക്കയറ്റത്തെ കുറിച്ച്, അതുപോലെയുള്ള രാജ്യത്തെ വലിയ വലിയ ചോദ്യങ്ങളിലെല്ലാം ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ ജനങ്ങള്‍ പുതിയ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ നിലയിലും തയാറെടുത്തു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയോട് കടുത്ത എതിര്‍പ്പുണ്ട്.

ഇന്ത്യാ -പാകിസ്താന്‍, ഇന്ത്യക്കകത്ത് കശ്മീര്‍, നക്സല്‍വാദം മുതലായവയൊക്കെ എപ്പോഴുമുള്ള പ്രശ്നങ്ങളാണ്. പക്ഷേ കര്‍ഷകരോട് ബി.ജെ.പി നടത്തിയ വാഗ്ദാനങ്ങള്‍ എവിടെ പോയി ? അതിന്റെ മറുപടി ബി.ജെ.പി പറഞ്ഞേ മതിയാകൂ. സ്വന്തം പരാജയത്തെയാണ് അവര്‍ ആഘോഷിക്കേണ്ടത്. ജനശ്രദ്ധ മാറ്റാനായി വിഷയം മാറ്റാനാവില്ല. ജനങ്ങള്‍ കാത്തിരിക്കുകയാണ്. 15 ലക്ഷം രൂപ നല്‍കുമെന്ന ആ വാഗ്ദാനം എവിടെ പോയി ? രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ഓര്‍ക്കണോ അതോ മറക്കണോ ? കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് ഉത്പ്പാദന ചെലവിന്റെ രണ്ടിരട്ടി വില നല്‍കുമെന്ന് പറഞ്ഞത് ആര്‍ക്കെങ്കിലും കിട്ടിയോ ? അക്കാര്യത്തില്‍ ബി.ജെ.പി വല്ല നീക്കവും നടത്തിയോ ? ഗംഗാനദിയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞിട്ടെന്തായി ? ഗംഗാമാതാവ് എത്രത്തോളം ശുദ്ധിയായി എന്ന ചോദ്യത്തിന് ബി.ജെ.പി മറുപടി നല്‍കേണ്ടി വരും. ഈ ചോദ്യങ്ങളില്‍ നിന്നെല്ലാം ഓടിയൊളിക്കാനാണ് ബി.ജെ.പി പുതിയൊരു വിഷയം എടുത്തിടുന്നത്. അഖിലേഷ് പറയുന്നു.