ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും ദേശീയ തലത്തില്‍ ഇനി ഏകീകൃത രൂപത്തിലേക്ക്

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇനി ഏകീകൃത രൂപത്തില്‍. . രാജ്യത്തുടനീളം ഒരേ നിറത്തിലും രൂപത്തിലുമുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റുമാണ് വിതരണം ചെയ്യുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയമാറ്റം നിലവില്‍ വരും.

നിലവില്‍ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സുകളും ആര്‍സി ബുക്കുകളുമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇവ ഏകീകരിക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ ഏകീകരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

നിലവിലെ പേപ്പര്‍ രൂപത്തില്‍ നിന്ന് ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ്. ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങളാണ് ലൈസന്‍സിലും ആര്‍സി ബുക്കിലും ഒരുക്കുക. പുതിയ രീതിയനുസരിച്ച് ഇവയില്‍ ഘടിപ്പിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വാഹനത്തിന്റെയും ഡ്രൈവറുടെയും മുന്‍കാല വിവരങ്ങള്‍ ലഭ്യമാകും. 

വാഹനത്തിന്റെയും ഡ്രൈവറുടെയും പത്ത് വര്‍ഷം വരെയുള്ള വിവരങ്ങളാണ് ലഭ്യമാകുക. ഇതില്‍ ലൈസന്‍സ് ഉടമ നേരിട്ട ശിക്ഷ നടപടി, പിഴ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭ്യമാകും. പുതിയ ലൈസന്‍സില്‍ അവയവ ദാനത്തിനുള്ള ഡ്രൈവറുടെ സമ്മതവും ഭിന്നശേഷിയുള്ളവരെങ്കില്‍ അതും ഉള്‍പ്പെടുത്തും. രാജ്യത്താകെ വാഹന ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളാണ് വാഹന്‍, സാരഥി എന്നിവ. സാരഥി പദ്ധതി ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹന്‍ പദ്ധതി വാഹന രജിസ്‌ട്രേഷനുമാണ്.

Advertisement
Advertisement