ഇന്ത്യയിലെവിടെയും നിങ്ങള്‍ ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയാണ്; മോദിയുടെ സന്ദര്‍ശനത്തെ കരിദിനമെന്ന് വിശേഷിപ്പിച്ച് ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ആന്ധ്രയിലെ നിരത്തുകളിലും ‘ഗോ ബാക്ക് മോദി’ പോസ്റ്ററുകൾ ഉയർന്നിരിക്കുകയാണ്. മോദിയെ ജനങ്ങള്‍ ഓടിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതാണ് ഒരു പോസ്റ്റര്‍. മോദിക്ക് പിന്നാലെ ഓടുന്ന ജനങ്ങള്‍ മോദി ഒരു തെറ്റായിരുന്നെന്നും ഇനി മോദി വേണ്ടെന്നും എഴുതിയിരിക്കുന്ന ബാനറുകളും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പോസ്റ്ററുകളാണ് ആന്ധ്രയിലെങ്ങും ഉയര്‍ന്നിരിക്കുന്നത്.
 
 
അതേസമയം മോദിയുടെ സന്ദര്‍ശനത്തെ കരിദിനമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്. ആന്ധ്രയോട് ചെയ്ത നീതി നിഷേധം കാണാനാണ് മോദിയുടെ വരവെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര നിങ്ങളെ ഒരിക്കലും സ്വാഗതം ചെയ്യില്ല, ഇന്ത്യയിലെവിടെയും നിങ്ങള്‍ ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. നിങ്ങളെ എവിടെ കണ്ടാലും ജനങ്ങള്‍ കോപാകുലരാകുകയും പ്രതിഷേധിക്കുകയും ചെയ്യും. അതുകൊണ്ട് ദയവ് ചെയ്ത് പുറത്തിറങ്ങരുത് – ഇത്തരത്തിലുള്ള ട്വിറ്റര്‍ സന്ദേശങ്ങളും ആളുകള്‍ പങ്കുവെച്ചു. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയപ്പോഴും മോദിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അസമിലും അരുണാചല്‍ പ്രദേശിലും ഇത്തരത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Advertisement