കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ചു: മുംബയിൽ സംവിധായകൻ അമോല്‍ പലേക്കറിന്റെ പ്രസംഗം ബിജെപിക്കാർ തടസ്സപ്പെടുത്തി

കേന്ദ്ര സർക്കാരിനെ വിമർശിച്ച ബോളിവുഡ് നടനും സംവിധായകനുമായ അമോൽ പലേക്കറിന്റെ  പ്രസംഗം തടസ്സപ്പെടുത്തി. മുംബൈ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എൻജിഎംഎ) നടത്തിയ പ്രസംഗമാണ്‌ പല തവണ തടസ്സപ്പെടുത്തിയത്‌. മുംബൈയിലേയും ബംഗളൂരുവിലേയും എൻജിഎംഎയുടെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചതോടെയാണ‌് പ്രസംഗം തടസ്സപ്പെടുത്തിയത‌്‌. ചിത്രകാരനായ പ്രഭാകർ ഭാർവെയുടെ അനുസ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിലാണ്‌ സംഭവം. 
 
അമോല്‍ പലേക്കർ പറഞ്ഞത്‌
 
സർക്കാർ ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും മാറ്റിനിർത്തി കലാകാരന്മാരുടെ ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാന പരിപാടിയായിരിക്കും ഭാർവെ എക്‌സിബിഷൻ എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ചില പ്രത്യേക ആശയങ്ങളോട‌് ചേർന്ന‌് നിൽക്കുന്ന കലകളോട‌് താൽപ്പര്യവും അല്ലാത്തവയോട‌് സദാചാര പൊലീസിങ്ങും എന്ന നിലയിലാണ‌് സർക്കാരിന്റെ അജൻഡ എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ഭാർവെയെക്കുറിച്ച‌് സംസാരിച്ചാൽ മതിയെന്ന‌് വേദിയിലുണ്ടായിരുന്ന ക്യൂറേറ്ററായ ജസാൽ താക്കർ ആവശ്യപ്പെട്ടു. 
 
നിങ്ങൾ സെൻസർഷിപ് ഏർപ്പെടുത്തുകയാണോ എന്ന‌് ചോദിച്ച പലേക്കർ സംസാരം തുടർന്നു. ഉടൻ സദസ്സിൽ എഴുന്നേറ്റുനിന്ന‌് ഒരു സ‌്ത്രീ വീണ്ടും പ്രസംഗം തടസ്സപ്പെടുത്തി. എന്നാൽ, പ്രസംഗം തുടർന്ന പലേക്കർ എഴുത്തുകാരി നയൻതാര സാഗലിനെ മറാത്തി സാഹിത്യോത്സവത്തിൽനിന്ന് ഒഴിവാക്കിയ നടപടിയെ വിമർശിച്ചു. അവർ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ വിമർശിക്കുന്നതുകൊണ്ടാണ‌് വിലക്കിയത‌്, അത് തന്നെയാണോ ഇവിടെയും ആവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
 
അഭിപ്രായസ്വാതന്ത്ര്യം വിലക്കുന്നു
 
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേന്ദ്രസർക്കാർ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുകയാണെന്ന‌് പ്രതിപക്ഷ പാർടികൾ വിമർശിച്ചു. അമോൽ പലേക്കറിനെതിരായ നടപടി ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ജനാധിപത്യത്തിന്റെയും ഭരണഘടനാ അവകാശങ്ങളുടെയും പരമമായ കാതൽ സർക്കാരിനെയും ഭരണാധികാരികളെയും വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നതാണ‌്. ആരും വിമർശനത്തിന‌് അതീതരല്ലെന്ന‌് അദ്ദേഹം ട്വീറ്റുചെയ‌്തു. 
 
ഇത‌് ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ അഞ്ച‌് വർഷമായി കരുതിക്കൂട്ടിയ ഇത്തരം നീക്കങ്ങൾ നടക്കുകയാണെന്നും മഹാരാഷ‌്ട്ര കോൺഗ്രസ‌് വക്താവ‌് സച്ചിൻ സാവന്ദ‌് പറഞ്ഞു. പലേക്കറിനെ തടഞ്ഞത‌് സർക്കാരിന്റെ ഭീരുത്വമാണ‌് തെളിയിക്കുന്നതെന്ന‌് സമാജ‌് വാദി പാർടി അധ്യക്ഷൻ അഖിലേഷ‌് യാദവ‌് പറഞ്ഞു. ആളുകളുടെ ചിന്തയും അഭിപ്രായവും ഭക്ഷണവും വസ‌്ത്രവുമടക്കം നിയന്ത്രിച്ച‌് ഇന്ത്യയെ ഏക നിറത്തിലുള്ളതാക്കാനാണ‌് ബിജെപി ശ്രമിക്കുന്നതെന്നും അഖിലേഷ‌് യാദവ‌് പറഞ്ഞു.
 
 
Advertisement
Advertisement