രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല. വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ച വ്യക്തിയാണ് അദ്ദേഹം: പ്രകാശ് രാജ്

ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയെന്ന വിവാദത്തിലകപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രകാശ് രാജ് പറയുന്നത്. രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല. വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി.
 
രാഹുലിന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. രാഹുല്‍ സ്ത്രീകള്‍ക്കെതിരാണെന്ന് കരുതുന്നില്ല. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുലെന്ന് ഓര്‍ക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു‍. എന്തിനാണ് രാഹുലിന്‍റെ വാക്കുകളെ ഒരു രീതിയില്‍ മാത്രം നോക്കി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയാതിരുന്നതാണ് വിമര്‍ശനത്തിനിടയാക്കിയതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
 
റഫേലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് നരേന്ദ്രമോദി ഒളിച്ചോടുന്നുവെന്ന് ആരോപിച്ച്‌ രാഹുല്‍ പറഞ്ഞ വാക്കുകളാണ് രാഹുലിനെ വിവാദത്തിലകപ്പെടുത്തിയത്.’56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടിപ്പോയി ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ ജി, എന്നെ രക്ഷിക്കൂ എന്ന്. എനിക്ക് എന്നെ രക്ഷിക്കാന്‍ കഴിയുന്നില്ല. രണ്ടര മണിക്കൂറുവരെ സമയമെടുത്തിട്ടും അവര്‍ക്ക് മോദിയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചോദ്യങ്ങള്‍ക്ക് അതെ അല്ലെങ്കില്‍ അല്ല എന്ന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല”. മഹിള എന്ന ഹിന്ദി പദമാണ് ഒരു റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു.
 
Advertisement
Advertisement