ഖാർഗേയുടെ എതിർപ്പ് തള്ളി സി.ബി.ഐ ഡയറക്ടർ അലോക‌് വർമയെ വീണ്ടും മാറ്റി;ചീഫ് ജസ്റ്റിസിന് പകരം ഉന്നതാധികാര സമിതിയിൽ പങ്കെടുത്ത ജസ്റ്റിസ് സിക്രി സർക്കാരിനൊപ്പം ചേർന്നു

സുപ്രീംകോടതി ഉത്തരവ‌് പ്രകാരം സിബിഐ ഡയറക്ടർ സ്ഥാനത്ത‌് തിരിച്ചെത്തിയ അലോക‌്‌ വർമയെ കേന്ദ്രസർക്കാർ പുറത്താക്കി.  വ്യാഴാഴ‌്ച വൈകിട്ട‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിൽ ചേർന്ന രണ്ട‌് മണിക്കൂറിലേറെ നീണ്ട  ഉന്നതതലസമിതി യോഗത്തിലാണ‌് വർമയെ നീക്കാൻ തീരുമാനിച്ചത‌്.
 
അലോക‌് വർമയ‌്ക്ക‌് എതിരായ പരാതികൾ അന്വേഷിച്ച‌് കേന്ദ്ര വിജിലൻസ‌് കമീഷൻ  (സിവിസി) സമർപ്പിച്ച റിപ്പോർട്ട‌് പരിഗണിച്ചാണ‌് നടപടിയെന്നാണ‌് വിശദീകരണം. പ്രധാനമന്ത്രിക്ക‌് പുറമേ സുപ്രീംകോടതി ജഡ‌്ജി എ കെ സിക്രി, ലോക‌്സഭയിലെ വലിയ കക്ഷിയുടെ നേതാവ‌് മല്ലികാർജുൻഖാർഗെ എന്നിവരായിരുന്നു ഉന്നതതല സമിതിയിലെ അംഗങ്ങൾ. ഫയർഫോഴ‌്സിന്റെയും ഹോംഗാർഡിന്റെയും സിവിൽഡിഫെൻസിന്റെയും ഡയറക്ടർ ജനറൽ സ്ഥാനത്തേക്കാണ‌് അലോക‌് വർമയ‌്ക്ക‌് മാറ്റം.  അഡീഷണൽ ഡയറക്ടർ എം നാഗേശ്വരറാവു സിബിഐ താൽക്കാലിക ഡയറക്ടറാകുമെന്ന‌് പ്രധാനമന്ത്രി കാര്യാലയത്തിന‌് കീഴിലുള്ള പേഴ‌്സണൽ വിഭാഗം വ്യാഴാഴ‌്ച രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു.
 
 
 
# വിയോജിച്ച‌് മല്ലികാർജുൻ ഖാർഗെ
 
ഉന്നതതല സമിതി യോഗത്തിൽ അലോക‌്‌ വർമയ‌്ക്ക‌് എതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടിൽ പ്രധാനമന്ത്രി ഉറച്ചുനിന്നു. ജസ്റ്റിസ‌് എ കെ സിക്രി ഈ നിലപാടിനെ പിന്തുണച്ചു. അലോക‌്‌ വർമ ഡയറക്ടർ സ്ഥാനത്ത‌് തുടരുന്നത‌് സിബിഐയുടെ സൽപ്പേരിനും വിശ്വാസ്യതയ‌്ക്കും കോട്ടമുണ്ടാക്കുമെന്ന നിലപാടാണ‌് ഇരുവരും സ്വീകരിച്ചത‌്.
അലോക‌്‌ വർമയ‌്ക്ക‌് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരംപോലും നൽകാതെ നടപടി സ്വീകരിക്കുന്നത‌് തെറ്റാണെന്ന‌് മല്ലികാർജുൻ ഖാർഗെ വാദിച്ചു. തുടർന്ന‌്, 2:1 ഭൂരിപക്ഷത്തിൽ അലോക‌്‌ വർമയെ സ്ഥലംമാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഖാർഗെ ആറ‌് പേജുള്ള വിയോജനക്കുറിപ്പും കൈമാറി.
 
മാറിമറിഞ്ഞ‌് ഉത്തരവുകൾ
 
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന‌് ബുധനാഴ‌്ച  ചുമതലയേറ്റ വർമ താൽക്കാലിക ഡയറക്ടർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിച്ചു. അലോക‌് വർമ മാറുന്നതോടെ ഈ നീക്കം മരവിക്കും. പുതിയ സിബിഐ ഡയറക്ടറെ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ നിയമിച്ചേക്കുമെന്നും സൂചനയുണ്ട‌്. പ്രധാനമന്ത്രിയുടെ പ്രിയങ്കരനായ സിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താനയ‌്ക്ക‌് എതിരെ കോഴക്കേസിൽ എഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്തതിന‌് പിന്നാലെയാണ‌് അലോക‌് വർമയെ  ഒക്ടോബർ 23ന‌് സർക്കാർ നീക്കുന്നത‌്. റഫേൽ ഇടപാട‌ിലെ നിർണായകഫയലുകൾ ഉൾപ്പെടെ അലോക‌് വർമ വിളിച്ചുവരുത്തിയ നടപടിയാണ‌് സർക്കാരിനെ അധികാരഅട്ടിമറിക്ക‌് പ്രേരിപ്പിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു.
 
സുപ്രീംകോടതി നിർദേശിച്ചത‌്
 
ഒക്ടോബർ 23ന‌് അർധരാത്രി  അലോക‌്‌ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത‌ുനിന്ന‌് നീക്കിയും എം നാഗേശ്വരറാവുവിനെ താൽക്കാലിക ഡയറക്ടറാക്കിയും സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ  സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌്, പ്രതിപക്ഷനേതാവ‌് എന്നിവർ അംഗങ്ങളായ ഉന്നതതലസമിതിയുടെ മുൻകൂർ അനുമതി വാങ്ങിയശേഷമേ  സിബിഐ ഡയറക്ടർക്ക‌് എതിരെ നടപടി സ്വീകരിക്കാൻ പാടുള്ളുവെന്ന‌് കോടതി ചൂണ്ടിക്കാണിച്ചു.
 
ഒരാഴ‌്ചയ്ക്കുള്ളിൽ ഉന്നതതലസമിതി ചേർന്ന‌് വർമയ്ക്ക‌് എതിരായ നടപടികളിൽ തീരുമാനം എടുക്കാനും കോടതി നിർദേശിച്ചു. കേസിൽ വിധിന്യായം പുറപ്പെടുവിച്ച ചീഫ‌്ജസ്റ്റിസ‌് സമിതിയിൽനിന്ന‌് പിൻമാറി സുപ്രീംകോടതിയിലെ അടുത്ത മുതിർന്ന ജഡ‌്ജിയായ എ കെ സിക്രിയെ സമിതിയിലേക്ക‌് ശുപാർശ ചെയ്യുകയായിരുന്നു.
 
അലോക‌് വർമയ‌്ക്ക‌് എതിരായ കുറ്റങ്ങൾ
 
ഉന്നതതല സമിതി പരിഗണിച്ച സിവിസി റിപ്പോർട്ടിൽ അലോക‌് വർമയ്ക്ക‌് എതിരെ പത്തോളം കുറ്റമാണ‌് ആരോപിക്കപ്പെട്ടിട്ടുള്ളത‌്. ഹൈദരാബാദിലെ വിവാദവ്യവസായി മോയിൻഖുറേഷിക്ക‌് എതിരായ അന്വേഷണത്തിൽ അലോക‌്‌ വർമയുടെ ഇടപെടൽ സംശയാസ‌്പദം, ഐആർസിടിസി കേസിൽ മുഖ്യപ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു, കളങ്കിതരും ആരോപണ വിധേയരുമായ ഉദ്യോഗസ്ഥരെ സിബിഐയിൽ തിരുകിക്കയറ്റാൻ ശ്രമിച്ചു, സിബിഐ ജോയിന്റ‌് ഡയറക്ടർക്ക‌് എതിരായ കേസിൽ നടപടികൾ വൈകിപ്പിച്ചു, സ്വർണക്കടത്ത‌് കേസിൽ എസിപിക്ക‌് എതിരെ നടപടി എടുക്കാൻ വിസമ്മതിച്ചു, വിജയ‌് മല്യക്കെതിരായ ലുക്കൗട്ട‌് നോട്ടീസിൽ വെള്ളം ചേർത്തു, പഞ്ചാബ‌് നാഷണൽ ബാങ്ക‌് തട്ടിപ്പ‌ുമായി ബന്ധപ്പെട്ട രഹസ്യ ഇമെയിലുകൾ പൂഴ‌്ത്തി. തുടങ്ങിയവയാണ‌് ആരോപണങ്ങൾ. നേരത്തെ സിവിസി ഈ റിപ്പോർട്ട‌് മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സമ്മിശ്രമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിൽ മിക്കതിനും തെളിവില്ലെന്നും തുടരന്വേഷണം ആവശ്യമാണെന്നുമാണ‌് സിവിസി റിപ്പോർടിൽ പറയുന്നത‌്. ഈ റിപ്പോർടിന്റെ അടിസ്ഥാനത്തിൽ അലോകിനെ മാറ്റിയത‌് അന്യായമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട‌്.
Advertisement
Advertisement