ആധാര്‍ നമ്പർ പിന്‍വലിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു; നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി:ആധാര്‍ നമ്പർ പിന്‍വലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിച്ചുവെച്ചിട്ടുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന തരത്തിലായിരിക്കും സൗകര്യമൊരുക്കുക .
ഇത് സംബന്ധിച്ച്‌ ആധാര്‍ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.
വ്യവസ്ഥകള്‍ക്കനുസൃതമായി ആധാറിന് നിയമസാധുത നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ആധാറിന് ഭരണഘടനാ സാധുത നല്‍കിയെങ്കിലും സേവനങ്ങള്‍ക്കെല്ലാം അത് നിര്‍ബന്ധമാക്കരുതെന്നായിരുന്നു സുപ്രീംകോടതി വിധി.
 
ഒരു കുട്ടി 18 വയസാകുമ്പോൾ അവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാനും തുടരാനും അവസരമൊരുക്കണമെന്നായിരുന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ആദ്യ നിര്‍ദേശം. എന്നാല്‍ ഈ സൗകര്യം എല്ലാ പൗരന്മാര്‍ക്കും നല്‍കണമെന്ന നിലപാടാണ് നിയമ മന്ത്രാലയം സ്വീകരിച്ചത്.എന്നാല്‍ ഈ സൗകര്യം എത്രത്തോളം ഫലപ്രദമാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കാരണം സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ്. പാന്‍കാര്‍ഡ് എടുക്കണമെങ്കിലും ആധാര്‍ ആവശ്യമാണ്.
Advertisement
Advertisement