കർഷക പോരാട്ടത്തിന്റെ ഊർജ്ജവുമായി രാജസ്ഥാനില്‍ സിപിഐ എം ലക്ഷ്യമിടുന്നത് ചരിത്രനേട്ടം

രാജസ്ഥാന്റെ ചരിത്രത്തില്‍, 1993, 2008 വര്‍ഷങ്ങളില്‍ തൂക്ക്സഭ ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ‌്താൽ, ഒരു തൂക്കുസഭയ്ക്കുളള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍, സിപിഐ എമ്മിന് ലഭിക്കുന്ന ഒരോ സീറ്റും നിര്‍ണായകമാകുമെന്ന‌് രാജസ്ഥാനിലെ ദാതാറാംഗഢിലെ സിപിഐ എം സ്ഥാനാർഥി അമ്രാറാം വ്യക്തമാക്കുന്നു .. 
 
>രാജസ്ഥാനിലെ തെരഞ്ഞെടുപ്പുകളുടെ പൊതുസ്വഭാവം എന്താണ്? കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?
 
രണ്ടു പതിറ്റാണ്ടിലേറെയായി രാജസ്ഥാനിൽ ഒരു പ്രാവശ്യം ബിജെപി ജയിച്ചാല്‍ അടുത്ത പ്രാവശ്യം കോണ്‍ഗ്രസ് ജയിക്കുക എന്ന പതിവ് തുടരുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ കാലയളവില്‍ കോണ്‍ഗ്രസ് മിണ്ടാതിരിക്കും. കോണ്‍ഗ്രസ്  ഭരിക്കുമ്പോള്‍ ബിജെപി മിണ്ടാതിരിക്കും. ഇരു പാര്‍ടികളും എതിരാളികള്‍
 
 
അധികാരത്തിലുള്ള കാലയളവില്‍ ഒരു ചെറിയ പ്രതിഷേധംപോലും സംഘടിപ്പിക്കാതെ കാഴ‌്ചക്കാരായി തുടരും. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍, സ്വാഭാവികമായും സര്‍ക്കാര്‍ മാറുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ‌് ഇൗ  രാഷ്ട്രീയപാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ ഒന്നും ചെയ‌്തിട്ടില്ല. പ്രതിപക്ഷമെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ പൂജ്യം മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസും ബിജെപിയുമല്ലാതെ, മൂന്നാമതൊരു ബദല്‍ ജനങ്ങള്‍ക്കില്ലെന്ന അഹങ്കാരമാണ് ഇരു പാര്‍ടികളുടെയും നേതാക്കള്‍ക്കുമുള്ളത്. രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍, കോണ്‍ഗ്രസിന് നിലവിലെ രാഷ്ട്രീയസാഹചര്യം എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ട്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം ഇതിനോടകം മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഗെലോട്ടിനെ പിന്തള്ളി സച്ചിനെ പ്രതിഷ്ഠിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കം ഏത് രീതിയിലും തെരഞ്ഞെടുപ്പിനെ ബാധിക്കാനിടയുണ്ട്. ബിജെപി പരാജയപ്പെട്ടാലും കോണ്‍ഗ്രസിന് ഒറ്റയ‌്ക്ക‌് ഭൂരിപക്ഷം കിട്ടുമോയെന്നതും കണ്ടറിയണം.
 
> 2003നുശേഷം 2013ലാണ് വസുന്ധര രാജെ സര്‍ക്കാര്‍ രാജസ്ഥാന്‍ ഭരിക്കുന്നത്. ഈ രണ്ട് സര്‍ക്കാരുകളും തമ്മില്‍ പ്രകടമായ എന്തെങ്കിലും വ്യത്യാസമുണ്ടോ?
 
 
2003ല്‍ വസുന്ധര രാജെ ഭരിക്കുന്ന അവസരത്തില്‍ അവര്‍ ചെറിയ പ്രതിഷേധങ്ങളെപ്പോലും അടിച്ചമര്‍ത്തുകയെന്ന ശൈലിയാണ് പിന്തുടര്‍ന്നിരുന്നത്. പല പ്രക്ഷോഭങ്ങള്‍ക്കും നേരെയുണ്ടായ പൊലീസ് വെടിവയ‌്പില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. 2013ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍, പ്രതിഷേധങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തതുകൊണ്ട് കാര്യമില്ലെന്ന് അവര്‍ മനസ്സിലാക്കി. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും മറ്റും പ്രതിഷേധം നടത്തുമ്പോള്‍, ചര്‍ച്ചകള്‍ നടത്തി വാഗ്ദാനങ്ങള്‍ നല്‍കി സമരങ്ങള്‍ അവസാനിപ്പിക്കുകയെന്ന അടവ് പ്രയോഗിക്കാന്‍ തുടങ്ങി. നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറെയും അവര്‍ പാലിക്കാറില്ല. ഭരണതലത്തില്‍, തനി നാടുവാഴിത്ത ശൈലിയാണ് അവര്‍ പിന്തുടര്‍ന്നുപോരുന്നത്. സ്വന്തം എംഎല്‍എമാരുമായോ മന്ത്രിമാരുമായോ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും അവര്‍ക്ക് താല്‍പ്പര്യമില്ല. തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുകയാണ് പതിവ്. അഞ്ചുവര്‍ഷംകൊണ്ട് ജനങ്ങളെ ബിജെപിയില്‍നിന്ന‌് പരമാവധി അകറ്റുകയെന്ന ഒറ്റ കാര്യമാണ് അവര്‍ വിജയകരമായി നിറവേറ്റിയിട്ടുള്ളത്.
 
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നൂറിലേറെ കര്‍ഷകരാണ് ജീവനൊടുക്കിയത്. എല്ലാ വിഭാഗം കര്‍ഷകരും അടുത്തൊന്നും കരകയറാന്‍ കഴിയാത്ത പ്രതിസന്ധിയിലാണുള്ളത്. കൃഷിക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എല്ലാംതന്നെ വന്‍ അഴിമതിയിലാണ് കലാശിച്ചത്
 
>കാര്‍ഷികമേഖലയിലെ ജനരോഷം തെരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രതിഫലിക്കും?
 
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നൂറിലേറെ കര്‍ഷകരാണ് ജീവനൊടുക്കിയത്. എല്ലാ വിഭാഗം കര്‍ഷകരും അടുത്തൊന്നും കരകയറാന്‍ കഴിയാത്ത പ്രതിസന്ധിയിലാണുള്ളത്. കൃഷിക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എല്ലാംതന്നെ വന്‍ അഴിമതിയിലാണ് കലാശിച്ചത്. ഉദാഹരണത്തിന് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓൺലൈൻവഴിയുള്ള വിളസംഭരണം. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏകദേശം 25,000 കര്‍ഷകര്‍ അവരുടെ വിളകള്‍ കൈമാറാന്‍ പേര് രജിസ്റ്റര്‍ ചെയ‌്തു. 15,000 പേരില്‍നിന്നുമാത്രം വിളകള്‍ സംഭരിച്ചു. ബാക്കിയുള്ളവരെ, ഒരു കാരണവും പറയാതെ ഒഴിവാക്കി. തെരഞ്ഞെടുക്കപ്പെട്ട 15,000 കര്‍ഷകരില്‍ 90 ശതമാനവും ഇടനിലക്കാരായിരുന്നു എന്ന വസ‌്തുത പിന്നീട് വ്യക്തമായി. ഒരു കിലോ വെളുത്തുള്ളി അഞ്ചും ആറും രൂപയ‌്ക്ക‌് കര്‍ഷകരില്‍നിന്ന‌് വാങ്ങിയ ഇടനിലക്കാര്‍, 36 രൂപയ‌്ക്ക‌് അത് സര്‍ക്കാരിന് വിറ്റു. കടല, പയര്‍, ബാജ്ര തുടങ്ങിയവ കൃഷിചെയ്യുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്. ബാജ്ര ക്വിന്റലിന് 1950 രൂപ മിനിമം താങ്ങുവിലയില്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഒരു കിലോപോലും എവിടെയും സംഭരിച്ചിട്ടില്ല. തുടര്‍ന്ന്, കര്‍ഷകര്‍ 1000 രൂപയ്ക്ക് ഒരു ക്വിന്റല്‍ ബാജ്ര വില്‍ക്കേണ്ട സാഹചര്യമാണ്.
 
കൃഷിചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നുമാത്രമല്ല, കഷ്ടപ്പെട്ട് കൃഷി ചെയ‌്തുണ്ടാക്കുന്ന വിളകള്‍ മിനിമം താങ്ങുവില നല്‍കി സംഭരിക്കേണ്ട ഉത്തരവാദിത്തംപോലും സര്‍ക്കാര്‍ നിറവേറ്റുന്നില്ല. രാസവളം ചാക്കിന് 350 രൂപയായിരുന്നത് ഒറ്റയടിക്ക് 1450 രൂപയാക്കി വര്‍ധിപ്പിച്ചതുപോലെയുള്ള കര്‍ഷകദ്രോഹനടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കര്‍ഷകരോഷം ഈ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമായിരിക്കും.
 
>തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നത് ഉള്‍പ്പെടെയുള്ള വസുന്ധര രാജെയുടെ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു?
 
പതിനഞ്ചു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് അവര്‍ 2013ല്‍ അധികാരത്തിലേറിയത്. ആ വാഗ്ദാനം പാലിച്ചില്ലെന്നുമാത്രമല്ല, ഉള്ള ജോലികള്‍ പരമാവധി വെട്ടിക്കുറയ‌്ക്കുകയും ചെയ‌്തു. രാജസ്ഥാന്‍ ടൂറിസം ഡെവലപ‌്മെന്റ് കോര്‍പറേഷന്‍ അടച്ചുപൂട്ടി. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിച്ചു. ഇവയെല്ലാം നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങളാണ്. ഏകദേശം 23,000 സര്‍ക്കാര്‍ സ‌്കൂളുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ആദ്യപടിയായി മൂവായിരത്തോളം സര്‍ക്കാര്‍ സ‌്കൂളുകൾ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തിനു കീഴിലാക്കാനുള്ള നീക്കം അധ്യാപകരും രക്ഷിതാക്കളും 20 ദിവസം പ്രക്ഷോഭം നടത്തിയാണ് മരവിപ്പിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം പൊതുആരോഗ്യകേന്ദ്രങ്ങളും സ്വകാര്യമേഖലയ‌്ക്ക‌് കൈമാറിക്കഴിഞ്ഞു.
 
>ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു? 
 
1962ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്ക് രാജസ്ഥാനില്‍ അഞ്ച് സീറ്റ് ലഭിച്ചിരുന്നു. 2008ല്‍ സിപിഐ എമ്മിന് മൂന്ന് സീറ്റ് ലഭിച്ചു. ഇക്കുറി പാര്‍ടി രാജസ്ഥാനില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ വിവിധ ജനകീയവിഷയങ്ങളില്‍ പാര്‍ടി നടത്തിയ പ്രക്ഷോഭങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. മഹാപ്രക്ഷോഭങ്ങളുടെ ഫലമായി സംസ്ഥാനത്ത് സിപിഐ എമ്മിന്റെ ശക്തി തീര്‍ച്ചയായും വര്‍ധിച്ചിട്ടുണ്ട്. അധികാരത്തില്‍നിന്ന‌് അകന്നുനിന്ന സാഹചര്യത്തില്‍, പ്രതിപക്ഷത്തിന്റെ ദൗത്യം കൃത്യമായി നിറവേറ്റിയത് സിപിഐ എമ്മാണെന്ന വസ്‌തുത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
മുന്‍കാലങ്ങളില്‍ സിപിഐ എമ്മിനുവേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും, വ്യക്തിയെന്ന നിലയ‌്ക്കുള്ള വോട്ടുകളാണ് കൂടുതലും കിട്ടിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ സാഹചര്യം പൂര്‍ണമായും മാറിയിട്ടുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പംനിന്ന പാര്‍ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്ന ചിന്താഗതി ജനഹൃദയങ്ങളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. രാജസ്ഥാന്റെ ചരിത്രത്തില്‍, 1993, 2008 വര്‍ഷങ്ങളില്‍ തൂക്ക്സഭ ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ‌്താൽ, ഒരു തൂക്കുസഭയ്‌ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍, സിപിഐ എമ്മിന് ലഭിക്കുന്ന ഒരോ സീറ്റും നിര്‍ണായകമാകും. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ വിധാന്‍സഭയ‌്ക്ക‌് അകത്തും പുറത്തും കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യവും ഉണ്ടാകും.
 
( തയ്യാറാക്കിയത്‌ എം അഖിൽ ; കടപ്പാട് ദേശാഭിമാനി  )
Advertisement
Advertisement