പശുവിന്റെ പേരിലെ 98ശതമാനം അക്രമങ്ങളും മോഡി ഭരണത്തില്‍ വന്നതിന് ശേഷം ; ഏറ്റവും കൂടുതല്‍ യുപിയില്‍ ,ലക്ഷ്യം പശുവിന്റെ പേരിൽ കലാപം

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ 2017 മാര്‍ച്ചിന് ശേഷം രാജ്യത്ത് പശുവിന്റെ പേരിലുണ്ടായ ആക്രമണങ്ങളില്‍ 69 ശതമാനവും നടന്നത് ഉത്തര്‍പ്രദേശിലാണ്. ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിനെ സംഘപരിവര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതുള്‍പ്പെടെ 'പശു സംരക്ഷകരുടെ' 11 ആക്രമണങ്ങളാണ് ഈ കാലയളവില്‍ യുപിയില്‍ നടന്നത്. പശുവിന്റെ പേരില്‍ രാജ്യത്ത് 2010 മുതല്‍ 97 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 98 ശതമാനവും നടന്നത് നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ 2014നുശേഷമാണ്. 2018ല്‍ പശുവിന്റെപേരില്‍ കൊല്ലപ്പെട്ടതില്‍ 40 ശതമാനവും യുപിയിലാണ്. പത്തുപേരില്‍ നാലുപേര്‍ യുപിയില്‍ കൊല്ലപ്പെടുകയും ഈ വര്‍ഷം മാത്രം ആറ് ആക്രമണങ്ങള്‍ നടക്കുകയും ചെയ്തുവെന്ന് ഫാക്ട്‌ചെക്കര്‍.ഇന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ യുപിയിലെ ഹാപൂരില്‍ ഖാസിം ഖുറേഷിയേയും ബറേലിയില്‍ ഷാറൂഖ് ഖാനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു.  പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമികള്‍ ഹാപൂരില്‍ ഖുറേഷിയേയും സുഹൃത്തിനെയും മര്‍ദ്ദിച്ച് വലിച്ചിഴച്ചത്.
 
പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ ആളുകളെ കൊലപ്പെടുത്തുന്നതും സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചു. 2010ല്‍ 37 അക്രമ സംഭവങ്ങളിലായി 11 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 2018ല്‍ ഇതുവരെ 21 സംഭവങ്ങളിലായി 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പശുവിന്റെ പേരില്‍ ആക്രമിക്കപ്പെട്ടവരില്‍ 55 ശതമാനവും കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്ലിങ്ങളാണ്. 2017 ആഗസ്തിലും പശുവിന്റെ അവശിഷ്ടം കണ്ടതിന്റെപേരില്‍ ബുലന്ദ്ശഹറില്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം ആക്രമണം നടന്നിടത്തുനിന്ന് 50 കിലോമീറ്റര്‍മാറി അദൗലി ഗ്രാമത്തില്‍ നിരവധിപ്പേരെ മര്‍ദ്ദിക്കുകയും വീടുകളും ആരാധനാലയങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു. 
 
പശുക്കളെയും കുരങ്ങുകളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം വാചാലനാകുന്ന വ്യക്തിയാണ് ആദിത്യനാഥ്. സുബോധ്കുമാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഗോഹത്യക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ആദിത്യനാഥ് ഉത്തരവിട്ടത്. ബുധനാഴ്ച തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആദിത്യനാഥ് മാവോയിസ്റ്റ് ഭീഷണിയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഭീഷണിയും ശക്തമായി ബിജെപി സര്‍ക്കാര്‍ നേരിടുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. പക്ഷെ, യുപിയില്‍ പൊലീസ് ഓഫീസറെപ്പോലും കൊലപ്പെടുത്തുന്ന പശുവിന്റെ പേരിലുള്ള തീവ്രവാദം ചെറുക്കന്നതിനെക്കുറിച്ച് ആദിത്യനാഥ് മൗനം പാലിച്ചു. 
 
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന പശുവിന്റെ പേരിലുള്ള ആദ്യ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദാദ്രിയില്‍ അഖ്ലാക്കിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചയാളാണ് സുബോധ്കുമാര്‍. യുപിയില്‍ പൊലീസുകാരുടെ ജീവനുപോലും സുരക്ഷയില്ലാത്ത ഗുരുതര സാഹചര്യമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. നിയമം അനുസരിക്കാത്ത അക്രമികള്‍ പൊലീസുകാരെപ്പോലും കൊലപ്പെടുത്തുന്ന നിലയാണ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും നാലു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Advertisement
Advertisement