ഡിസംബർ 6 ; ബാബറി മസ്ജിദ് തച്ച് തകർത്ത് സംഘപരിവാർ ഇന്ത്യൻ മതേതരത്വത്തിന്റെ ആധാരശിലകൾ തകർത്തെറിഞ്ഞിട്ട് 26 ആണ്ടുകൾ

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 26  വര്‍ഷം. 1992 ഡിസംബര്‍ ആറ്, സ്വതന്ത്ര ഭാരതത്തിന്റെ നെറ്റിത്തടത്തില്‍ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണത് അന്നാണ്. വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വാരിവിതറി മനുഷ്യര്‍ക്കിടയില്‍ പകയുടേയും വിദ്വേഷത്തിന്റേയും വെറുപ്പിന്‍േറയും വന്മതിലുകള്‍ സൃഷ്ടിച്ച് ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര സമാപിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു. വിശ്വംമുഴുവന്‍ കീര്‍ത്തികേട്ട മതേതര ഭാരത സങ്കല്‍പത്തിനേറ്റ ആഴത്തിലുള്ള മുറിവ്. ഓരോ മുസല്‍മാന്റെയും മനസ്സില്‍ ബാബരി ഇന്നും തീരാത്ത വേദനയാണ്. വര്‍ഗീയതയുടെ കോമരങ്ങള്‍ പുതിയ വേഷങ്ങള്‍ കെട്ടി ഉറഞ്ഞാടുന്ന പുതിയ കാലത്ത് ആ മുറിവിന്റെ നീറ്റലും കൂടി വരുന്നു.
 
കോടതി നിര്‍ദ്ദേശങ്ങളേയും രാജ്യം ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങളേയും കണിശ്ശമായി ധിക്കരിച്ചു കൊണ്ടാണ് 1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദിനു നേരെ ലക്ഷക്കണക്കിന് കര്‍സേവകര്‍ പാഞ്ഞടുത്തത്. കൈയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് ഒരു വിശ്വാസത്തിന്റെ പ്രതിരൂപത്തിനു നേരെ അവര്‍ ആര്‍ത്തട്ടഹസിച്ചു. നേതാക്കള്‍ കുത്തി വച്ച വര്‍ഗീയ വിഷം അവര്‍ മസ്ജിദിന്റെ ഓരോ പാളികളിലായി പകര്‍ന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ അവ പൊളിച്ചടുക്കി. ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ നിര്‍മ്മിച്ച പള്ളിയെന്ന നിലയ്ക്കായിരുന്നു അവര്‍ പള്ളിക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. നൂറിലേറെ വര്‍ഷങ്ങള്‍ മുസ്ലീം ജനത ആരാധിച്ച പള്ളിയാണ് തകര്‍ക്കപ്പെട്ടതെന്ന തിരിച്ചറിവ് മുസ്ലീം ജനതയേയും ചൊടിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് ഭാരതം കണ്ടത് പരസ്പരം പോരടിച്ചും പരാജയപ്പെടുത്തിയും വളര്‍ന്ന രണ്ടു വിഭാഗങ്ങളേയും വിശ്വാസങ്ങളേയുമായിരുന്നു.
 
സ്വതന്ത്ര ഇന്ത്യയിൽ കാവിഭീകരത ഫണം വിടർത്തി അഴിഞ്ഞാടി അന്ന് തച്ച് തകർത്തത് കേവലം ഒരു മസ്ജിദല്ല... ഇന്ത്യൻ മതേതരത്വത്തിന്റെ ആധാരശിലകളാണ്.. ബാബറി മസ്ജിദ് - രാമജന്മഭൂമി തർക്കം സംഘപരിവാർ ഭീകരതയ്ക്ക് ഇന്ത്യയാകെ പടർന്ന് പന്തലിക്കാനുള്ള രാസത്വരകമായിരുന്നു .. ആയിരങ്ങൾ കൊല്ലപ്പെട്ടു. അന്ന് ബാബറി മസ്ജിദ് തകർക്കാൻ സംഘപരിവാറിനാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് രാമന് വേണ്ടി തെരുവിലിറങ്ങിയ ജനത ഇന്ന് പുറങ്കാലുകൊണ്ട് രാമക്ഷേത്ര നിർമ്മാണ സമരങ്ങളെ തൊഴിച്ചെറിയുന്നു.. അയോദ്ധ്യയിലും - ഡൽഹിയിലും അരങ്ങേറിയ സമര നാടകങ്ങളിലെ ശുഷ്കമായ ജനപങ്കാളിത്തം അത് വ്യക്തമാക്കുന്നു. ഡൽഹിയിൽ ഒരു ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത് നൂറിൽ താഴെ ആളുകൾ ..
 
രാമൻ വേണ്ടത്ര ഏക്കുന്നില്ലെന്ന് കണ്ടപ്പോൾ സംഘപരിവാർ ഇപ്പോൾ പശുവിന്റെ പിന്നാലെയാണ് .. ഇന്ത്യയുടെ മതേതരത്വം മതനിരപേക്ഷതാ മൂല്യങ്ങൾ എല്ലാം തകർത്ത് ഗോമാതാസ്ഥാൻ എന്ന സംഘിസ്ഥാൻ കെട്ടിപ്പടുക്കാനുള്ള കുടില നീക്കങ്ങൾ . വടക്കേ ഇന്ത്യയിൽ മുസ്ലിം ആയി ജീവിക്കാൻ പോലും കഴിയാത്ത കെട്ട കാലം. മറക്കാതിരിക്കാം ഡിസംബർ 6 . മറക്കാതിരിക്കാം  കോൺഗ്രസ് ഭരണകൂടം ചെയ്ത വഞ്ചനയെ...  ഓർമ്മകളിൽ കനലായി സൂക്ഷിക്കാം പശുവിന്റെ പേരിൽ കൊല ചെയ്യപ്പെട്ട നിസ്സഹായരുടെ ദീന വിലാപങ്ങൾ ... മതനിരപേക്ഷ- മതസൗഹാർദ്ദമൂല്യങ്ങൾക്കായി  പടപൊരുതി കാവലാളാകാം...
Advertisement
Advertisement