ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാൻ പഴയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മാറി നല്‍കാന്‍ ആര്‍ബിഐയുടെ നിര്‍ദ്ദേശം

മുംബൈ: കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സംവിധാനത്തോടുകൂടിയ പുതിയ കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. അതേസമയം ഡിസംബര്‍ 31 വരെ മാത്രമെ പഴയകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റുകയുള്ളു .
 
ഡെബിറ്റ് കാര്‍ഡുകൾ വഴി വിവരങ്ങള്‍ ചോരുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇത് തടയുന്നതിനു വേണ്ടി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. കൂടാതെ ഡിസംബര്‍ 31ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.എം.വി കാര്‍ഡുകളിലേക്ക് മാറണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് തദ്ദേശിയ കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമാണ്.
പഴയ കാര്‍ഡുകള്‍ മാറ്റി വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ അതത് ശാഖകളുമായാണ് ബന്ധപ്പെടേണ്ടത്.