ഭരണഘടനാവിരുദ്ധ പ്രസംഗം : അമിത് ഷാ അടക്കമുള്ളവർക്കെതിരെ കേസ‌് എടുക്കണമെന്ന‌് 49 മുതിർന്ന ഉദ്യോഗസ്ഥർ ; കേരളത്തിലെ നേതാക്കൾക്കും ബാധകം

തിരുവനന്തപുരം: സുപ്രിം കോടതി വിധിക്കെതിരെ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ അമിത‌് ഷായ‌്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ‌് എടുക്കണമെന്ന ആവശ്യം ശക്തമായതോടെ ശബരിമല സ‌്ത്രീപ്രവേശ വിഷയം മുൻനിർത്തി രഥയാത്ര തുടങ്ങിയ ബിജെപി സംസ്ഥാനനേതൃത്വം വെട്ടിലായി. കഴിഞ്ഞ മാസം 27ന‌് കണ്ണൂരിൽ അമിത‌്‌ ഷാ നടത്തിയ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്ന‌് ചൂണ്ടിക്കാട്ടി രാജ്യത്തെ 49 മുൻ സിവിൽ സർവീസ‌് ഉദ്യോഗസ്ഥരാണ‌് പ്രസ‌്താവനയിറക്കിയത‌്. 
 
ഭരണഘടനാവിരുദ്ധമായി പ്രസംഗിച്ച അമിത‌് ഷായ‌്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ‌് എടുക്കണമെന്ന‌ാണ‌് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് ശിവശങ്കർ മേനോൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ‌് നടപ്പാക്കുന്നതിൽനിന്ന‌് മാറിനിൽക്കണമെന്ന‌് കേന്ദ്രം ഭരിക്കുന്ന പാർടിയുടെ അധ്യക്ഷൻ ആവശ്യപ്പെടുന്നത‌് ആശങ്കയുളവാക്കുന്നതാണെന്നും മുതിർന്ന മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട‌്.
 
അമിത‌്‌ ഷായ‌്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ‌് എടുക്കണമെന്ന‌് മാത്രമല്ല, അദ്ദേഹത്തെ നിയന്ത്രിക്കാൻ തയ്യാറാകണമെന്ന‌് പ്രധാനമന്ത്രിയോട‌് ആവശ്യപ്പെടുകയും ചെയ‌്തിട്ടുണ്ട‌്. ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരിൽ അമിത‌്‌ ഷായോട‌് വിശദീകരണം ചോദിക്കണമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷനോടും ഇവർ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന പാർടിയുടെ ദേശീയ അധ്യക്ഷനെതിരെ മുതിർന്ന മുൻ ഉദ്യോഗസ്ഥർ ഇത്രയും ഗൗരവതരമായ കുറ്റം ആരോപിക്കുന്നത‌് ആദ്യമാണ‌്.
 
അമിത‌്‌ ഷായുടെ അതേ നിലപാടാണ‌് ഇവിടത്തെ ബിജെപി, -കോൺഗ്രസ‌് നേതാക്കളും പിന്തുടരുന്നത‌്. അമിത‌്‌ ഷായ‌്ക്കെതിരെ കോടതിയലക്ഷ്യ കേസ‌് എടുത്താൽ ഇവിടെ ബിജെപി, കോൺഗ്രസ‌് നേതാക്കൾക്കെതിരെയും അതേ കുറ്റം ചുമത്തേണ്ടിവരും. ശ്രീധരൻപിള്ള ഭരണഘടനാപദവി വഹിക്കുന്നില്ലെങ്കിലും അറിയപ്പെടുന്ന ക്രിമിനൽ വക്കീലായ അദ്ദേഹമാണ‌് സുപ്രീംകോടതി വിധി നടപ്പാക്കാൻ സമ്മതിക്കില്ലെന്ന‌് പറയുന്നത‌്. 
 
ഭരണഘടനാപദവി വഹിക്കുന്നയാളാണ‌്  രമേശ‌് ചെന്നിത്തല. സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന‌് ആവശ്യപ്പെടുന്ന ചെന്നിത്തല ഭരണഘടനാ ലംഘനമാണ‌് നടത്തുന്നത‌്. വരുംദിവസങ്ങളിൽ ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ കാര്യം സങ്കീർണമാകും. രാഷ‌്ട്രപതിക്കും തെരഞ്ഞെടുപ്പ‌് കമീഷനും ഇത്രയും മുതിർന്ന ഉദ്യോഗസ്ഥർ സംയുക്തമായി പുറപ്പെടുവിച്ച പ്രസ‌്താവന അവഗണിക്കാൻ കഴിയില്ല.
 
രാഷ‌്ട്രപതിയുടെയും തെരഞ്ഞെടുപ്പ‌് കമീഷന്റെയും ഇടപെടലുണ്ടാകുമോയെന്നതും  കൗതുകത്തോടെ വീക്ഷിക്കുന്ന കാര്യമാണ‌്. രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ നടപടി നീണ്ട് പോയേക്കാം.
അമിത‌്‌ ഷായ‌്ക്കെതിരെ കോടതിയലക്ഷ്യ കേസ‌് എടുക്കാൻ സുപ്രീംകോടതി തയ്യാറായാൽ രമേശ‌് ചെന്നിത്തലയും പി എസ‌് ശ്രീധരൻപിള്ളയും അതേ കുറ്റത്തിന‌് വിചാരണ നേരിടേണ്ടിവരും.
 
ശബരിമല പ്രശ‌്നത്തിൽ എൻഡിഎയുടെ രഥയാത്രയും കോൺഗ്രസിന്റെ കാൽനട ജാഥകളും വ്യാഴാഴ‌്ച തുടങ്ങി. 13ന‌് സുപ്രീംകോടതിയിൽ റിവ്യൂ ഹർജി പരിഗണനയ‌്ക്ക‌് വരും. അതിനിടയ‌്ക്ക‌് സുപ്രീംകോടതിയിൽനിന്ന‌് എന്തെങ്കിലും നടപടിയുണ്ടാകുമോയെന്ന ആശങ്ക കേരളത്തിലെ ബിജെപി –-കോൺഗ്രസ‌് നേതാക്കളിൽ ശക്തമാണ‌്.