കറൻസി നിരോധനം നികുതി വരുമാനത്തെ തകർത്തു ; കൊട്ടിഘോഷിച്ച പദ്ധതികൾക്ക് ഫണ്ടില്ല, റിസർവ് ബാങ്ക് കരുതൽ ധനം പിടിച്ച് പറിക്കാൻ മോദി സർക്കാർ

റിസർവ‌് ബാങ്കിന്റെ കരുതൽ ധനശേഖരം പിടിച്ചുപറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നോട്ടുപിൻവലിക്കൽ നടപടിയുടെ പരാജയത്തെ തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്. 2016 നവംബർ എട്ടിന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതോടെ 15.41 ലക്ഷം കോടി രൂപയാണ‌് ഒറ്റയടിക്ക‌് സമ്പദ‌്‌വ്യവസ്ഥയിൽനിന്ന‌് തുടച്ചുനീക്കപ്പെട്ടത‌്. പിൻവലിച്ചവയുടെ മൂന്നിലൊന്നും തിരിച്ചുവരില്ലെന്നും ഈ തുക റിസർവ‌് ബാങ്കിന്റെ ലാഭമായി കണക്കാക്കി കൈപ്പറ്റാമെന്ന പ്രതീക്ഷയായിരുന്നു ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ‌് അടുക്കവെ പല വമ്പൻ പദ്ധതികള്‍ ഇതുവഴി പ്രഖ്യാപിക്കാനും കേന്ദ്രം ലക്ഷ്യമിട്ടു. അസാധുവാക്കിയ നോട്ടിന്റെ 99.3 ശതമാനവും തിരിച്ചുവന്നതോടെ ലാഭമോഹം പൊളിഞ്ഞു.
 
പിൻവലിച്ച നോട്ടുകളിൽ 10300 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ‌് തിരിച്ചെത്താതിരുന്നത‌്. പിൻവലിച്ച നോട്ടുകൾക്കായി പുതിയ നോട്ടുകൾ അടിക്കുന്നതിന‌് മാത്രമായി 21000 കോടി രൂപ സർക്കാരിന‌് ചെലവഴിക്കേണ്ടിവന്നു. ചുരുക്കത്തിൽ അഞ്ചുലക്ഷം കോടിയോളം രൂപ നേട്ടം പ്രതീക്ഷിച്ച സ്ഥാനത്ത‌് പതിനായിരം കോടിയോളം രൂപയുടെ നഷ്ടമാണ‌് സംഭവിച്ചത‌്. ഇതോടെ ലക്ഷ്യമിട്ട വൻകിട പദ്ധതി പ്രഖ്യാപനങ്ങളെല്ലാം പാളി.
 
ക്രൂഡോയിൽ വില ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും മോഡി സർക്കാരിനെ പ്രതിസന്ധിയിലാക്കി. പ്രഖ്യാപിച്ച പദ്ധതികൾക്കുപോലും പണമില്ലാത്ത സ്ഥിതിയായി. സമഗ്ര ആരോഗ്യ ഇൻഷുറൻസ‌് പദ്ധതിയായ ആയുഷ‌്മാൻ ഭാരത‌് പ്രഖ്യാപിച്ചെങ്കിലും പണം കണ്ടെത്താനായിട്ടില്ല. പ്രതിവർഷം ചുരുങ്ങിയ‌ത‌് 12000 കോടി രൂപയെങ്കിലും വേണ്ട പദ്ധതിക്ക‌് ബജറ്റിൽ അനുവദിച്ചിട്ടുള്ളത‌് 1200 കോടി മാത്രം.
 
ബജറ്റിൽ അവകാശപ്പെട്ട 3.3 ശതമാനം ധനക്കമ്മിയെന്നത‌് നിലവിലെ സാഹചര്യത്തിൽ സാധ്യമാകില്ലെന്ന ബോധ്യം ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിക്കുണ്ട‌്. ലക്ഷ്യമിട്ട ധനകമ്മിയുടെ ഏതാണ്ട‌് 95.5 ശതമാനത്തിൽ കഴിഞ്ഞ സെപ‌്തംബറിൽത്തന്നെ സർക്കാർ എ‌ത്തി. കഴിഞ്ഞ ഏഴുവർഷമായി കുറഞ്ഞുവരുന്ന ധനകമ്മി എന്നാൽ നടപ്പുവർഷം കുതിച്ചുയര്‍ന്നേക്കാം.
 
വ്യവസായ–-നിർമാണ–- കാർഷികമേഖലകളിൽ നോട്ടുപിൻവലിക്കൽ സൃഷ്ടിച്ച ആഘാതം ജിഡിപി വളർച്ചയെ ബാധിച്ചു. നികുതിസമാഹരണം പ്രതീക്ഷിച്ച രീതിയില്‍ വര്‍ധിച്ചില്ല. പെട്രോൾ–- ഡീസൽ തീരുവയിൽ തുടർച്ചയായി വരുത്തിയ വർധനയിലൂടെ കൈവന്ന അധികപണം മാത്രമാണ‌് ആശ്വാസമായത‌്.  തിരക്കിട്ടുള്ള ജിഎ‌സ‌്ടി നടപ്പാക്കലും നികുതി സമാഹരണത്തെ ബാധിച്ചു. ഈ വിധം കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനടപടികളെല്ലാം പാളിയതോടെയാണ‌് റിസർവ‌് ബാങ്കിനെ ഞെരുക്കാന്‍ തീരുമാനിച്ചത്