നോട്ട് നിരോധനത്തിന്റെ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ബാക്കിയായുന്നത് തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ് വ്യവസ്ഥ

മോഡി സർക്കാരിന്റെ കൊട്ടിഘോഷിച്ച  നോട്ടുനിരോധനത്തിന്റെ മൂന്നാം വർഷത്തിലേക്ക‌് കടക്കുമ്പോഴാണ‌് റിസർവ‌് ബാങ്കിന്റെ കരുതൽധനം പിടിച്ചുപറിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം. നോട്ടുനിരോധനം ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയെ ഏതുവിധം ബാധിച്ചുവെന്ന‌് ധനമന്ത്രാലയത്തിന്റെ പരിഭ്രാന്തി നിറഞ്ഞ നീക്കത്തിൽനിന്ന‌് വ്യക്തം. രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡോയിൽ വിലവർധനയുമെല്ലാം ധനക്കമ്മിക്കുമേൽ സൃഷ്ടിക്കുന്ന സമ്മർദം എങ്ങനെ  മറികടക്കാനാകുമെന്നറിയാതെ ഉഴറുകയാണ‌് മോഡി സർക്കാർ.
 
മൂക്കുകുത്തിയ രൂപ, കുതിച്ചുയരുന്ന ഇന്ധനവില, ചാഞ്ചാടുന്ന ഓഹരിവിപണി, കിട്ടാക്കട പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബാങ്കിങ‌് മേഖല, മുരടിച്ച കാർഷിക–- വ്യാവസായികമേഖലകൾ, കുതിച്ചുയരുന്ന തൊഴിലില്ലായ‌്മ–- മോഡിയുടെ നോട്ടുപിൻവലിക്കൽ രണ്ടുവർഷം പിന്നിടുമ്പോഴത്തെ ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയുടെ ദയനീയചിത്രത്തെ ഇങ്ങനെ ചുരുക്കാം.
 
രാജ്യത്തിന്റെ സമ്പദ‌്‌വ്യവസ്ഥയെ തകിടംമറിക്കുകയായിരുന്നു മണ്ടൻ തീരുമാനത്തിലൂടെ. 2015–-16 വർഷം 8.01 ശതമാനം ജിഡിപി വളർച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ടുപിൻവലിക്കലിനെത്തുടർന്ന‌് ഇത‌് ഗണ്യമായി ഇടിഞ്ഞു. 2016–-17 ൽ 7.11 ശതമാനമായും 2017–-18ൽ 6.7 ശതമാനമായും കുറഞ്ഞു. നാലുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ‌് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തപ്പെട്ടത‌്.
 
2016–-18 കാലയളവിൽ ലോകത്തിലെ 120 ഓളം രാജ്യങ്ങൾ വളർച്ചാനിരക്കിൽ കുതിപ്പ‌് കൈവരിച്ചപ്പോഴാണ‌് ഇന്ത്യയുടെ കിതപ്പ‌്. ഉൽപ്പന്നനിർമാണം, കെട്ടിടനിർമാണം, ചെറുകിട വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ നോട്ടുപിൻവലിക്കൽ സൃഷ്ടിച്ച തിരിച്ചടിയാണ‌് വളർച്ചയെ പിന്നോട്ടടിച്ചത‌്. കറൻസി രൂപത്തിൽ ഇടപാടുകൾ നടന്ന ഈ മേഖലകളിൽ പെട്ടെന്നുണ്ടായ നോട്ടുക്ഷാമം മാസങ്ങളോളം പ്രതിസന്ധി സൃഷ്ടിച്ചു. ആയിരക്കണക്കിന‌് ചെറുകിട വ്യവസായശാലകൾ അടച്ചുപൂട്ടി. വസ‌്ത്രം, തുകൽ, കരകൗശല ഉൽപ്പന്നങ്ങൾ, ആഭരണം, ഉപഭോക‌്തൃവസ‌്തു നിർമാണം തുടങ്ങിയ മേഖലകളാണ‌് പ്രതിസന്ധിയിലായത‌്. അസംഘടിതമേഖലയെ ഏതെല്ലാം വിധം ബാധിച്ചുവെന്നതിന‌് ആധികാരികമായ കണക്കുകൾ എവിടെയുമില്ല. 
 
ഇന്ത്യയുടെ വളർച്ചയിൽ നോട്ടുപിൻവലിക്കൽ സൃഷ്ടിച്ച ആഘാതം കൂടുതൽ ഗുരുതരവും ദീർഘനാൾ തുടരുന്നതുമാകുമെന്നാണ‌് ഐഎംഎഫ‌് പുറത്തുവിട്ട കൺസൾട്ടേഷൻ റിപ്പോർട്ടിൽ പറയുന്നത‌്.
 
( എം. പ്രശാന്ത് - ദേശാഭിമാനി )
Advertisement
Advertisement