ബിജെപിയുടെ സ്വാധീന മണ്ഡലമായ ബെല്ലാരിയിൽ 14 വർഷത്തിന് ശേഷം കോൺഗ്രസ് സ്വന്തമാക്കിയത് റെക്കോഡ് ഭൂരിപക്ഷം

ബംഗളൂരു: ബിജെപി 14 വര്‍ഷമായി വോട്ടുഖനിയായി കണക്കുകൂട്ടിയ മണ്ഡലമാണ് ഇപ്പോള്‍ ബിജെപിയുടെ കൈ വിട്ട് പോയിരിക്കുന്നത്. ബെല്ലാരി മാഫിയയെന്ന് കുപ്രസിദ്ധി നേടിയ റെഡ്ഡി സഹോദരങ്ങള്‍ പറയുന്നിടത്ത് ജനം വോട്ടുചെയ്യുമെന്നതായിരുന്നു സ്ഥിതി. 
 
റെഡ്ഡി സഹോദരന്മാരുടെ ഉറ്റമിത്രം ശ്രീരാമലു സഹോദരി ബി ശാന്തയെ മത്സരിപ്പിച്ചപ്പോള്‍ പരാജയപ്പെടുമെന്ന് അമിത്ഷായുടെയും യെദ്യൂരപ്പയുടെയും ആ ആത്മവിശ്വാസത്തിന് കൊടുത്ത കനത്ത തിരിച്ചടിയാണിത്.കോണ്‍ഗ്രസിന്‍റെ ഉറച്ചമണ്ഡലമായിരുന്നു ഒരുകാലത്ത് ബെല്ലാരി. 1999ല്‍ എഐസിസി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ജയിപ്പിച്ച മണ്ഡലം. സോണിയയെ നേരിടാന്‍ ബിജെപി സുഷമാ സ്വരാജിനെ നിയോഗിച്ചപ്പോള്‍, അനായാസ വിജയം സാധ്യമായിരുന്ന, മണ്ഡലത്തിലെ പോരിന് വാശിയേറി. പിന്നീട് ബിജെപിയുടെ വോട്ട് സ്വാധീനം ക്രമേണ ശക്തിപ്പെട്ടു. 2004ല്‍ ബിജെപി ബെല്ലാരിയില്‍ ജയിച്ചതോടെ പിന്നീട് കോൺഗ്രസിന് ബാലികേറാമലയായി മാറിയ മണ്ഡലമായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീരാമലു 85000 വോട്ടിന്  ജയിച്ച മണ്ഡലത്തിലെ കോണ്‍ഗ്രസ് ജയം 243161 എന്ന ഭൂരിപക്ഷത്തോടെയാണ്.