കര്‍ണാടക തിരെഞ്ഞെടുപ്പ്; ആദ്യ ഫലം പുറത്തുവരുമ്പോൾ കോണ്‍ഗ്രസിന് നേട്ടം, ബി.ജെ.പിക്ക് വന്‍ തിരിച്ചടി

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് ആദ്യ ഫലം പുറത്തുവരുമ്പോൾ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. മൂന്ന് ലോകസഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചന പുറത്ത് വരുമ്പോൾ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യമാണ് മുന്നേറുന്നത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യം ജയിച്ചു. രാമനഗരയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ കോൺഗ്രസിന്റെ ആനന്ദ് ന്യാമഗൗഡയും ജയിച്ചു. 
 
ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമൊഗ്ഗയിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ഉഗ്രപ്പയുടെ ലീഡ് ഒരു ലക്ഷം കടന്നു. ബി.ജെ.പിയുടെ യദ്യൂരപ്പ, ശ്രീരാമലു, ജെ.ഡി.എസിന്റെ സി.എസ് പുട്ടരാജു എന്നിവര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നു തുട‌ര്‍ന്നാണ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. 
 
മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായ എല്‍.ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ പത്രിക പിന്‍വലിച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതും ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.