ലോകതൊഴിലാളി ദിനമായ മെയ് ഒന്ന് ത്രിപുര സര്‍ക്കാര്‍ അവധിദിനങ്ങളില്‍ നിന്ന് ഒഴിവാക്കി

അഗർത്തല: ലോകതൊഴിലാളി ദിനമായ മെയ് ഒന്ന് അവധിദിനങ്ങളിൽ നിന്ന് ഒഴിവാക്കി ത്രിപുര സർക്കാർ. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ വകവയ്ക്കാതെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. പതിനൊന്ന് ഉത്സവദിനങ്ങളുൾപ്പെടെ മെയ്ദിനം നിയന്ത്രിത അവധിയായിരിക്കുമെന്ന് അണ്ടർ സെക്രട്ടറി എസ്.കെ. ദേബർമ്മ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ജോലിക്കാർക്ക് വർഷത്തിൽ തെരഞ്ഞെടുക്കാവുന്ന അവധികളുടെ എണ്ണം നാലാണ്.
 
തൊഴിലാളി വിരുദ്ധ നിലപാട് എന്നാണ് പ്രതിപക്ഷമുൾപ്പെടെ ഈ നടപടിയെ വിമർശിക്കുന്നത്. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഈ നടപടി എന്ന് ത്രിപുരയിലെ മുൻ തൊഴിൽ മന്ത്രിയായ മണിക് ദേ പ്രതികരിച്ചു. തൊഴിലാളികളോടുള്ള ഇവരുടെ വിരുദ്ധ മനോഭാവവും നിലപാടും ഇതിൽ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനദിനമായിട്ടാണ് മെയ്ദിനത്തെ എല്ലാവരും കരുതുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ പൊതു അവധി ഇല്ലാതാക്കിയ നടപടി ഉണ്ടായിട്ടില്ലെന്നും മണിക് ദേ കൂട്ടിച്ചേർക്കുന്നു.