മിസോറാമിൽ നിയമസഭാ സ്പീക്കർ കോൺഗ്രസ് പാർട്ടി അംഗത്വവും സ്പീക്കർ സ്ഥാനവും രാജിവെച്ച് ബിജെപിയിൽ ചേർന്നു

ഐസ്വാൾ: മിസോറാം നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ ഹിഫേ‍യി പാർട്ടി അംഗത്വവും സ്പീക്കർ സ്ഥാനവു രാജിവെച്ച് ബിജെപിയിൽ ചേർന്നു. ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഹിഫേയിയുടെ നീക്കം. 
 
ഡെപ്യൂട്ടി സ്പീക്കർ ആർ. ലാൽറിനവ്മയ്ക്കാണ് ഹിഫേയി രാജി  സമർപ്പിച്ചത്. ഏഴു തവണ നിയമസഭാംഗമായിരുന്ന അദ്ദേഹം പ്രാഥമിക കോൺഗ്രസ് അംഗത്വം പോലും രാജിവെച്ചാണ് ബിജെപിയിലേക്ക് ചേക്കേറിയത്. 40 അംഗങ്ങളുള്ള സഭയിൽ നിന്നും രാജിവെച്ച അഞ്ചാമത്തെ കോൺഗ്രസ് എംഎൽഎയാണദ്ദേഹം. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറാമിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്. 
 
ഇത്രയും മുതിർന്ന നേതാവ് പാർട്ടിയിലേക്ക് വരുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നു ബിജെപി നേതാവ് ഹിമാനത ബിസ്‌വാ ശർമ പറഞ്ഞു. പാലക് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഹിഫേയിയെ നിശ്ചയിച്ചിരുന്നെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി കെ.ടി. റോഖാവുവിനെ ആ സ്ഥാനത്തേക്ക് പാർട്ടി നിർദേശിക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നു രാജിവെക്കാൻ പ്രേരിപ്പിച്ചതെന്നാണ് അനുമാനം.