അയോദ്ധ്യയില്‍151 മീറ്റര്‍ ഉയരമുള്ള ശ്രീരാമ പ്രതിമ സ്ഥാപിക്കും: യോഗി സര്‍ക്കാര്‍

ലക്നൗ : അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു .151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതി യോഗി സര്‍ക്കാര്‍ 2017 ല്‍ തന്നെ ആവിഷ്ക്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ ഗവര്‍ണര്‍ രാം നായിക്കിന് സമര്‍പ്പിക്കുകയും ചെയ്തു. ഇത്തവണത്തെ ദീപാവലി നാളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും.ദീപാവലി ദിനത്തില്‍ അയോദ്ധ്യയില്‍ ലക്ഷം ചിരാതുകള്‍ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇത്തവണ യോഗി സര്‍ക്കാര്‍.
 
 
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആരോഗ്യ കേന്ദ്രങ്ങള്‍,അഗ്നിശമനസേനാ വിഭാഗങ്ങള്‍,ആശുപത്രികള്‍,കുടിവെള്ള വിതരണ വിഭാഗം എന്നിവയും ഒരുക്കിയിട്ടുണ്ട്.ആഘോഷങ്ങള്‍ സമാധാനപൂര്‍ണ്ണമായിരിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍,മജിസ്ട്രേട്ടുമാര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സ്ഥലത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നും യോഗി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഒരു ദിവസത്തെ ദീപാവലി ആഘോഷമാണ് അയോദ്ധ്യയില്‍ ഉണ്ടായിരുന്നത്.