ലൈംഗികബന്ധത്തിന് വഴങ്ങാത്ത പതിമൂന്ന് വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ കഴുത്തറുത്ത സംഭവത്തിൽ തമിഴ്നാട് കാണിക്കുന്നത് അപകടകരമായ മൌനം

തന്റെ ആഗ്രഹത്തിനു വഴങ്ങാത്ത എട്ടാംക്ലാസുകാരിയായ ദളിത്‌ പെണ്‍കുട്ടിയുടെ കഴുത്തറുത്ത കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് കാണിക്കുന്നത് അപകടകരമായ മൌനം. സിനിമാ പ്രവര്‍ത്തകരുടെ മീടു വിവാദങ്ങള്‍ക്കിടയില്‍ ദളിത് പെണ്‍കുട്ടിയോട് കാണിച്ച അക്രമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ അയല്‍വാസിയായ മാത്തൂർ തളവായ്പെട്ടി സ്വദേശി ദിനേശ്കുമാർ അറസ്റ്റില്‍ ആയിരുന്നു. സ്വന്തം അമ്മയുടെ കൺമുന്നിൽ പിടഞ്ഞായിരുന്നു ചാമിവേലിന്റെ മകൾ രാജലക്ഷ്മിയുടെ മരണം. ഒക്ടോബർ 22 ന് വൈകിട്ട് 5 മണിയോടായിരുന്നു രാജ്യത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. ലൈംഗിക ബന്ധം നിഷേധിച്ചതിന് തല വെട്ടിയതു കൊണ്ട് ലൈംഗിക കൊലയും രാജലക്ഷ്മിയെന്ന ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് കൊണ്ട് ഇതൊരു ദളിത് കൊലയുമാണ് എന്ന് ദളിത് ആക്റ്റിവിസ്റ്റ് എ.കതിര്‍ അഭിപ്രായപ്പെട്ടു.
 
രാജലക്ഷ്മിയും അമ്മ ചിന്നപ്പൊണ്ണും വീടിനു മുന്നിൽ ഇരിക്കുമ്പോൾ പാടത്തു നിന്നു ജോലി കഴിഞ്ഞു വരുകയായിരുന്ന ദിനേശ് അമ്മയെ മർദിച്ചശേഷം കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ടു രാജലക്ഷ്മിയുടെ തലവെട്ടുകയായിരുന്നു.ആളുകൾ ഓടിക്കൂടിയതോടെ പെൺകുട്ടിയുടെ തല റോഡിലെറിഞ്ഞു ദിനേശ് ഓടിപ്പോയി. പിന്നീടു സേലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു. ആത്തൂർ ഗവ.സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു രാജലക്ഷ്മി. പുഷ്പ വ്യാപാരികളാണു ദലിത് വിഭാഗത്തിൽപ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍.