മധ്യപ്രദേശിൽ ബി.ജെ.പിയ്ക്ക് ഭരണം നഷ്ടമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പിക്ക് നിരാശ പകര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നേടുമെന്നും മന്ത്രിമാരടക്കം തോല്‍ക്കുമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 അംഗങ്ങളുടെ സഭയില്‍ 128 സീറ്റുകൾ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് പലരും മത്സര രംഗത്ത് നിന്നും മാറിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പേരു വന്ന മന്ത്രിമാര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുമില്ല. 
 
177 സീറ്റുകളിൽ ഇപ്പോൾ തന്നെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി 92, ബി.എസ്.പി 6, എസ്.പി 3 വീതം സീറ്റുകൾ നേടാണ് സാദ്ധ്യത എന്നാണ് സർവ്വേയിൽ പറയുന്നത്. ഗ്വാളിയാര്‍ ചമ്പല്‍ ഡിവിഷന്‍, വിന്ധ്യ, മഹാകോശല്‍, മല്‍വാ നിമര്‍ എന്നീ മേഖലകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം സാദ്ധ്യമാകുമ്പോള്‍ ബുന്‍ദല്‍ഖണ്ഡില്‍ മാത്രമായി ബി.ജെ.പി ഒതുങ്ങുമെന്നും മദ്ധ്യഭാരത് മേഖലയില്‍ ഇരു പാര്‍ട്ടികളും തുല്യസീറ്റുകള്‍ നേടുമെന്നുമാണ് റിപ്പോര്‍ട്ട്.