തീവ്രവാദത്തിനെതിരെ ഇനി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്ന് മോദിയും ട്രംപും

തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഭീകരത ലോകത്തെ ബാധിച്ചിരിക്കുന്ന കാന്‍സറാണ്. അത് തുടച്ചു നീക്കിയേ പറ്റു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. എല്ലാ തരത്തിലുള്ള ഭീകരതയേയും ഇല്ലാതാക്കുകയാണ് ലക്ഷ്യം- മോദിയും ട്രംപു പറഞ്ഞു.
ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യു.എസ് മുഖ്യപങ്കാളിയായിരിക്കും. സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ദ്ധിപ്പിക്കും.
അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും കൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാന്റെ പുനര്‍നിര്‍മാണം ഇന്ത്യയുടെ പ്രധാന വിഷയമാണ്. ഇക്കാര്യത്തില്‍ യു.എസിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ടെന്നും മോദി പറഞ്ഞു.
മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണ്. അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനികസാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു.മോദിയെ സ്വാഗതം ചെയ്യാന്‍ ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു.
ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്നാണ് മോദി വിശേഷിപ്പിച്ചത്.

Advertisement
Advertisement