ഡയറി ഫാമിലേയ്ക്ക് പശുക്കളെ കൊണ്ടു പോയവര്‍ക്കു നേരെ ഗോ രക്ഷക സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം: സംഭവം ഭുവനേശ്വറിൽ ട്രെയില്‍ തടഞ്ഞിട്ട്

ഡയറി ഫാമിലേയ്ക്ക് കറവ പശുക്കളെ കൊണ്ടു പോയവര്‍ക്കു നേരെ ഗോ രക്ഷക് സംഘത്തിന്‍റെ വക ക്രൂര മര്‍ദ്ദനം. കൊച്ചുവേളി-ഗുവാഹത്തി എക്സ്പ്രസ് ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും കന്നുകാലികളുടെ പേരില്‍ ക്രൂരത അരങ്ങേറിയത്.
ട്രെയിന്‍ തടഞ്ഞു നിര്‍ത്തിയാണ് കന്നുകാലികളെ കടത്തുന്നുണ്ടെന്ന് ആരോപിച്ച്‌ സംഘം പരിശോധന നടത്തിയത്. തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്ന് ഉന്നയിച്ചാണ് ട്രെയിൻ തടഞ്ഞിട്ട് പരിശോധന നടന്നത്. പിന്നാലെ ട്രെയിനിന്‍റെ പാഴ്സല്‍ കംന്പാര്‍ട്ടുമെന്‍റില്‍ നിന്ന് 20 കറവ പശുക്കളെ കണ്ടെത്തുകയും ആക്രമം അഴിച്ചുവിടുകയുമായിരുന്നു.
തമിഴ്നാട്ടിലെ സേലത്തു നിന്നുള്ള ഫാമില്‍ നിന്ന് മേഘാലയിലെ ഡയറി ഫാമിലേയ്ക്ക് കൊണ്ടു പോയ പശുക്കളെയാണ് ഇവര്‍ കണ്ടെത്തിയത്.
രേഖകള്‍ കാണിച്ചുവെങ്കിലും ഡയറി ഫാമിലെ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘം ലോക്കോ പൈലറ്റിനെയും, സഹായിയേയും മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കാലിക്കടത്തിനു സഹായം ചെയ്തുവെന്നാരോപിച്ചായിരുന്നു ലോക്കോ പൈലറ്റിനും മര്‍ദ്ദനം ഉണ്ടായത്. 25 ഓളം വരുന്ന സംഘമാണ് ആക്രമം നടത്തിയത്.