'ജീവിതം സര്‍ഗ്ഗാത്മകതയുടെ പൊരുളാക്കിയ മാധവിക്കുട്ടി' - കെ.ജി.ജ്യോതി 'ജീവിതം കൊണ്ട് ഇത്രമാത്രം ' എന്ന മാധവിക്കുട്ടിയുടെ പുസ്തകം പരിചയപ്പെടുത്തുന്നു

" സദാചാരത്തിന്‍റെ കൊടിക്കൂറകള്‍ ആകാശത്തില്‍ പറപ്പിക്കുന്ന  മലയാളി അര്‍ദ്ധരാത്രിയില്‍ ഫോണ്‍ വിളിച്ച് വിധവകള്‍ക്ക് നിദ്രാഭംഗം വരുത്തുന്നതും, ബസ്സിലും, തീയേറ്ററിലും പെണ്ണിന്‍റെ പ്യഷ്ഠത്തെ നുള്ളി നോവിക്കുന്നതും, സുന്ദരിയായ പെണ്ണിനെ വില്പനചരക്കാക്കി മാറ്റുന്ന കേരളീയ സംസ്കാരത്തെ തന്‍റെ തുറന്നെഴുത്തിലൂടെ പുറത്തുചാടിക്കുന്നു."

'ഈ ജീവിതം കൊണ്ട് ഇത്ര മാത്രം 'എന്ന മാധവിക്കുട്ടിയുടെ പുസ്തകത്തെ യുവ എഴുത്തുകാരി കെ.ജി. ജ്യോതി പരിചയപ്പെടുത്തുന്നു.

 

'പത്താം വയസ്സുമുതല്‍ മലയാളിയോട് കഥപറഞ്ഞു തുടങ്ങിയ മാധവിക്കുട്ടി തന്‍റെ മരണം വരെ മലയാള സാഹിത്യത്തേയും , ചെറുകഥയെയും ഒരുപോലെ സ്വാധീനിച്ചു. പേരുകള്‍ മാറി, മതം മാറി, വേഷം മാറി വന്നപ്പോഴും സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനുമുള്ള അമിതാഗ്രഹമാണ് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒാരോ കഥാപാത്രസ്യഷ്ടികളെയും അവയുടെ പാരമ്യത്തിലെത്തിക്കുന്നത്. ആത്മകഥയെഴുതി, കവിതകളും, നോവലുകളും, ചെറുകഥകളുമെഴുതി ലോക സാഹിത്യത്തില്‍തന്നെ  സമാനതകളില്ലാത്ത സര്‍ഗ്ഗാത്മക രചനകള്‍ സംഭാവന ചെയ്ത സാഹിത്യകാരി. മരിക്കുവോളം പറഞ്ഞും, എഴുതിയും, പ്രണയിച്ചും, കലഹിച്ചും ജീവിച്ച കാലത്തെ എഴുത്തിനെ ആത്മകഥന സ്വഭാവമാര്‍ന്ന എഴുത്തില്‍ സംഗ്രഹിക്കുന്നതാണ് ' ഈ ജീവിതംകൊണ്ട് ഇത്രമാത്രം ' എന്ന പുസ്തകത്തിലൂടെ .

 

സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ ധീരമായി അവഗണിച്ചുകൊണ്ട് തന്‍റെ ഭാവനയ്ക്ക് പുര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന തുറന്നെഴുത്തിന്‍റെ സമാഹാരമാണിത്. തന്‍റെ ജീവിതം, പ്രണയം , മതംമാറ്റം, സ്വാതന്ത്ര്യം, സദാചാരം, സ്ത്രീ -പുരുഷ ബന്ധങ്ങള്‍, പുരുഷ കേന്ദ്രിക്യത വ്യവസ്ഥിതി, വിശ്വാസം എന്നിങ്ങനെ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള ഒടുങ്ങാത്ത ചില ആകാംക്ഷകളെ ധുരീകരിക്കുന്ന 30 കുറിപ്പുകള്‍ .

 

ജീവിത സായാഹ്നത്തില്‍ ഇസ്ലാമില്‍ അഭയം തേടിയതും, ക്രൂരതയുടെ സ്പര്‍ശമേല്‍ക്കാത്ത ഇസ്ലാമില്‍ സുരക്ഷിതത്വം തേടി അഭയാര്‍ത്ഥിയാകുന്നതുമാണ് ' ലോകത്തിന്‍റെ മുഖച്ഛായയ്ക്ക് എന്തുപറ്റി ' എന്ന ആദ്യ കുറിപ്പില്‍ കുറിക്കുന്നത്. ഭാവനാവിലാസത്തില്‍ ഉണര്‍ന്നെഴുനേറ്റ ദിവ്യകഥാപാത്രത്തെപ്പോലെ ത്യപ്തിവരാത്ത മനസ്സും , നിരാശ നിറയ്ക്കുന്ന ശരീരവുമായി അപമാനിതയായ , മരിക്കാതെ മരിച്ച ഒരു ഭിക്ഷക്കാരിയെപ്പോലെ ആത്മബലി നടത്തിയ മാധവിക്കുട്ടിയെ ഇതില്‍ അടുത്തറിയുന്നു. മ്യഗീയരതിയെ വാഹനാപകടത്തോട് താരതമ്യം ചെയ്യുന്നതും , ഒരിക്കല്‍ വാഹനാപകടത്തില്‍ പെട്ടവര്‍ പിന്നീട് വാഹനത്തില്‍ കയറാന്‍ ഭയപ്പെടുന്നതുപോലെ പീഡിതയായ പെണ്‍കുട്ടി പുരുഷന്മാരെ കാണുമ്പോള്‍ ഭയന്നുപോകുമെന്ന നിരീക്ഷണവും പങ്കുവയ്ക്കുന്നു .

 

ഭക്തിയെന്ന ശിരോവസ്ത്രമണിഞ്ഞ് , സ്വതന്ത്ര്യം മതമായി സ്വീകരിച്ചപ്പോഴും  അപമാനഭാരത്താല്‍ ശിരസ്സ് താഴ്ത്തിയ മാധവിക്കുട്ടിയുടെ മറ്റൊരു മുഖം കൂടി ഇതിലുണ്ട്. ബലഹീനതകളോരോന്നും അഴിച്ചിട്ട വസ്ത്രങ്ങളാക്കി, ഭക്തിയെന്ന ആവരണംകൊണ്ട് ആത്മാവിന്‍റെ നഗ്നത മറയ്ക്കാന്‍  ശ്രമിക്കുമ്പോഴും തെറ്റിദ്ധാരണകളുടെ മുള്‍പ്പടര്‍പ്പുകളില്‍ അടിതെറ്റി വീണ സുരയ്യ  പ്രേമപാരവശ്യത്താല്‍ രാവിന്‍റെ തണുത്ത സ്പര്‍ശത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

 

ഏതു പവിത്രമായ ബന്ധത്തിലും അശ്ലീലത ദര്‍ശിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ ധീരമായി അവഗണിച്ചതും, ദെെവത്തിന്‍റെ പേരില്‍ കൊടും ക്രൂരതകള്‍ ചെയ്യുന്ന മതങ്ങളെ വിമര്‍ശിക്കുന്നതും ഉള്‍പ്പെടുത്തിയ കുറുപ്പാണ് ' മാന്യതയ്ക്കുവേണ്ടി ഞാന്‍ എല്ലാവരേയും വെറുക്കണോ ' എന്നത്. സദാചാരത്തിന്‍റെ കൊടിക്കൂറകള്‍ ആകാശത്തില്‍ പറപ്പിക്കുന്ന  മലയാളി അര്‍ദ്ധരാത്രിയില്‍ ഫോണ്‍ വിളിച്ച് വിധവകള്‍ക്ക് നിദ്രാഭംഗം വരുത്തുന്നതും, ബസ്സിലും, തീയേറ്ററിലും പെണ്ണിന്‍റെ പ്യഷ്ഠത്തെ നുള്ളി നോവിക്കുന്നതും, സുന്ദരിയായ പെണ്ണിനെ വില്പനചരക്കാക്കി മാറ്റുന്ന കേരളീയ സംസ്കാരത്തെ തന്‍റെ തുറന്നെഴുത്തിലൂടെ പുറത്തുചാടിക്കുന്നു. അന്തര്‍ലീനമായ ശൂന്യത നികത്താന്‍ അഗാധമായ പ്രണയം അനിവാര്യമെന്ന് ആവര്‍ത്തിക്കുന്ന എഴുത്തുകാരി ഒരിക്കലും മടക്കമില്ലാത്ത നാലാപ്പാട്ടെ പടിഞ്ഞാറെ മുറ്റവും, പാമ്പിന്‍കാവും, പാരിജാത സുഗന്ധവും ഒാര്‍ത്തെടുക്കാനും ശ്രമിക്കുന്നത് എവിടെയോ നിരാശയുടെ നിഴല്‍പേറുന്നതുപോലെ വായനക്കാരന് അനുഭവപ്പെടുന്നുണ്ട്.

 

ജീവിതംതന്നെ ഒരു സര്‍ഗ്ഗാത്മക സ്യഷ്ടിയാക്കിയെടുത്ത മാധവിക്കുട്ടി അവരുടെ ജീവിതത്തോളം , ക്യതികളോളം സര്‍ഗ്ഗാത്മകമാവുകയാണ് മരണത്തിലും. സ്നേഹം ഒന്നിക്കുന്നത് സ്നേഹം , പിരിയുന്നത് വേദനാജനകം. സ്നേഹത്തിന് മതമില്ല, അതില്‍ പാപമില്ല. മരണത്തോടടുക്കുമ്പോഴും കൊയ്യാനുള്ളതെല്ലാം കൊയ്തെടുത്ത ചാരിതാര്‍ത്ഥ്യത്തോടെ ഈ ജീവിതം കൊണ്ട് ഇത്രയൊക്കയേ കഴിയൂ എന്ന വരിയില്‍ പുസ്തകം അവസാനിക്കുന്നു.'

 

 

പുസ്തകം --- ഈ ജീവിതംകൊണ്ട് ഇത്രമാത്രം
രചന -   മാധവിക്കുട്ടി
പ്രസാധകര്‍ --- DC Books
വില --- 40 രൂപ