മരണത്തേക്കാള്‍ ഭീകരമാണ് അടിമത്തം -- ഒരു അടിമപ്പെണ്ണിന്‍റെ ജീവിതകഥ .......

ഒരു അടിമപ്പെണ്ണ് കരിവീട്ടി പോലെ കറുത്തിട്ടായാലും, യജമാനത്തിയെപ്പോലെ വെളുത്തിട്ടായാലും ഒരു കാര്യവുമില്ല. രണ്ടായാലും അടിമയായ അവളെ പീഡനങ്ങളില്‍ നിന്നോ , ഹിംസയില്‍ നിന്നോ എന്തിന് മരണത്തില്‍ നിന്നുപോലും രക്ഷപ്പെടുത്താന്‍ നിയമത്തിന്‍റെ നിഴല്‍പോലുമില്ലാത്ത അവസ്ഥ എത്ര ഭീകരമാണ് .

അടിമയായി ജനിക്കുന്ന ഒാരോ ജീവനിലും ഉദയത്തില്‍ തന്നെ യജമാനനിഴലുകള്‍ ഇരുള്‍ പടര്‍ത്തുന്നു. ഭീകരനായ തടവുപുള്ളിയെ പാര്‍പ്പിച്ചിരിക്കുന്ന തടവറ എത്രയോ ഭേദമാണന്ന് കരുതിയ  കാലത്ത്  അടിമയായി ജനിക്കുകയും യജമാനന്‍റെ കൊടിയ പീഡനങ്ങള്‍ക്കും , ലെെംഗിക ചൂഷണങ്ങള്‍ക്കും ഇരയാകേണ്ടി വന്ന് അവസാനം സ്വാതന്ത്ര്യത്തിനായി കൊതിച്ച്  യജമാനഗ്രഹം വിട്ട് ഒാടിയ ഹാരിയറ്റ് ആന്‍ ജേക്കബ്സിന്‍റെ ജീവിതകഥയാണ് ' ഒരു അടിമപ്പെണ്ണിന്‍റെ ആത്മകഥ ' ( incidents in the life of a slave girl ).

അടിമകള്‍ അടിമകള്‍ മാത്രമായി ജീവിക്കുകയും , പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുകയും ചെയ്ത കാലത്താണ്  ഹാരിയറ്റിന്‍റെ ജനനം. വടക്കന്‍ കരേലിനയിലുള്ള എഡന്‍ടണില്‍ ജനിച്ച ഹാരിയറ്റ്  ആറാം വയസ്സിലാണ് താനൊരു അടിമയാണെന്ന കാര്യം തിരിച്ചറിയുന്നത് . സ്വന്തക്കാരില്‍ നിന്നും പിഴുതെടുക്കപ്പെട്ട ഹാരിയറ്റ് പന്ത്രണ്ട് വയസ്സുവരെ മാര്‍ഗരറ്റ് ഹോണിബ്ലോ, ഡാനിയല്‍ ഹോണിബ്ലോ എന്നിവരുടെ അടിമയായി കഴിഞ്ഞു. യജമാനത്തിയുടെ വീടാണ് തന്‍റെ വീടെന്ന് പറഞ്ഞ മാര്‍ഗരറ്റ് മനുഷ്യത്വമുള്ളവരായതിനാല്‍ എഴുത്തും, വായനയും കൂടെ തയ്യല്‍പ്പണിയും പഠിപ്പിച്ചു. 1852 ല്‍ യജമാനത്തിയുടെ മരണത്തോടെ അവരുടെ അഞ്ചു വയസ്സുകാരി മേരിയുടെ അടിമയാകുന്നതിലൂടെ ഒരു അടിമയുടെ ജീവിതം എത്ര ഭീകരമാണന്ന് ഹാരിയറ്റ് തിരിച്ചറിയുന്നു.

കൗമാരത്തിലേക്കു കടക്കുന്ന തന്‍റെ ശരീരത്തിലാണ് മേരിയുടെ അച്ഛന്‍ നോട്ടമിട്ടിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഹാരിയറ്റിന് അധികനാള്‍ വേണ്ടിവന്നില്ല. ഒരു അടിമപ്പെണ്ണിന്‍റെ ജീവിതത്തെ സംബന്ധിച്ചടുത്തോളം ഇതെല്ലാം സ്വഭാവികമായിരുന്നിട്ടും വഴങ്ങികൊടുക്കാനും അവള്‍ തയാറായില്ല. ആത്മാഭിമാനം വെച്ചുപുലര്‍ത്താന്‍ അധികാരമില്ലാത്ത , സ്വഭാവശുദ്ധി വലിയ കുറ്റക്യത്യമായി കണ്ടിരുന്ന , ധാര്‍മ്മികതയുടെ എല്ലാ മൂല്യങ്ങളും ഇല്ലാതാക്കുന്ന ദുഷിച്ച വ്യവസ്ഥിതിയുടെ പിടിയിലമര്‍ന്നപ്പോഴാണ് സാമുവല്‍ ട്രെഡ്വെല്‍ സോയര്‍ എന്ന വെള്ളക്കാരനായ അഭിഭാഷകനുമായി പ്രണയത്തിലാകുന്നതും ആ ബന്ധത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ പിറക്കുന്നതും. ഒരു അടിമയ്ക്ക് വിവാഹവും, കുടുംബബന്ധങ്ങളുമുണ്ടാക്കാന്‍ അവകാശമില്ലാത്ത അവസ്ഥയില്‍ ജീവിതത്തേക്കാള്‍ മൂല്യമാണ് സ്വതന്ത്ര്യമെന്ന് തിരിച്ചറിയുന്ന ഭാഗം വായിക്കുമ്പോള്‍ തികച്ചും അവിശ്വസനീയമെന്നു തോനിപ്പിക്കുന്ന ചിത്രങ്ങളാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.

അടിമത്തത്തിന്‍റെ രാക്ഷസപ്പിടുത്തത്തില്‍ കിടന്നു പിടയ്ക്കുന്ന ഒരു അടിമയുടെ അവസ്ഥ എല്ലാ സദാചാര സംഹിതകളെയും അങ്കലാപ്പിലാക്കുന്നതും അവ പാലിക്കുന്നത് അസാധ്യമാണന്നു വിവരിക്കുന്ന നിരവധി സന്ദര്‍ഭങ്ങളും ഹാരിയറ്റ് പുസ്തകത്തില്‍ എടുത്തുപറയുന്നുണ്ട് . തന്‍റെ പരാധീനതയില്‍ വിജയം കണ്ട യജമാനനെ തോല്‍പ്പിക്കാന്‍ 1935 ല്‍ യജമാന വീട് വിട്ട് ഒാടിപ്പോയ ഹാരിയറ്റ് താന്‍ പോയ പ്രവിശ്യ തിരിച്ചറിയാതിരിക്കാന്‍  മറ്റൊരു പ്രവിശ്യയിലാണന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരം കത്തിടപാട് നടത്തിയതും, അജ്ഞാതവാസത്തിനിടെ തന്‍റെ മക്കളെ വിലയ്ക്കുവാങ്ങിയെങ്കിലും ഒളിവില്‍ കഴിയുന്ന ഹാരിയറ്റിന് സ്വന്തം മക്കളെ പോറ്റാനാകാതിരുന്ന സാഹചര്യത്തെ തുടര്‍ന്ന് മക്കളെ ന്യൂയോര്‍ക്കിലെ ബ്രൂക് ലിനില്‍ വീട്ടുവേലയ്ക്ക് നിര്‍ത്തേണ്ടി വരുന്ന ഭാഗം വായിക്കുമ്പോള്‍ അടിമയായി ജീവിക്കുന്നതിനേക്കാള്‍ ഭേദം  മരണം തന്നെയാണന്ന് ഹാരിയറ്റ് ആവര്‍ത്തിച്ചു പറയുന്ന സത്യത്തിന്‍റെ പൊരുള്‍ വ്യക്തമാക്കുന്നതാണ്.

1935 മുതല്‍ 1942 വരെ നീണ്ട 7 വര്‍ഷക്കാലം മുത്തശ്ശിയുടെ വീട്ടിലെ സ്റ്റോര്‍മുറിക്ക്  മുകളിലുണ്ടാക്കിയ മൂന്നടി മാത്രം ഉയരമുള്ള ഒരു ഇരുള്‍മുറിയിലും പിന്നീട് റോച്ചസ്റ്ററിലും ഒളിച്ചു നടന്ന ഹാരിയറ്റ് കവിയും പത്രാധിപനുമായ നഥാനിന്‍റെ വീട്ടില്‍ ജോലിക്കായി എത്തുകയും അവിടെ തന്‍റെ മക്കളെ കണ്ടെത്തുകയും ചെയ്യുന്നു . ഒടുവില്‍ സ്വതന്ത്രയായതിന് ശേഷം അമേരിക്കയിലെ അടിമത്ത നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതയായ ഹാരിയറ്റ് 1897 ല്‍ അന്തരിച്ചു.തന്‍റെ ഒളിവുവാസക്കാലത്ത് രചിച്ച ഈ ആത്മകഥ അടിമകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെയും, പീഡനങ്ങളെയും സമൂഹത്തിനു മുമ്പില്‍ തുറന്നു കാട്ടുന്നതാണ് . നമ്മള്‍ കാണാതെപോയ ചരിത്രപാഠങ്ങളിലേക്ക് വെളിച്ചം വീശുന്ന  ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്ക്സാണ്.

പുസ്തകം --- ഒരു അടിമപ്പെണ്ണിന്‍റെ ആത്മകഥ
(ഹാരിയറ്റ് ആന്‍ ജേക്കബ്സ് )
പരിഭാഷ - പി.സുധാകരന്‍ , എന്‍.എസ് .സജിത്ത്
പ്രസാധകര്‍ .. DC Books
വില - 125 രൂപ