കാസർകോട്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ്  കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
 
ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന  ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 
 
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ഹർത്താലിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു.
 

കൊച്ചി: കാസർകോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു. മുൻകൂർ നോട്ടീസില്ലാതെ ഹർത്താൽ പ്രഖ്യാപിച്ചതിനാണ് നടപടി.
 
ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുൻപ് നോട്ടീസ് ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് പത്തരയ്ക്ക് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് പരിഗണിക്കും. അതേസമയം ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ് വൺ മോഡൽ പരീക്ഷകൾ മാറ്റി. എംജി, കേരള സർവകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
 
കെഎസ്‌യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് സംഘടിപ്പിക്കുന്ന കേരള സംരക്ഷണ യാത്രയുടെ തെക്കൻ മേഖലയിലെ തിങ്കളാഴ്ചത്തെ പര്യടന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. 
 

More Articles ...