പത്തനംതിട്ട: ബിജെപി പ്രതിഷേധം ഒതുങ്ങിയപ്പോൾ ശബരിമലയിലേക്കു തീർഥാടക പ്രവാഹം. കഴിഞ്ഞദിവസം എഴുപത്തി അയ്യായിരത്തിലധികം തീർത്ഥാടകർ ശബരിമലയിൽ എത്തിയിരുന്നതായി ദേവസ്വം അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണി വരെ 38,000 തീർഥാടകർ ദർശനം നടത്തിയതായാണ് ദേവസ്വംബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് തന്നെ വൻവർധനവാണ്ശബരിമലയിൽ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും തീര്‍ഥാടകരുടെ എണ്ണം കൂടുകയാണ്. നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ട് യാതൊരു വിധ പ്രശ്നങ്ങളും സ്ഥലത്ത് ഇല്ല എന്നാണ് കോടതി അയച്ച നിരീക്ഷണ സംഹം അടക്കം വ്യക്തമാക്കിയത്. നിരോധനാജ്ഞ തുടർന്നുപോകാനും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
ഇതരസംസ്ഥാന തീർഥാടകരാണ് എത്തുന്നവരിൽ കൂടുതലും. അതേസമയം കേരളത്തിൽ നിന്ന് വരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ വർധന ഉണ്ടായതായാണ് റിപ്പോർട്ട്. തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വൻ വര്‍ധന ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച രാത്രി 12 മണിക്കാണ് അവസാനിക്കുക. പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടണോ എന്ന് തീരുമാനിക്കുക. ഇതേസമയം കെഎസ്ആര്‍ടിസി ഇതുവരെ 400ലേറെ സര്‍വീസുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.

ശബരിമലയുടെ പേരിൽ  സംഘപരിവാർ നടത്തിയ എല്ലാ കുത്സിത നീക്കങ്ങളും തകർന്നടിഞ്ഞപ്പോൾ അരവണയുടെ പേരിൽ സംഘികളുടെ വ്യാജ പ്രചരണം. കാലപ്പഴക്കമുള്ള അരവണ വിറ്റു എന്നപേരിലുള്ള പ്രചരണം സംഘപരിവാർ സൃഷ്ടി. തങ്ങളുടെ മറ്റ് നുണകൾ ഭക്തർ അവഗണിച്ചതോടെയാണ് പുതിയ നുണയുമായി ആർഎസ്എസും, ബി ജെപിയും രംഗത്തെത്തിയത്. രണ്ടുദിവസമായി സന്നിധാനത്ത് നാമജപ സമരത്തിൽ പങ്കെടുത്ത സംഘപരിവാർ നേതാക്കളാണ് പരാതിക്കാർ. ഇവരിൽ ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന സെക്രട്ടറി നിലമ്പൂർ ചുങ്കത്തറ പള്ളിക്കുത്ത് വാഴോത്ത് വീട്ടിൽ രാജേന്ദ്ര പ്രസാദ് , സഹോദരൻ രാധാകൃഷ്ണൻ, ബിജെപി ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി ബിജു മണ്ടലത്ത്, ബിജെപി ചുങ്കത്തറ പഞ്ചായത്ത് സെക്രട്ടറി, സത്യശീലൻ കാക്കനാട്ടുപറമ്പിൽ എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ പരാതിക്കാർ. പ്രസാദും രാധാകൃഷ്ണനും എടക്കര പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസിൽ പ്രതികളാണ്. ബിജു മണ്ടലത്ത് വായനശാല കത്തിച്ച കേസിലെ പ്രതിയാണ്. 
 
സന്നിധാനത്തുനിന്ന് വ്യാജവാർത്തകൾ മാത്രം ചമയ്ക്കുന്ന ജനം ടീവിയാണ് ഈ നുണയും പ്രചരിപ്പിച്ചത്. ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ദുരൂഹത ഉളവാക്കുന്നതാണെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ്കുമാര്‍ പറഞ്ഞു. ദേവസ്വംബോര്‍ഡ് ശബരിമലയിലെ കൗണ്ടറുകളിലൂടെ 10-11‐2018ല്‍ തയ്യാറാക്കിയ 10, 11 ബാച്ചുകളില്‍പ്പെട്ട അരവണയാണ് വില്‍ക്കുന്നത്. ഇതുവരെ 25 ബാച്ച് അരവണ ടിന്നുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
 
മെഷീന്‍ നമ്പറിങ് സംവിധാനംവഴി  വില്‍പ്പനയ്ക്കെത്തിക്കുന്ന അരവണ പായ്ക്കുകളില്‍ കഴിഞ്ഞവര്‍ഷത്തെ അരവണ ടിന്‍ വരില്ല. കഴിഞ്ഞ വർഷം തയ്യാറാക്കിയ അരവണ മുഴുവന്‍ മകരവിളക്ക് സമയത്തും തുടര്‍മാസ പൂജാസമയത്തും വിറ്റു തീര്‍ത്തു. ഈ പരാതി സംബന്ധിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, സ്റ്റേറ്റ് വിജിലന്‍സ്, ദേവസ്വം വിജിലന്‍സ് എന്നിവര്‍ അരവണ കൗണ്ടറുകള്‍, പ്രൊഡക്ഷന്‍, പാക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.പരാതിയിലെ ആരോപണം സത്യവിരുദ്ധവും ദുരൂഹവുമാണെന്ന് ബോധ്യപ്പെട്ടതായും എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. 
 
ശബരിമല ക്ഷേത്രത്തെയും അയ്യപ്പന്റെ പ്രസാദമായ അരവണയേയും കുറിച്ച് തെറ്റിധാരണാജനകവും അപകീര്‍ത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ഇതുസംബന്ധിച്ച്‌ അന്വേഷണമാവശ്യപ്പെട്ട് സന്നിധാനം പൊലീസില്‍ പരാതി നല്‍കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 
 

More Articles ...