പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്യുന്നത് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള  എം വി സിദ്ദിഖ്‌ ആണ്‌   പാര്‍ട്ടി ഓഫീസിന്റെ  നടത്തിപ്പ് ചുമതലയിലുള്ളത്‌.   പ്രതിപക്ഷ നേതാവിനൊപ്പമോ അദ്ദേഹത്തിന്റെ ഓഫീസിലോ ഉണ്ടാകേണ്ട ആൾ പകരം ലീഗ്‌ ഓഫീസിന്റെ  ഭരണമാണ്‌ നടത്തുന്നത്‌. സർക്കാർ സർവീസിൽ നിന്ന് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉള്ള നിയമനമാണെങ്കിലും രാഷട്രീയ പാർടി ഓഫീസിൽ ജോലി ചെയ്യുന്നത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്.. 
 
കോഴിക്കോട് ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്ന എം വി സിദ്ദിഖ് 2016 ജൂണ്‍ 21 മുതലാ രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി  നിയമിതനായത്‌.   പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തെ പറ്റിയിരുന്ന ശമ്പളവും ആനുകൂല്യങ്ങള്‍ക്കും തത്തുല്യമായി ഏതാണ് 75000ത്തോളം രൂപ ഖജനാവില്‍ നിന്ന് കൈപറ്റുന്നുണ്ട്‌.
 
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ സിദ്ദിഖ് അദ്ദേഹത്തിന്റെ  ഓഫീസിലോ സഭാ പരിസരത്തോ ഉണ്ടാകണം എന്നാണ് നിബന്ധന. പക്ഷേ നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ളപ്പോള്‍ സിദ്ദിഖുള്ളത് കോഴിക്കോട് ലീഗ് ഹൗസിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷവും സിദ്ദിഖ് ഇവിടെ തന്നെയാണ് ജോലി ചെയ്തത്. രേഖകള്‍ പ്രകാരം സിദ്ദിഖ് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് ജോലി ചെയ്യുന്നത്.
 
വ്യാഴാഴ്ച ലീഗ് ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ താന്‍ നാട്ടില്‍ വന്നപ്പോള്‍ ഓഫീസില്‍ കയറിയതാണ് എന്നായിരുന്നു സിദ്ദിഖിന്റെ വിശദീകരണം.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വിലക്കും നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ശമ്പളം പറ്റി സിദ്ദിഖ് ലീഗ് ഓഫിസില്‍ ജോലി ചെയ്യുന്നത്.

ചങ്ങാത്ത ജേണലിസത്തിന്റെ മാതൃഭൂമി മാതൃകയെ തുറന്നു കാണിച്ചുള്ള കമൽ റാം സജീവിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ് (പച്ചക്കുതിര അഭിമുഖം) . ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും പൈതൃകവും അവകാശപ്പെട്ടുകൊണ്ടാണ് മാതൃഭൂമി എപ്പോഴും സമൂഹമധ്യത്തിൽ സ്വയം അടയാളപ്പെടുത്താറുള്ളത്. ദേശീയതയും മതേതരത്വവും ജനാധിപത്യവും ജീവവായു എന്ന പോലെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന  നിലപാടാണ് തങ്ങളുടേത്  എന്നാണ് അവർ എപ്പോഴും അവകാശപ്പെടുന്നത്. നിലപാടുകളുടെ ആരുറപ്പ് പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതത്തിലുണ്ടാവാം. അത്തരം സന്ദർഭങ്ങളിൽ തങ്ങളുടെ നിലപാടുകൾ നെഞ്ചോടു ചേർത്ത് പിടിച്ച് അതുമുലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടുമ്പോഴാണ് അവർ നിലപാടുകളോട് നീതി പുലർത്തി എന്നു ചരിത്രം വിധി എഴുതുന്നത്. 
 
നിലപാടുകളുടെ മാറ്റുരയ്ക്കുന്ന അത്തരമൊരു സന്ദർഭമായിരുന്നു മീശ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മാതൃഭൂമിയ്ക്ക് വന്നുപ്പെട്ടത്.മതേതരസമൂഹവും രാജ്യത്തെ പരമോന്നത നീതിപീഠവും  തങ്ങൾക്കൊപ്പം നിന്നിട്ടും യാതൊരു സങ്കോചവുമില്ലാതെ ഹിന്ദുത്വ ശക്തികൾക്കും സംഘപരിവാർ ഭീഷണികൾക്കും കീഴടങ്ങി മുന്നോട്ടു(?) പോവുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ പത്രാധിപര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ സെക്കുലർ ഹൈന്ദവ സമൂഹത്തെ ഹിന്ദുത്വ ശക്തികളുടെ കൈകളിലേയ്ക്ക് എത്തിക്കാൻ ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്നവർ ശ്രമിച്ചുവെങ്കില്‍ അതു വലിയവഞ്ചന തന്നെയാണ്. മാതൃഭൂമി മാനേജ്മെന്റ് ഇത്തരമൊരു കൊടുംപാതകം ചെയ്യാന്‍ നിർബന്ധിതമായ രാഷ്ട്രീയസാഹചര്യത്തെ വിശകലനം ചെയ്യാൻ ഈ അഭിമുഖം പ്രചോദനമായിത്തീരേണ്ടതാണ്. 
 
അഭിമുഖത്തിൽ സൂചിപ്പിക്കപ്പെട്ടതു പോലെ എഴുത്തുകാരും മതേതര പൊതു സമൂഹവും ഈ പ്രശ്നങ്ങളെ വേണ്ടത്ര ഗൗരവമായി കണ്ടില്ല. എഡിറ്ററെ ആഴ്ചപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് നീക്കിയത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണെന്ന് കൃത്യമായി അറിയാവുന്ന എഴുത്തുകാര്‍ പോലും  പറയത്തക്ക പ്രതികരണങ്ങൾ നടത്തിയില്ല.  ആഴ്ചപ്പതിപ്പിൽ തുടർന്ന് തങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുകയില്ല എന്ന് ചില എഴുത്തുകാർ പ്രഖ്യാപിച്ചത് കാണാതിരിക്കുന്നില്ല.എന്നാൽ ഈ  രാഷ്ട്രീയ നീക്കത്തെ വിശകലനം ചെയ്യാൻ പലരും എന്തുകൊണ്ടോ മടിച്ചു നിൽക്കുകയും അർത്ഥഗർഭമായ മൗനം അവലംബിക്കുകയും ചെയ്തു. ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ഗോഡ്സെയുടെ സിദ്ധാന്തം നടപ്പാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍തിരെ വലിയ വിമര്‍ശനം നടക്കേണ്ടതുണ്ടായിരുന്നു. 
 
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ലേഖന പരമ്പരകൾ പടച്ചു വിടുന്ന മാതൃഭൂമി മേലധികാരി സ്വന്തം സ്ഥാപനത്തില്‍  ആവിഷ്കാരസ്വാതന്ത്ര്യഹത്യ നടപ്പാക്കി. കാപട്യത്തിന്റെ ഈ ആള്‍രൂപങ്ങള്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും ഒരുപോലെ സ്വാഗതംചെയ്യപ്പെടും എന്നു നാം കണ്ടതാണല്ലോ. അടുത്ത മാതൃഭൂമി സാഹിത്യോത്സവത്തിന്റെ മുദ്രാവാക്യം ആവിഷ്കാരസ്വാതന്ത്ര്യം എന്നതാണെന്ന് അറിയുന്നു. എന്തൊരു വിരോധാഭാസം. വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ തന്നെ കേരളത്തിൽ ഇപ്പോൾ സാംസ്കാരിക നായകനാവാനും നെടുങ്കൻ പ്രസ്താവനകളിൽ ഒപ്പുവച്ച് ജനകീയനാവാനും കഴിയും.മതരാഷ്ട്രീയഫാസിസ്റ്റ് ശക്തികള്‍ക്ക് കടന്നുവരാന്‍ പിന്‍വാതില്‍ തുറന്നുകൊടുക്കുന്നവര്‍ക്ക് തൊള്ളായിത്തിപ്പതിനാറ് മതേതരരാവാനും. എഴുത്തുകാരനേയും എഡിറ്ററേയും മാപ്പ് പറയിപ്പിച്ച് നോവല്‍ പിന്‍വലിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന സൃഗാലതന്ത്രം പയറ്റുകകൂടി ചെയ്തു  മാനേജ്മെന്റ് എന്ന് അഭിമുഖത്തിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കയാണ്.സുപ്രിംകോടതിവിധിയെ സ്വാഗതം ചെയ്യാനും ഉയര്‍ത്തിക്കാട്ടാനും നിയമപരമായും ധാര്‍മികമായും കടമയുണ്ടായിരുന്ന മാനേജ്മെന്റ് അതിന്റെ നേരെ മുഖം തിരിച്ചുനിന്നത് തങ്ങളുടെ ഹിഡന്‍ അജന്‍ഡ നടപ്പാക്കാന്‍ തുടര്‍ന്നും അതു തടസ്സമാകും എന്ന മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലായിരിക്കണം.
 
ശുദ്ധസാഹിത്യ നാമജപക്കാരും പൂർവ്വകാല പ്രൗഢികളിൽ അഭിരമിക്കുന്നവരും ചേർന്നാണ് സംഘ പരിവാർ ഭീകരർക്ക് 'ദേശിയമാധ്യമ'ത്തിലേയ്ക്ക് ഇപ്പോള്‍ സ്വാഗത ഗാനമാലപിക്കുന്നത് എന്നത് ഓർക്കുക. ചരിത്രത്തിന്റെ മുന്നോട്ടു പോക്കിൽ സ്തംഭിച്ചു നിൽക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ഇക്കൂട്ടർ ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ കളിപ്പാവകളായി തീർന്നിരിക്കുന്നു.സംഘപരിവാര്‍ ശക്തികളുടെ ഇത്തരം സമര്‍ത്ഥവും ആസൂത്രിതവുമായ പിടിച്ചടക്കല്‍നീക്കങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള ഒരു ശക്തി ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്ന് ഗോഡ്സെ വായനകളുടെ വസന്തകാലത്തേയ്ക്ക് വായനക്കാരെ ക്ഷണിക്കുന്നവര്‍ മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂ. ഈ ശക്തിയെന്നത്  ഏതെങ്കിലും പ്രഭാവം നിറഞ്ഞ വ്യക്തികളായിരിക്കും എന്നു വിലയിരുത്തുന്നത് ശരിയായിരിക്കില്ല. സമരഇടതുപക്ഷവും ദളിത് മുന്നേറ്റങ്ങളും ന്യൂനപക്ഷാവകാശരാഷ്ട്രീയപ്രസ്ഥാനങ്ങളും സ്ത്രീയവകാശസംഘടനകളും ലൈംഗികന്യൂനപക്ഷങ്ങളും എല്ലാം ചേര്‍ന്ന ഒരു ജനകീയപ്രസ്ഥാനം ആയിരിക്കും  ഉയര്‍ന്നുവരുന്ന ആ ചെറുത്തുനില്‍പ്പുശക്തി.

More Articles ...