ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാര്‍ട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി. 

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. ''ഈ ഫലം സിപിഎമ്മിന്റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ പറയാം'', പിണറായി പറഞ്ഞു. 

ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരിയോടെ മറുപടി ഇങ്ങനെ: ''എന്റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാന്‍ ഈ നിലയിലെത്തിയത് എന്റെ ശൈലിയിലൂടെയാണ്. അത് മാറില്ല.''

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസര്‍ക്കാരും ചെയ്തത്. കേന്ദ്രസര്‍ക്കാരിനും അതില്‍ വേറെ ഒരു വഴിയുണ്ടായിരുന്നില്ല. ശബരിമലയില്‍ പ്രശ്‌നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

''ശബരിമല ബാധിക്കുമായിരുന്നെങ്കില്‍ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ? പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ? അതുകൊണ്ട് അത്തരം വാദങ്ങളില്‍ കഴമ്പില്ല'', പിണറായി പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ചത് തിരിച്ചടിയാണ്. പക്ഷേ ഇത് സ്ഥായിയായ ഒന്നായി പാര്‍ട്ടി കണക്കാക്കുന്നില്ല. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ വോട്ട് നേരിട്ട് കോണ്‍ഗ്രസിന് കൊടുക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതിയിരിക്കണം. അതാണ് തിരിച്ചടിയായത് - പിണറായി പറഞ്ഞു. 

# രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതിനെ കുറിച്ച് പിണറായി

അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്ന് കേരളത്തിലേക്ക് മത്സരിക്കാന്‍ വന്നതാണ് രാഹുല്‍ ഗാന്ധിയെന്ന് ജനങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ തോല്‍വിക്കിടയാക്കിയ, തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ചില ഘടകങ്ങളുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ പൊതുവില്‍ എല്ലാവര്‍ക്കും ഉത്കണ്ഠയുണ്ട്. മോദി ഭരണം വീണ്ടും വരരുത് എന്ന് വിചാരിച്ച നല്ല വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ നല്ലൊരു വിഭാഗം ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരുമുണ്ട്.

കോണ്‍ഗ്രസിനാണ് ബിജെപിക്ക് ബദലാകാന്‍ കഴിയുക. അപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാകും നല്ലതെന്ന് അവര്‍ കരുതിയിരിക്കണം. ഇത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണല്ലോ. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍, ആരോട് മത്സരിക്കാനാണ് വരുന്നതെന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. ഇടതിനെ തകര്‍ക്കാനാണ് വരുന്നതെന്ന സന്ദേശമല്ലേ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നായിരുന്നു ഞങ്ങളുടെ ചോദ്യം. 

രാഹുല്‍ ജയിക്കാനുള്ള സീറ്റ് തേടി വന്നതാണെന്ന് അന്ന് ജനങ്ങള്‍ക്ക് മനസ്സിലായില്ല. രാഹുല്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ പോകുമ്പോള്‍ തെക്കേ ഇന്ത്യ കൂടി മത്സരിക്കാന്‍ വരികയാണെന്നാണ് ജനങ്ങള്‍ കരുതിയത്. ഈ തെറ്റിദ്ധാരണയുടെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് കോണ്‍ഗ്രസിന് പോയി - പിണറായി പറഞ്ഞു.
ഇത് ഇടതുപക്ഷ ഭരണത്തിനെതിരെ ഉള്ള ജനവിധിയെന്നു ഞാന്‍ വിശ്വസിക്കുന്നില്ല 

ഈ നാട് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങള്‍ അന്ധമായി വിശ്വസിച്ചു : അവര്‍ ലോകസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരിയെടുക്കും , രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും - ഇത് വിശ്വസിച്ചു , അതാണ് പറ്റിയത് . തിരഞ്ഞെടുപ്പ് കാലത്തു മാത്രം മാളത്തില്‍ നിന്നുമിറങ്ങുന്ന ജീവികളാകാതെ , ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇനിയെങ്കിലും അവരില്‍ ഒരാളായി , പ്രവര്‍ത്തിച്ചു , സ്വയം അവര്‍ക്കു പരിചിതരായി , അവര്‍ തന്നെയായി നിന്നാല്‍ മാത്രമേ കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഇനി നിലനില്‍പ്പുള്ളൂ . ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ പാര്‍ട്ടിക്കു ഇനിയെങ്കിലും അത് സാധിച്ചില്ലെങ്കില്‍ , നാളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് ചരിത്ര വിദ്യാര്‍ഥികള്‍ക്കു പാഠ്യ വിഷയത്തിലെ ഒരു അധ്യായം മാത്രമായി ഒതുങ്ങും . 

ഇത് തന്നെയാണ് കേരളത്തില്‍ ഇടതു പാര്‍ട്ടിയുടെയും അവസ്ഥ . ജനങ്ങളുടെ ദൈന്യംദിന പ്രശ്‌നങ്ങള്‍ മനസിലാക്കി അവരിലേക്ക് ഇറങ്ങി ചെല്ലാന്‍ അവര്‍ക്കു കഴിയാത്തിടത്തോളം അവരുടെ അവസ്ഥയും ഇത് തന്നെ . അഹങ്കാരം മാറ്റിവച്ചു , പ്രസ്ഥാന നിലപാടുകളില്‍ ഉറച്ചു, ജന നന്മക്കു വേണ്ടി ഉറച്ചു പ്രവര്‍ത്തിക്കാന്‍ , ജനങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കുവാന്‍ ഈ പാര്‍ട്ടിക്ക് കഴിയണം . അത് വെറും പാഴ്വാക്കുകളില്‍ ഒതുങ്ങി പോകുന്നതാകരുതു . പറഞ്ഞ വാക്കിന് നേരുണ്ടാകണം , ചെയ്തു കാണിക്കണം . മേഖലകള്‍ ഒരുപാടുണ്ട് പ്രവര്‍ത്തിച്ചു കാണിക്കാന്‍ . അവിടെയെല്ലാം ഇറങ്ങി ചെന്ന് തന്നെ പ്രവര്‍ത്തിച്ചു കാണിക്കാം സഖാക്കളേ , അല്ലാതെ അധികാര രാഷ്ട്രീയത്തിന്റെ തിമിര് കാണിക്കാന്‍ നില്‍ക്കരുത് . ജനം നിങ്ങളെ കള്ളനെന്നല്ല , കള്ളന് കഞ്ഞി വച്ചവന്‍ എന്ന് ഉറക്കെ വിളിക്കും . അത് കേള്‍ക്കാന്‍ ഞാന്‍ അടക്കം മനസ്സില്‍ ഇഷ്ടം സൂക്ഷിക്കുന്ന പാര്‍ട്ടിക്ക് ഇട വരരുത് എന്ന് ആഗ്രഹം ഉണ്ട് . 

പക്ഷെ സന്തോഷത്തിനു വക തന്നെയാണ് , താമര വിരിയാന്‍ തക്ക ചെളി കേരളത്തില്‍ ഇല്ലെന്നു തെളിഞ്ഞല്ലോ . കേരളത്തില്‍ കാട്ടിക്കൂട്ടിയ ശബരിമല PR Event പരാജയപ്പെട്ടല്ലോ , അത് മതി. 

ഇനിയാണ് ജനം കാണാന്‍ പോകുന്നത് . കഴിഞ്ഞ 5 വര്ഷം കൊണ്ട് ഇന്ത്യ ഉടനീളം പാകിയ വിത്തിന്റെ , വളമിട്ട് , വെള്ളമൊഴിച്ചു വളര്‍ത്തിയ അതെ വിത്തിന്റെ ഫലം കൊയ്യാന്‍ ഇനി ഇതേ പാര്‍ട്ടി ഇറങ്ങും . അപ്പോഴും നമ്മള്‍ ഒക്കെ ഇവിടെ തന്നെ കാണണം . വോട്ടു ചെയ്തവരും , ജയിപ്പിച്ചു വിട്ടവരും . എതിരില്ലാത്ത , പ്രതിപക്ഷമില്ലാത്ത പാര്‍ട്ടിയായി ഇവര്‍ അധികാരത്തില്‍ കേറി ഇരിക്കാന്‍ പോകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെഞ്ചില്‍ ചാരുകസേരയിട്ടാണ് . കൊന്നും കൊലവിളിച്ചും അവര്‍ ഉണ്ടാക്കി വച്ച രാഷ്ട്രീയ അരാജകത്വത്തിന്റെ , മത തീവ്രവാദത്തിന്റെ , അതേ ചാരുകസേര . അത് നമ്മള്‍ കാണണം , അനുഭവിക്കണം . പ്രതികരിക്കാന്‍ അറിയാത്തതിന്റെ , പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ ഫലം അനുഭവിക്കണം . 

എന്റെ കേരളത്തില്‍ നിന്ന് ജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ . 
ലാല്‍സലാം

More Articles ...

Advertisement
Advertisement