ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന്  ഒടുവിൽ കേന്ദ്ര സഹായം അനുവദിക്കാൻ തീരുമാനം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേണ്ടത‌് 31000 കോടി; കേന്ദ്രപ്രഖ്യാപനം 3048 കോടിയുടെമാത്രം.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് ഇരയായ കേരളം, ഏകദേശം ഒരു ലക്ഷത്തോളം കുടുംബങ്ങളെ ബാധിച്ച ദുരന്തത്തിൽ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് വിലങ്ങുതടിയായ ബി.ജെ.പി യ്ക്കും കേന്ദ്ര സർക്കാരിനും എതിരെ ഉയർന്ന ശക്തമായ  ജനവികാരം ശമിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം എടുത്തത്. കേന്ദ്ര സർക്കാർ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
 
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേരത്തെ അനുവദിച്ച 600 കോടി  ഉൾപ്പെടെ കേരളത്തിന‌് കേന്ദ്രസഹായം 3048.39 കോടി രൂപ മാത്രം. ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ‌് തീരുമാനമെടുത്തത‌്.  ഇതനുസരിച്ച്‌ ഇനി ലഭിക്കുക 2448.38 കോടി രൂപ മാത്രമായിരിക്കും.  ദേശീയ ദുരന്തനിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5616 കോടിയുടെ ധനസഹായമാണ്.
 
പ്രത്യേക ധനസഹായമായി 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ മറ്റ‌് ആവശ്യങ്ങളിലൊന്നും കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തില്ല.  പ്രളയസമയത്ത‌് അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും വിലയും   വ്യോമസേനയുടെ രക്ഷാപ്രവർത്തന ചെലവുമായി 300 കോടി രൂപ കേന്ദ്രം തിരിച്ചാവശ്യപ്പെട്ടിട്ടുണ്ട‌്.  കേരളത്തിനു 31,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ‌് ഐക്യരാഷ‌്ട്രസംഘടന ഉൾപ്പടെ കണക്കാക്കിയത‌്. യഥാർഥനഷ്ടം ഇതിലും വലുതാണ്. കേരളത്തിന്റെ പുനർനിർമാണത്തിന‌് തുക കണ്ടെത്താനായി വായ്പ വാങ്ങാനുള്ള പരിധി മൂന്നുശതമാനത്തിൽനിന്ന് നാലര ശതമാനമായി ഉയർത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.
 
നബാർഡിൽനിന്ന് 2500 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്നും ലോകബാങ്ക്, എഡിബി തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വർധിപ്പിക്കണമെന്നതിലും കേന്ദ്ര നടപടിയില്ല. കേരളത്തെ സഹായിക്കാൻ സെസ് ഏർപ്പെടുത്താമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം സമ്മതിച്ചെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കേരളത്തിന‌് വാഗ‌്ദാനം ചെയ‌്ത വിദേശത്ത‌് നിന്നുള്ള സഹായം കേന്ദ്രസർക്കാർ തടഞ്ഞിരുന്നു.  പുനർനിർമാണത്തിന‌് മൂപ്പതിനായിരം കോടിയിലേറെ രൂപ വേണ്ടിവരുമെന്നാണ‌് സർക്കാർ കണക്കാക്കിയിരിക്കുന്നത‌്. തകർന്ന വീടുകൾ പുതുക്കിപ്പണിയാനും പുതിയത് പണിയാനുമായിമാത്രം സംസ്ഥാന സർക്കാർ നൽകുന്നത‌് 1357 കോടി രൂപയാണ്. പൂർണമായി തകർന്ന വീടിന് കേന്ദ്രം നൽകുന്നത് ശരാശരി ഒരു ലക്ഷമാണ്. ബാക്കി മൂന്നുലക്ഷംകൂടി സംസ്ഥാനം നൽകുന്നതിനാലാണ് നാലുലക്ഷം രൂപ ഒരു വീടിന് ലഭിക്കുന്നത്. എല്ലാ മേഖലയിലും കേന്ദ്രം നൽകുന്നതിനേക്കാൾ സഹായം സംസ്ഥാനം നൽകുന്നുണ്ട‌്.
 
പ്രളയം, മണ്ണിടിച്ചിൽ എന്നിവ പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണഫണ്ടിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം തുക അനുവദിച്ചത്. ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി, കൃഷിമന്ത്രി രാധാമോഹൻസിങ‌്, ആഭ്യന്തരമന്ത്രി രാജീവ‌് ഗൗബ എന്നിവരും  ഉൾപ്പെട്ട ഉന്നതതല സമിതിയാണ‌് അധികധനസഹായം തീരുമാനിച്ചത‌്. മാസങ്ങൾ പിന്നിട്ടിട്ടും  സഹായം അനുവദിക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 
ഉന്നതതല സമിതി  ഉടൻ യോഗം ചേരണമെന്ന‌് ആവശ്യപ്പെട്ട‌്  രാജ‌്നാഥ‌്സിങ്ങിനു മുഖ്യമന്ത്രി കത്തയച്ചു. ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ‌്  കേരളത്തിലെ പ്രളയമെന്ന‌് ലോക കാലാവസ്ഥ സംഘടന വിലയിരുത്തിയിട്ടുണ്ട‌്. 483 പേർ മരിച്ച പ്രളയം 54 ലക്ഷം പേരെ ബാധിച്ചു.
 
 
 
 
 
 
 
 
 
 

തിരുവനന്തപുരം: കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വിശദമാക്കി.
 
എംപാനൽ ജീവനക്കാർക്ക് പകരം പിഎസ്‌സി വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് കെഎസ്ആർടിസിക്ക് കനത്ത ബാധ്യത വരുത്തുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മുഴുവൻ എം പാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത്. പത്ത് വർഷത്തിൽ താഴെ സർവീസുള്ള കരാർ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ഉത്തരവ്. നാലായിരത്തോളം ജീവനക്കാർക്കാണ് ഇതോടെ ജോലി നഷ്ടമാകുക. ഒരാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
 
കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്‌സി പരീക്ഷ പാസായ ഉദ്യോഗാർഥികൾ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ചിദംബരേശ്ശനും ജസ്റ്റിസ് പിഷാരടിയു മുൾപ്പെടുന്ന ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

More Articles ...