ശബരിമലയുടെ പേരിലാണ് ജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്യുന്നതെങ്കില്‍ ഇടതുപക്ഷ മുന്നണിക്കാണ് എല്ലാ വിശ്വാസികളും വോട്ട് ചെയ്യുക എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് കേരള സംരക്ഷണജാഥയ്ക്ക് കാസര്‍കോട് ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥയുടെ ലീഡറായ കാനം . വിവിധ സര്‍വെകള്‍ പറയുന്നത് ശബരിമലയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം.
ബിജെപി നേട്ടമുണ്ടാക്കുമെന്നും ഇടതുപക്ഷത്തിന് ദോഷം ചെയ്യുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കമുണ്ടായത്. ബിജെപിക്ക് ഒരുസീറ്റ് പോലും നേടാനായില്ല. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്ത് പോലും ഇതേ അവസ്ഥയായിരുന്നു. പന്തളത്ത് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ പരസ്യമായി പറയാന്‍ പറ്റാത്തത്ര ദയനീയമായിരുന്നു.
അവിശ്വാസികളുടെ സര്‍ക്കാരാണ് ഇത് എന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ശബരിമലയ്ക്ക് വേണ്ടി എത്രയെല്ലാം കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നൂറ് കോടി രൂപ നഷ്ടം സംഭവിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞപ്പോള്‍ ആ നൂറ് കോടി രൂപ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കാനുള്ള നടപടികളാണ് ഈ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. എഴുന്നൂറ് കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കുന്നത്. എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കാനും ശബരി റെയില്‍ ആരംഭിക്കാനുമുള്ള പ്ര്ഖ്യാപനങ്ങളാണ് ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ശബരിമലക്കുവേണ്ടി ഏറ്റവുമധികം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഈ സര്‍ക്കാരിനും ഇടതുപക്ഷത്തിനും അനുകൂലമായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തുകയെന്ന് കാനം പറഞ്ഞു.
കേന്ദ്രഗവണ്‍മെന്റും ബിജെപിയും കേരളത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പ്രളയത്തില്‍ 31000 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. വിദേശരാജ്യങ്ങള്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നപ്പോള്‍ അതിനെതിരെയാണ് ബിജെപിയുടെ സര്‍ക്കാര്‍ നിലകൊണ്ടത്. കേരളത്തിന് കടം വാങ്ങാനുള്ള പരിധി പോലും 1800 കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. ഒന്നും തന്നുമില്ല, സഹായം കിട്ടാനുള്ള വഴി അടക്കുകയും ചെയ്തു എന്നതാണ് സ്ഥിതി. രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്നതുപോലെയാണ് കേന്ദ്ര ഭരണകൂടം കേരളമെന്ന സംസ്ഥാനത്തോട് ചെയ്യുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബിജെപിക്കൊപ്പമാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പിടിച്ചുയര്‍ത്താനുളള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് കോണ്‍ഗ്രസ്സും ചെയ്തത്. പല വിഷയങ്ങളിലും കേരളത്തിന്റെ ജനങ്ങളുടെ താല്‍പര്യങ്ങളോട് എതിരായ സമീപനമാണ് യുഡിഎഫും സ്വീകരിക്കുന്നത്.
ഇന്ത്യയുടെ പാര്‍ലമെന്റി നെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഇടതുപക്ഷം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യയുടെ നിര്‍ണ്ണായക രാഷ്ട്രീയഘട്ടങ്ങളില്‍ ഏറ്റവും ശരിയായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ്. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യം പാര്‍ലമെന്റിലുണ്ടാകണം. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004ലെ സ്ഥിതി ആവര്‍ത്തിക്കാനുളള സാഹചര്യമാണ് ഉണ്ടായിവന്നിരിക്കുന്നതെന്നും കാനം പറഞ്ഞു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മണ്ഡലം ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെങ്കിലും നല്‍കണമെന്ന മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യത്തെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെ എന്നും, എന്നിട്ട് സീറ്റ് ചോദിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. മീഡിയാ വണ്‍ ചാനലിലെ വ്യൂ പോയിന്റ് പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. 

ഇത്തവണ തോല്‍ക്കുന്ന സീറ്റ് തന്ന് മഹിളാ പ്രാതിനിധ്യം പേരിന് ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്ത് നിന്നും പിന്മാറുന്ന വടകരയില്‍ മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റും കോര്‍പ്പറേഷന്‍ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ പി ഉഷാദേവി ടീച്ചറെ മത്സരിപ്പിക്കാന്‍ മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

More Articles ...