ക്യാന്‍സര്‍ സ്‌ഥിരീകരിച്ചു : കോന്നിയിൽ മനോവിഷമത്താൽ കുഞ്ഞുമായി യുവതി ജീവനൊടുക്കി

 
കോന്നി തേക്കുതോട്ടില്‍ മകളെയും ശരീരത്തോടു ചേര്‍ത്തു കെട്ടി യുവതി ആറ്റില്‍ച്ചാടി മരിച്ചതു ബയോപ്‌സി പരിശോധനാ ഫലത്തില്‍ തനിക്ക്‌ ക്യാന്‍സര്‍ ഉണ്ടെന്ന്‌ തെളിഞ്ഞതില്‍ മനം നൊന്താകാമെന്ന്‌ പോലീസ്‌. 
 
തേക്കുതോട്‌ ഇന്‍ടേക്ക്‌ പമ്പ് ഹൗസിന്‌ സമീപം വാടകയ്‌ക്ക്‌ താമസിക്കുന്ന പാറക്കടവില്‍ സുമോജിന്റെ ഭാര്യ ദേവിക(24)യാണ്‌ മകള്‍ ശ്രീദേവി(മൂന്ന്‌)യ്‌ക്കൊപ്പം വ്യാഴാഴ്‌ച വൈകിട്ട്‌ കല്ലാറ്റില്‍ സ്‌ഥാപിച്ചിരിക്കുന്ന ഇന്‍ടേക്ക്‌ പമ്പ് ഹൗസിന്‌ സമീപം ചാടി ആത്മഹത്യ ചെയ്‌തത്‌. ബാത്ത്‌റൂമിലേക്ക്‌ പോയ ദേവികയെയും മക്കളെയും പിന്നീട്‌ ആറ്റില്‍ മരിച്ച നിലയിലാണ്‌ കണ്ടതെന്നാണ്‌ സുമോജിന്റെ മൊഴി.
 
ദേവികയുടെ കൈയിലുണ്ടായിരുന്ന മുഴ രണ്ടാഴ്‌ച മുന്‍പ്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ നിന്ന്‌ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. കാന്‍സറുണ്ടെന്ന പരിശോധനാ ഫലമാണ്‌ ലഭിച്ചത്‌. ഇതോടെ ദേവിക മാനസിക വിഷമത്തിലായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. അഞ്ചു വര്‍ഷം മുന്‍പാണ്‌ വ്യത്യസ്‌ത സമുദായങ്ങളില്‍പ്പെട്ട സുമോജും ദേവികയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്‌. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. 
സംഭവം നടന്നതിന്‌ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കായിരുന്നു മൃതദേഹം എത്തിച്ചത്‌. ഇവിടെ എത്തിയ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തതിനെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്‌ അമ്മയുടെയും മകളുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്‌. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്നാണ്‌ സൂചന.
Advertisement
Advertisement