കാലവർഷം ചതിച്ചു : കേരളം വരൾച്ചയുടെയും വൈദ്യുതിക്ഷാമത്തിന്റെയും മുനമ്പിൽ

 
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളംമാത്രം. സാധാരണഗതിയില്‍ 60 മുതല്‍ 90 ശതമാനം വെള്ളമുണ്ടാവുന്ന സമയമാണിത്. മണ്‍സൂണ്‍ ദുര്‍ബലമായതാണ് അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയാന്‍ കാരണം. മഴ ശക്തമായില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്കും വൈദ്യുതിക്ഷാമത്തിലേക്കും നീങ്ങും.
 
പ്രധാന അണക്കെട്ടുകളില്‍ ഒന്നില്‍പ്പോലും 50 ശതമാനത്തിനുമുകളില്‍ വെള്ളമില്ല. കഴിഞ്ഞ വര്‍ഷം ഈ സമയം അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനമായിരുന്നു. 2018 ജൂലായ് 25-ന് അണക്കെട്ടുകളില്‍ 1824 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. നിലവില്‍ 800 ദശലക്ഷം യൂണിറ്റിനുള്ള വെള്ളംമാത്രമേയുള്ളൂ.
 
ഓഗസ്റ്റ് ആദ്യം മഴ ശക്തമാകുമെന്ന പ്രവചനമുണ്ടെങ്കിലും മഴക്കുറവ് നികത്താന്‍ പര്യാപ്തമാവുമോ എന്നതില്‍ സംശയമുണ്ട്. ഇതുവരെ 27 ശതമാനമാണ് മഴക്കുറവ്.
 
ദിവസം 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് ആവശ്യം. ഇതില്‍ 30 ശതമാനവും ജലവൈദ്യുതോത്പാദനത്തിലൂടെയാണ്. നിലവില്‍ 40 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ അണക്കെട്ടുകളിലുള്ളൂ. പകല്‍ 2600-2700 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യം. ഇതില്‍ 1600 മെഗാവാട്ട് കേന്ദ്രവിഹിതമായി ലഭിക്കുന്നുണ്ട്. ആയിരം മെഗാവാട്ട് പുറമേനിന്ന് വാങ്ങുന്നതിനുള്ള ദീര്‍ഘകാലകരാറുമുണ്ട്. സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികളില്‍നിന്ന് 1600 മെഗാവാട്ടാണ് ലഭിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ ഇത് 1000-1200 ആയി കുറച്ചിട്ടുണ്ട്.
 
എന്നാല്‍, രാത്രിയിലെ സ്ഥിതി ഇതല്ല. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ആവശ്യം 3800 മെഗാവാട്ടുവരെയായി ഉയരും. 400 മുതല്‍ 500 മെഗാവാട്ടിന്റെ കുറവാണ് ഈ സമയത്തുണ്ടാകുന്നത്. ഇത് നികത്താന്‍ പവര്‍ എക്സ്ചേഞ്ചുകളില്‍നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന് യൂണിറ്റിന് എട്ടുമുതല്‍ ഒമ്ബതുരൂപവരെ ചെലവുവരും.
 
പുറമേനിന്ന് ഇപ്പോഴത്തേതിനേക്കാള്‍ 200 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശേഷി ലൈനുകള്‍ക്കുമില്ല. പരമാവധി 2800 മെഗാവാട്ട് വൈദ്യുതിയേ എത്തിക്കാനാകൂ. ഇതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. ഫലത്തില്‍ അണക്കെട്ടുകള്‍ നിറഞ്ഞില്ലെങ്കില്‍ വൈദ്യുതിക്ഷാമം രൂക്ഷമാവും. പവര്‍ക്കട്ട് അടക്കമുള്ള കാര്യങ്ങളിലേക്ക് പോകേണ്ടിവരും.
 
മഴയില്ലെങ്കില്‍ വിതരണം ക്രമീകരിക്കേണ്ടിവരും
 
മഴ ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ വൈദ്യുതിവിതരണം ക്രമീകരിക്കേണ്ടിവരും. ഓഗസ്റ്റ് മൂന്നിന് സാഹചര്യങ്ങള്‍ അവലോകനം ചെയ്യാനും ഭാവിപരിപാടികള്‍ തീരുമാനിക്കാനും ഉന്നതതലയോഗംചേരും. വരുംമാസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരും. തുലാവര്‍ഷം എങ്ങനെയായിരിക്കുമെന്നും പറയാനാവില്ല. അങ്ങനെയായാല്‍ പുറമേനിന്ന് വാങ്ങുന്ന വൈദ്യുതിപോലും തികയാതെവരും.
 
-എന്‍.എസ്. പിള്ള, കെ.എസ്.ഇ.ബി. ചെയര്‍മാന്‍
 
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് (ശതമാനത്തില്‍)
 
പെരിങ്ങല്‍ക്കുത്ത് 62
 
ലോവര്‍പെരിയാര്‍ 55
 
കുറ്റ്യാടി 49
 
നേര്യമംഗലം 45
 
തരിയോട് 36
 
പൊന്‍മുടി 27
 
ഷോളയാര്‍ 24
 
ഇടുക്കി 20
 
ഇടമലയാര്‍ 18
 
കക്കാട് 18
 
പമ്ബ 17
 
കക്കി 16.5
 
കുണ്ടള 16
 
മാട്ടുപ്പെട്ടി 10
 
ആനയിറങ്ങല്‍ 4
 
മഴക്കുറവ് ജില്ലതിരിച്ച്‌ (ശതമാനം)
 
വയനാട് 52
 
ഇടുക്കി 42
 
പത്തനംതിട്ട 34
 
തൃശ്ശൂര്‍ 34
 
കൊല്ലം 32
 
മലപ്പുറം 28
 
പാലക്കാട് 26
 
എറണാകുളം 25
 
ആലപ്പുഴ 24
 
തിരുവനന്തപുരം 19
 
കോട്ടയം 18
 
കണ്ണൂര്‍ 12
 
കാസര്‍കോട് 11
 
കോഴിക്കോട് 7
 
 
 
 
 
 
 
 
 
Advertisement
Advertisement