ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം ശക്തിപ്പെടുന്നു - കാനം രാജേന്ദ്രൻ

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തുകയേ മാര്‍ഗമുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ആലുവ മുനിസിപ്പല്‍ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ ചേര്‍ന്ന എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ മേഖലാ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കാനം.
കഴിഞ്ഞ ഭരണകാലത്ത് ആവേശത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുകയും തൊഴിലാളികളുടെയും ജനങ്ങളുടെയും ചെറുത്തുനില്‍പ്പ് മൂലം പരാജയപ്പെടുകയും ചെയ്ത പല കാര്യങ്ങളും രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കാനം ചൂണ്ടിക്കാട്ടി. പൊതുമേഖലയെ സ്വകാര്യവത്കരിക്കാനും ജനങ്ങളുടെ മേല്‍ ദുസ്സഹമായ ജീവിത ഭാരം അടിച്ചേല്‍പ്പിക്കാനും ഇടയാക്കുന്ന ബജറ്റില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വന്‍ നികുതിയിളവാണ് പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റുകളുടെ മുഖ്യ ലക്ഷ്യം, ഉദാരീകരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ ആരംഭം മുതല്‍ പ്രക്ഷോഭരംഗത്തുള്ള ഇടതുപക്ഷ പ്രസ്ഥാനത്തെ ഇന്ത്യയില്‍ ഇല്ലാതാക്കലാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും സ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ആര്‍ എസ് എസ് പിടിമുറുക്കുന്നതിന്റെ ദൃഷ്ടാന്തമാണെന്ന് കാനം വ്യക്തമാക്കി.
തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജാജി മാത്യു തോമസ്, എ കെ ചന്ദ്രന്‍, വി ചാമുണ്ണി, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരും സംബന്ധിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി രാജു സ്വാഗതമാശംസിച്ചു.
Advertisement
Advertisement