കുസാറ്റിൽ വിദ്യാർത്ഥിനികൾക്ക് നേരെ സമൂഹ വിരുദ്ധരുടെ നഗ്നത പ്രദർശനം : സുരക്ഷ വീഴ്ചയ്ക്കെതിരെ ഗവേഷക വിദ്യാർത്ഥികൾ പരാതി നൽകി

 
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സുരക്ഷാവീഴ്ച്ചക്കെതിരെ ഗവേഷക വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി അധികാരികൾക്ക് പരാതി നൽകി. ഓൾ കേരള റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ കുസാറ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗവേഷകർ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിവേദനം നൽകിയത്.
 
സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയെ ക്യാമ്പസിനകത്ത് വെച്ച് അപരിചിതനായ ഒരാൾ ലൈംഗികമായി അപമാനിക്കുവാൻ ശ്രമിച്ചിരുന്നു. ജൂലൈ 21ന് വൈകീട്ട് മൂന്നേ നാൽപ്പതിനോടടുപ്പിച്ചാണ് യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ സമീപത്തുള്ള റോഡിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.
 
നഗ്നതാ പ്രദർശനം നടത്തിയയാളെ വിദ്യാർത്ഥിനിയും ആ സമയത്ത് അതുവഴി വന്ന നാല് വിദ്യാർത്ഥികളും ചേർന്ന് യൂണിവേഴ്‌സിറ്റി സെൻട്രൽ ലൈബ്രറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നിൽ ഹാജരാക്കിയിട്ടും പ്രശ്‌നത്തെ നിസാരവത്കരിച്ച് അക്രമിയെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന നിലപാടായിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ സ്വീകരിച്ചത്. 
 
സംഭവസ്ഥലത്തുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ലൈബ്രറി ജീവനക്കാർ ഇതെല്ലാം കണ്ടിട്ടും ലൈബ്രറി അടക്കാനുള്ള സമയമായെന്ന് പറഞ്ഞ് വിഷയത്തിൽ ഇടപെടാൻ തയ്യാറാവാതെ മാറി നിന്നതും വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.
 
ഇതിന് മുമ്പ് പല പെൺകുട്ടികൾക്ക് നേരെയും ഇയാൾ ഇതേ മാതൃകയിൽ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ടെങ്കിലും അപമാനഭയം മൂലം ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.
 
സർവകലാശാല ക്യാമ്പസിന് ചുറ്റുമതിൽ ഇല്ലാത്തത് മൂലം വഴിപോക്കരും സാമൂഹ്യദ്രോഹികളും ഡിപ്പാർട്ട്‌മെന്റിനകത്തേക്ക് പോലും നിർബാധം കയറിയിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജൂലൈ 16ന് രാത്രി പത്ത് മണിയോടടുപ്പിച്ച് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഒരാൾ മതിൽ ചാടിക്കടന്ന് കയറിയതും വിദ്യാർത്ഥിനികളെ ഏറെ പരിഭ്രാന്തരാക്കിയിരുന്നു.
 
സ്ത്രീ സുരക്ഷ മുൻ നിർത്തി സർവകലാശാല ക്യാമ്പസിന് വേണ്ടത്ര ഉയരത്തിൽ ചുറ്റുമതിൽ നിർമ്മിക്കണമെന്നും മുഴുവൻ സമയ സെക്യൂരിറ്റിക്കാരെ നിയമിച്ചും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചും രാത്രി പട്രോളിംഗ് ഏർപ്പെടുത്തിയും ക്യാംപസിലെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കണമെന്നും ഗവേഷക വിദ്യാർത്ഥികൾ അധികാരികളോട് ആവശ്യപ്പെട്ടു.
Advertisement
Advertisement